തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കനക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് വിലക്കെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും ഇതുവരെ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Content Highlight: Widespread rain in the state; Orange alert in five districts today