| Friday, 12th June 2026, 8:38 am

ചര്‍മ ചികിത്സ നടത്തുന്നത് ദന്ത ഡോക്ടര്‍! ഹൈദരാബാദില്‍ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ആദര്‍ശ് എം.കെ.

ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടാപൂരിലുള്ള മൂന്ന് പ്രമുഖ ചര്‍മ-കേശ സംരക്ഷണ ക്ലിനിക്കുകളില്‍ തെലങ്കാന മെഡിക്കല്‍ കൗണ്‍സില്‍ (ടി.ജി.എം.സി) നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി.

ജൂണ്‍ പത്തിന് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് യോഗ്യതയില്ലാത്ത വ്യക്തികള്‍ ചികിത്സ നടത്തുന്നതായും നിയമപരമായ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയത്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അനധികൃതവും അധാര്‍മികവുമായ മെഡിക്കല്‍ രീതികള്‍ തടയുന്നതിനും വേണ്ടിയാണ് കൗണ്‍സില്‍ ഈ കര്‍ശന നടപടി സ്വീകരിച്ചത്.

കൊണ്ടാപൂരിലെ നിയോസ്‌കിന്‍ ക്ലിനിക്ക് സ്ഥാപനത്തില്‍ യോഗ്യതയുള്ള ഡെര്‍മറ്റോളജിസ്റ്റ് (ചര്‍മ്മരോഗ വിദഗ്ദ്ധന്‍) ഇല്ലാതെയും ബന്ധപ്പെട്ട അധികാരികളുടെ യാതൊരുവിധ അനുമതികളുമില്ലാതെയുമാണ് ചികിത്സകള്‍ നടത്തിയിരുന്നത്.

ഓറ ഈസ്‌തെറ്റിക്‌സ് എന്ന ക്ലിനിക്കില്‍ ആവശ്യമായ മെഡിക്കല്‍ യോഗ്യതകളില്ലാതെ ദന്തഡോക്ടര്‍മാരും ഹോമിയോപ്പതി ഡോക്ടര്‍മാരുമാണ് പ്രത്യേക ചര്‍മ്മ-കേശ സംരക്ഷണ ചികിത്സകള്‍ നടത്തിവന്നിരുന്നത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ട്രായ ഹെയര്‍ ലോസ് സൊല്യൂഷന്‍സില്‍ ശരിയായ ക്ലിനിക്കല്‍ രജിസ്‌ട്രേഷനോ സ്ഥിരമായ ഡെര്‍മറ്റോളജിസ്റ്റോ ഇല്ലാതെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ വഴി ആളുകള്‍ക്ക് ചികിത്സ നല്‍കി വരികയായിരുന്നു.

കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന് സ്ഥാപനങ്ങള്‍ക്കുമെതിരെ 2019ലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് (എന്‍.എം.സി ആക്ട്) സെക്ഷന്‍ 34, 54 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തെലങ്കാന മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

കൂടാതെ, ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ മെഡിക്കല്‍ എത്തിക്‌സ് റെഗുലേഷന്‍സ് പ്രകാരം കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് ക്ലിനിക്കുകളും അടിയന്തരമായി സീല്‍ ചെയ്യാനും ഇവര്‍ക്കെതിരെ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഹൈദരാബാദ് ജില്ലാ കളക്ടര്‍ ശ്രീചന്ദന ദാസരി, ജില്ലാ മെഡിക്കല്‍ ആരോഗ്യ ഓഫീസര്‍ ഡോ. ജെ. വെങ്കട്ട് എന്നിവരോട് ടി.ജി,എം.സി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള വിദഗ്ദ്ധര്‍ മാത്രമേ ഇത്തരം സൗന്ദര്യവര്‍ധക ചികിത്സകള്‍ നല്‍കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നീക്കം.

Content Highlight: Widespread irregularities were found in raids at three leading skin and hair care clinics in Hyderabad.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more