കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും പ്രാര്‍ത്ഥന യോഗങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത്തരം മുപ്പത്തഞ്ചോളം ആക്രമണങ്ങളും പ്രാര്‍ത്ഥനാ തടസപ്പെടുത്തലുകളും നടന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമായും ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സഭകളെയും സ്വതന്ത്ര പ്രാര്‍ത്ഥനാ കൂട്ടായ്മകളെയും (ഹൗസ് ചര്‍ച്ചുകള്‍) ലക്ഷ്യമിട്ടാണ് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ സംഘടിച്ചെത്തുന്നവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പള്ളികളും വീടുകളും കയറി ആക്രമിക്കുന്നതും.
പൂര്‍വ്വ മേദിനിപൂര്‍, പശ്ചിമ മേദിനിപൂര്‍, ഹൗറ, ബങ്കുറ, സൗത്ത് 24 പര്‍ഗാനാസ് തുടങ്ങിയ വിവിധ ജില്ലകളില്‍ അടുത്തിടെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറി. സെപ്റ്റംബര്‍ 20ന് ഡെഖാലി ജല്‍പായ് ഗ്രാമത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെ 50-ഓളം വരുന്ന സംഘം അതിക്രമിച്ചു കയറി പ്രാര്‍ത്ഥന തടഞ്ഞു. ശുശ്രൂഷകരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്യുകയും പള്ളിയുടെ ചുമരുകളില്‍ ‘റാം’ എന്ന് എഴുതിവെച്ച് പള്ളി പൂട്ടിയിടുകയും ചെയ്തു.
സെപ്റ്റംബര്‍ 16ന് വീടുകളില്‍ പ്രാര്‍ത്ഥന നടത്തുന്ന കുടുംബങ്ങളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാന്‍ ശ്രമിച്ചതായും, ക്രിസ്തുമതം ഉപേക്ഷിച്ച് മടങ്ങാന്‍ സമ്മര്‍ദം ചെലുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 10ന് കുല്‍പ്പി, സൗത്ത് 24 പര്‍ഗാനാസില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തുകയും വിശുദ്ധ ഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ ചിത്രീകരിച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരെ തന്നെ പലപ്പോഴും പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിച്ചുവരുത്തുന്ന സാഹചര്യമുണ്ടെന്നും, മേഖലയില്‍ വലിയ ഭയവും ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്നും സഭാ നേതാവ് ഹെറോഡ് മല്ലിക് വ്യക്തമാക്കി. സംഭവങ്ങളില്‍ പലതിലും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണങ്ങള്‍ സഭാ നേതൃത്വം ശക്തമായി നിഷേധിച്ചു. ഭയപ്പെടുത്തിയോ സ്വാധീനിച്ചോ ആളുകളെ മതം മാറ്റുന്നതിനോട് സഭയ്ക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്നും, വ്യക്തിപരമായ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നവരെയാണ് ആക്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ രണ്ടര മുതല്‍ മൂന്ന് മാസത്തിനിടയില്‍, സമാനമായ രീതിയില്‍ വിവിധ ജില്ലകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്,’ മല്ലിക് പറഞ്ഞു. ‘പക്ഷപാതമില്ലാത്ത അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. നിരവധി ആളുകളെ മര്‍ദ്ദിക്കുന്നു, കുരിശുകള്‍ തകര്‍ക്കപ്പെടുന്നു, ദിവസേന ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കുന്നു. മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഞങ്ങളെല്ലാം ഭയത്തിലും ആശങ്കയിലുമാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight:Widespread attacks against Christians in Bengal following BJP’s rise to power: 35 incidents reported.