| Monday, 7th July 2025, 10:48 pm

എന്തുകൊണ്ട് ബ്രയാന്‍ ലാറയുടെ റെക്കോഡ് തകര്‍ത്തില്ല? മറുപടിയുമായി മുള്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് വിയാന്‍ മുള്‍ഡര്‍ എന്ന സൗത്ത് ആഫ്രിക്കന്‍ നായകന്റെ പേരായിരുന്നു. പ്രോട്ടിയാസിന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ റണ്‍മല തീര്‍ത്താണ് മുള്‍ഡര്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തിയത്.

334 പന്ത് നേരിട്ട് പുറത്താകാതെ 367 റണ്‍സാണ് താരം നേടിയത്. ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ 400 റണ്‍സിന്റെ ചരിത്ര റെക്കോഡ് തകര്‍ക്കാന്‍ അവസരമുണ്ടായിട്ടും ക്യാപ്റ്റന്‍ കൂടിയായ മുള്‍ഡര്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടായിക്കിയിരുന്നു.

23 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ടെസ്റ്റില്‍ 400 റണ്‍സടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമാകാനും മറ്റൊരു റണ്‍ കൂടി നേടിയാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന താരമാകാനും മുള്‍ഡറിന് സാധിക്കുമായിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ട് 400 റണ്‍സ് നേടാന്‍ ശ്രമിച്ചില്ല എന്ന് വ്യക്തമാക്കുകയാണ് വിയാന്‍ മുള്‍ഡര്‍. ബ്രയാന്‍ ലാറ ആ റെക്കോഡ് നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് എന്നാണ് മുള്‍ഡര്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ബ്രയാന്‍ ലാറ ഇതിഹാസമാണ്. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം 400 റണ്‍സടിച്ചത്, ആ റെക്കോഡ് സ്വന്തമാക്കുക എന്നത് ഏറെ സ്‌പെഷ്യലാണ്. ഞാന്‍ ഷക്രി കോണാര്‍ഡിനോട് സംസാരിച്ചിരുന്നു. ഇതിഹാസങ്ങള്‍ റെക്കോഡ് നിലനിര്‍ത്തട്ടെ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇപ്പോള്‍ ആ റെക്കോഡ് എങ്ങനെയാണ്, ലാറ അങ്ങനെ തന്നെ ആ നേട്ടം സ്വന്തമാക്കട്ടെ,’ മുള്‍ഡര്‍ പറഞ്ഞു.

ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചില്ലെങ്കിലും നിരവധി റെക്കോഡുകള്‍ മുള്‍ഡര്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും മികച്ച വ്യക്തഗത സ്‌കോറിന്റെ നേട്ടം ഹാഷിം അംലയെ മറികടന്ന് പ്രോട്ടിയാസ് നായകന്‍ സ്വന്തമാക്കി.

‘ഹാഷിന്റെ (ഹാഷിം അംല) സ്‌കോര്‍ മറികടന്നപ്പോള്‍ ഞാന്‍ ആ കാര്യം ചിന്തിച്ചിരുന്നില്ല. എന്നാല്‍ അത് ഏറെ സ്‌പെഷ്യലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

മുള്‍ഡറിന്റെ ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയോളം പോന്ന ട്രിപ്പിള്‍ സെഞ്ച്വറി കരുത്തില്‍ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 626 റണ്‍സ് സ്വന്തമാക്കി. ഡേവിഡ് ബെഡ്ഡിങ്ഹാം (82), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് (78) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ രണ്ടാം ദിവസം തന്നെ ഓള്‍ ഔട്ടായി. 170 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് സിംബാബ്‌വേക്ക് നേടാന്‍ സാധിച്ചത്. പുറത്താകാതെ 83 റണ്‍സ് നേടിയ ഷോണ്‍ വില്യംസാണ് ടോപ് സ്‌കോറര്‍.

സൗത്ത് ആഫ്രിക്കയ്ക്കായി പി. സുബ്രായന്‍ നാല് വിക്കറ്റുമായി തിളങ്ങി. കോഡി യൂസഫും വിയാന്‍ മുള്‍ഡറും രണ്ട് വിക്കറ്റ് വീതവും കോര്‍ബിന്‍ ബോഷ്, എസ്. മുത്തുസ്വാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഫോളോ ഓണിനിറങ്ങിയ ആതിഥേയര്‍ രണ്ടാം ദീവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ട്ത്തില്‍ 51 എന്ന നിലയിലാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.

Content Highlight: Wiaan Mulder about declaring innings without shattering Brian Lara’s record

We use cookies to give you the best possible experience. Learn more