സിംബാബ്വെക്കെതിരെയുള്ള അവസാന ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി സൗത്ത് ആഫ്രിക്ക. ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ ട്രിപ്പിള്‍ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറില്‍ എത്തിയത്.
വിയാന്‍ മുള്‍ഡര്‍ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ മൂന്നക്കം കടന്ന് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. 334 പന്തില്‍ പുറത്താകാതെ 367 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഇന്നിങ്സ് 49 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു. 109. 88 സ്‌ട്രൈക്ക് റേറ്റിലാണ് മുള്‍ഡര്‍ ബാറ്റേന്തിയത്.
സിംബാബ്വെക്കെതിരെ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും മുള്‍ഡര്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം സൗത്ത് ആഫ്രിക്കന്‍ ബാറ്ററാകാനാണ് പ്രോട്ടിയസ് നായകന് സാധിച്ചത്. ഹാഷിം അംല മാത്രമാണ് ഇതുവരെ റെഡ് ബോളില്‍ സൗത്ത് ആഫ്രിക്കക്കായി ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്.
കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തം പേരില്‍ എഴുതാനും മുള്‍ഡര്‍ക്കായി. 22 വര്‍ഷങ്ങളുടെ റെക്കോഡ് തിരുത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിഹാസ നായകന്‍ ഗ്രെയാം സ്മിത്തിനെ മറികടന്നാണ് ഈ താരം ഒന്നാമനായത്.
(സ്‌കോര്‍ – താരം – എതിരാളി – വേദി – വര്‍ഷം )
367* – വിയാന്‍ മുള്‍ഡര്‍ – സിംബാബ്വെ – ബുലവായോ – 2025
277 – ഗ്രെയാം സ്മിത്ത് – ഇംഗ്ലണ്ട് – ബെര്‍മിങ്ഹാം – 2003
259 – ഗ്രെയാം സ്മിത്ത് – ഇംഗ്ലണ്ട് – ലോര്‍ഡ്സ് – 2023
മത്സരത്തില്‍ മുള്‍ഡര്‍ക്ക് പുറമെ, ഡേവിഡ് ബെഡ്ഡിങ്ഹാം, ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് എന്നിവരും മികച്ച പ്രകടനം നടത്തി. ബെഡ്ഡിങ്ഹാം 101 പന്തില്‍ 82 റണ്‍സ് എടുത്തപ്പോള്‍ പ്രിട്ടോറിയസ് 87 പന്തില്‍ 78 റണ്‍സ് നേടി.
നിലവില്‍ സിംബാബ്വെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എടുത്തിട്ടുണ്ട്.
Content Highlight: Wiaan Mulder registers highest individual score in Test of a South African Captain