ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് വിയാന്‍ മുള്‍ഡര്‍ എന്ന സൗത്ത് ആഫ്രിക്കന്‍ നായകന്റെ പേരായിരുന്നു. പ്രോട്ടിയാസിന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ റണ്‍മല തീര്‍ത്താണ് മുള്‍ഡര്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തിയത്.
അതിവേഗം സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി ഷെവ്‌റോണ്‍സിനെ മുള്‍ഡര്‍ അക്ഷരാര്‍ത്ഥത്തില്‍ ‘മര്‍ഡര്‍’ ചെയ്യുകയായിരുന്നു.
ഇന്നിങ്‌സിലെ ഓരോ നാഴികക്കല്ല് താണ്ടുമ്പോഴും മുള്‍ഡര്‍ ചരിത്ര നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിച്ചുകൊണ്ടിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത് മാത്രം സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡ് നേട്ടത്തിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ഏറ്റവുമധികം റണ്‍സ് കണ്ടെത്തുന്ന സൗത്ത് ആഫ്രിക്കന്‍ താരം എന്ന നേട്ടവും മുള്‍ഡര്‍ സ്വന്തമാക്കി.
നേരിട്ട 214ാം പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്കായി ഏറ്റവും വേഗത്തില്‍ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് മുള്‍ഡര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 211 പന്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഹെര്‍ഷല്‍ ഗിബ്‌സാണ് ഈ റെക്കോഡില്‍ ഒന്നാമന്‍.
ട്രിപ്പിള്‍ സെഞ്ച്വറി നേടിയപ്പോഴും ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മുള്‍ഡര്‍ മറന്നില്ല. 297ാം പന്തില്‍ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രോട്ടിയാസ് നായകന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത് ട്രിപ്പിള്‍ സെഞ്ച്വറിയുടെ റെക്കോഡാണ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 278 പന്തില്‍ മുന്നൂറടിച്ച മുള്‍ട്ടാനിന്റെ സുല്‍ത്താന്‍ വിരേന്ദര്‍ സേവാഗാണ് ഒന്നാം സ്ഥാനത്തുള്ളത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ബ്രയാന്‍ ലാറയുടെ റെക്കോഡ് ഏത് നിമിഷവും തകര്‍ന്നുവീഴാം എന്ന നിലയിലായിരുന്നു മുള്‍ഡറിന്റെ ബാറ്റിങ്. ഷെവ്‌റോണ്‍സ് ബൗളര്‍മാര്‍ പഠിച്ച പണി പതിനെട്ടും ഒടുവില്‍ പൂഴിക്കടകനടക്കം പയറ്റിയിട്ടും പ്രോട്ടിയാസ് നായകനെ പുറത്താക്കാന്‍ അവരെക്കൊണ്ട് സാധിച്ചില്ല.
ഒടുവില്‍ ടീം സ്‌കോര്‍ 626ല്‍ നില്‍ക്കവെ സൗത്ത് ആഫ്രിക്ക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 334 പന്തില്‍ 367 റണ്‍സ് നേടി നില്‍ക്കവെയാണ് ക്യാപ്റ്റന്‍ കൂടിയായ മുള്‍ഡര്‍ ഈ തീരുമാനം കൈക്കൊണ്ടത്. 20 പന്തെങ്കിലും നേരിട്ട ശേഷമാണ് മുള്‍ഡര്‍ ഈ തീരുമാനമെടുത്തതെങ്കില്‍ ഉറപ്പിച്ചുപറയാം, ചരിത്രത്തിലെ രണ്ടാം ക്വാഡ്രാപ്പിള്‍ സെഞ്ച്വറി പിറവിയെടുത്തേനെ, ഒപ്പം ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും!
ഇപ്പോള്‍ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ് വിയാന്‍ മുള്‍ഡര്‍. ബ്രയാന്‍ ലാറ (400*), മാത്യു ഹെയ്ഡന്‍ (380), ബ്രയാന്‍ ലാറ (375), മഹേല ജയവര്‍ധനെ (374) എന്നിവരാണ് മുള്‍ഡറിന് മുമ്പിലുള്ളത്.
തന്റെ 21ാമത് ടെസ്റ്റ് മത്സരത്തിലാണ് മുള്‍ഡര്‍ സൗത്ത് ആഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കളിച്ച 33 ഇന്നിങ്‌സില്‍ നിന്നും 26.20 ശരാശരിയില്‍ 786 റണ്‍സാണ് മുള്‍ഡറിന്റെ പേരിലുണ്ടായിരുന്നത്.
എന്നാല്‍ ക്യാപ്റ്റന്‍സിയുടെ അധിക ചുമതലേയറ്റെടുത്തതോടെ മുള്‍ഡര്‍ ആകെയങ്ങ് ചാര്‍ജാവുകയായിരുന്നു. സിംബാബ്‌വേ കുഞ്ഞന്‍ ടീമാണെന്ന് ആക്ഷേപിക്കുന്നവര്‍, ഇവര്‍ക്ക് മുമ്പില്‍ റണ്‍സ് നേടാനാകാതെ കാലിടറിയ സൂപ്പര്‍ താരങ്ങളെ കുറിച്ചും ഓര്‍ക്കണം.
2019ലാണ് വിയാന്‍ മുള്‍ഡര്‍ സൗത്ത് ആഫ്രിക്കയ്ക്കായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറുന്നത്. ഈസ്‌റ്റേണ്‍ കേപ്പിലെ പോര്‍ട്ട് ഓഫ് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. മത്സരത്തില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെടുകയും ചെയ്തു.
ശേഷം 2024 ഒക്ടോബര്‍ വരെ വിയാന്‍ മുള്‍ഡറിന്റെ പേരില്‍ കാര്യമായ ഒരു നേട്ടങ്ങളും പിറവിയെടുത്തിരുന്നില്ല. ആ വര്‍ഷത്തെ സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തില്‍, തന്റെ 16ാം ടെസ്റ്റില്‍ മുള്‍ഡര്‍ ആദ്യ സെഞ്ച്വറി നേടി. ചാറ്റോഗ്രാമില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 105 റണ്‍സാണ് താരം നേടിയത്. ആ മത്സരത്തില്‍ ടോണി ഡി സോര്‍സിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും തകര്‍പ്പന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ മുള്‍ഡറിന്റെ സെഞ്ച്വറിക്ക് കാര്യമായ ശ്രദ്ധ ലഭിച്ചില്ല എന്നതും സത്യമാണ്.
ശേഷം, ഇപ്പോള്‍ നടക്കുന്ന സിംബാബ്‌വേ പര്യടനത്തിലെ ആദ്യ ഇന്നിങ്‌സിലാണ് മുള്‍ഡര്‍ അടുത്ത സെഞ്ച്വറി നേടുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്വാഡ്രാപ്പിള്‍ സെഞ്ച്വറിക്ക് 23 റണ്‍സകലെ താരം ഇന്നിങ്‌സ് സ്വയം അവസാനിപ്പിക്കുകയും ചെയ്തു.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലും താരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയാണ്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ലയണ്‍സിനും കൗണ്ടി ടീമായ ലെസ്റ്റര്‍ഷെയറിനും വേണ്ടിയാണ് മുള്‍ഡര്‍ കളത്തിലിറങ്ങിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച മുള്‍ഡര്‍ സൗത്ത് ആഫ്രിക്കയെ ടെസ്റ്റിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നയിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Wiaan Mulder’s destructive innings against Zimbabwe