| Monday, 21st July 2025, 8:53 am

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്താകമാനം ഇന്ന് (21 /7 /2025 ) പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഇടത്തരം മഴക്കാണ് സാധ്യത.

ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ കേരളതീരത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തരുതെന്നും നിർദേശം നൽകി.

തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ, തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ കരക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത
അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Content Highlight: Widespread rain likely in the state; Yellow alert in nine districts

We use cookies to give you the best possible experience. Learn more