| Sunday, 6th July 2025, 7:29 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെടുത്ത ബാവുമയ്ക്ക് പോലും സാധിക്കാത്തത്; 70 വര്‍ഷത്തില്‍ ഇതാദ്യം, ചരിത്രനേട്ടത്തില്‍ മുള്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ലക്ഷ്യമിട്ട് സന്ദര്‍ശകര്‍. ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 300 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്.

ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോര്‍ സ്വന്തമാക്കാനൊരുങ്ങുന്നത്. താരത്തിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് കൂടിയാണ് ബുലവായോ സാക്ഷ്യം വഹിച്ചത്.

സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും മുള്‍ഡര്‍ സ്വന്തമാക്കി. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ സെഞ്ച്വറി നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ പട്ടികയിലാണ് മുള്‍ഡര്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരമാണ് മുള്‍ഡര്‍.

ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഹെര്‍ബി ടെയ്‌ലര്‍ – ഇംഗ്ലണ്ട് – 109 – 1913

ജാക്കി മക്ഗ്ല്യൂ – ഇംഗ്ലണ്ട് – 104* – 1955

വിയാന്‍ മുള്‍ഡര്‍ – സിംബാബ്‌വേ – 172 (ഇതുവരെ) – 2025*

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ല. ടോണി ഡി സോര്‍സി 30 പന്തില്‍ പത്ത് റണ്‍സും ലെസേഗോ സെനോക്വാനെ 36 പന്തില്‍ മൂന്ന് റണ്‍സിനും പുറത്തായി. സോര്‍സിയെ തനാക ചിവാംഗയും സെനോക്വാനെയെ വെല്ലിങ്ടണ്‍ മസാക്ദസയുമാണ് പുറത്താക്കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ഡേവിഡ് ബെഡ്ഡിങ്ഹാം സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 208ല്‍ നില്‍ക്കവെ ബെഡ്ഡിങ്ഹാമും മടങ്ങി. 101 പന്ത് നേരിട്ട് 82 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നിലവില്‍ 65 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 305 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 187 പന്തില്‍ 172 റണ്‍സുമായി വിയാന്‍ മുള്‍ഡറും 36 പന്തില്‍ 31 റണ്‍സുമായി ലുവാന്‍ ഡ്രെ പ്രിട്ടോറിയസുമാണ് ക്രീസില്‍.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടോണി ഡി സോര്‍സി, ലെസേഗോ സെനോക്വാനെ, വിയാന്‍ മുള്‍ഡര്‍ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), എസ്. മുത്തുസ്വാമി, കോര്‍ബിന്‍ ബോഷ്, പി. സുബ്രായെന്‍, കോഡി യൂസഫ്.

സിംബാബ്‌വേ പ്ലെയിങ് ഇലവന്‍

ഡിയോണ്‍ മയേഴ്‌സ്, തകുഡ്‌സ്വാന്‍ഷെ കെയ്റ്റാനോ, നിക്ക് വെല്‍ച്ച്, ഷോണ്‍ വില്യംസ്, ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), വെസ്‌ലി മധേവെരേ, തഫാഡ്‌സ്വ സിഗ (വിക്കറ്റ് കീപ്പര്‍), വെല്ലിങ്ടണ്‍ മസാക്ദസ, കുണ്ഡായ് മതിഗിമു, ബ്ലെസിങ് മുസാബരാനി, തനക ചിവാംഗ.

Content Highlight: Wiaan Mulder becomes 3rd South African captain to score a century in test on captaincy debut

We use cookies to give you the best possible experience. Learn more