ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണനയങ്ങളില്‍ പ്രതിഷേധിച്ചും രാജി ആവശ്യപ്പെട്ടും തെരുവിലിറങ്ങി ജനങ്ങള്‍. ഇസ്രഈലിന്റെ വിവിധ നഗരങ്ങളില്‍ ആയിരങ്ങളാണ് ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തിയത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ടെല്‍ അവീവ്, ജറൂസലം, ഹൈഫ, കര്‍കൂര്‍, അഫൂല, റോഷ് പിന, നഹാരിയ, ബീര്‍ഷെബ എന്നിവിടങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെറുസലേമില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധിച്ചവരുടെ മൈക്കുകളും മറ്റ് ശബ്ദോപകരണങ്ങളും ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊലീസ് പിടിച്ചെടുത്തു. ടെല്‍ അവീവിലെ ഹബീമ സ്‌ക്വയറില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെടുകയും അമ്മയും സഹോദരനും ഗസയില്‍ തടവിലാക്കപ്പെടുകയും ചെയ്ത കാര്‍മിത് പാല്‍റ്റി കാറ്റ്‌സിര്‍ തെല്‍ അവീവിലെ റാലിയില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
നെതന്യാഹു തന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയാണ് ലക്ഷ്യബോധമില്ലാതെ യുദ്ധം തുടരുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒക്ടോബര്‍ 7-ന് ശേഷം ആയിരത്തിലധികം ഇസ്രഈലികള്‍ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിന് ആളുകള്‍ ശാരീരികമായും മാനിസകമായും തകര്‍ന്നതായും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയരുന്ന ‘ദേശീയ ഐക്യം’ എന്ന വാദം ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയ സംവാദങ്ങളെ ദുര്‍ബലപ്പെടുത്താനുമാണ് ഉപയോഗിക്കുന്നതെന്ന് ഇസ്രഈല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്‍ ഡെപ്യൂട്ടി തലവന്‍ ഈറ്റാന്‍ എറ്റ്‌സിയണ്‍ മുന്നറിയിപ്പ് നല്‍കി. ഹൈഫയില്‍ നടന്ന മാര്‍ച്ചിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും ഇസ്‌ലമാബാദ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഇസ്രഈലില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നത്.
നിലവിലെ സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ സുരക്ഷാ തകര്‍ച്ചയിലേക്കും സൈനിക തന്ത്രങ്ങളിലുള്ള ജനങ്ങളുടെ അതൃപ്തിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
അന്താരാഷ്ട്ര തലത്തില്‍ നയതന്ത്രപരമായ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും, സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിനായി പ്രധാനമന്ത്രി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നു എന്ന ആക്ഷേപം ഇസ്രഈലില്‍ വലിയ തോതിലുള്ള ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിക്കും ജനരോഷത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.
Content highlight: Widespread protests in Israel demanding Netanyahu’s resignation