| Monday, 9th June 2025, 10:52 am

നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ആദില്‍ റഷീദ്; വിന്‍ഡീസ് കരുത്ത് കാണിച്ചെങ്കിലും വിജയിച്ചത് ഇംഗ്ലണ്ട്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തിലും വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര 2-0ന് വിജയിക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. സീറ്റ് യുനീക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിന്‍ഡീസിനെതിരെ അവസാന ഓവറിനെത്തിയ ആദില്‍ റഷീദിനെ തലങ്ങും വിലങ്ങും അടിച്ചു പറത്തി മിന്നും പ്രകടനമാണ് റൊമാരിയോ ഷെപ്പേഡും ജെയ്‌സണ്‍ ഹോള്‍ഡറും കാഴ്ചവെച്ചത്. 31 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അവസാന ഓവറില്‍ അടിച്ചെടുത്തത്.

അഞ്ച് സിക്‌സും ഒരു സിംഗിളും വഴങ്ങിയാണ് റഷീദ് മടങ്ങിയത്. ഒരു സിക്‌സും കൂടെ വഴങ്ങിയിരുന്നെങ്കില്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മോശം റെക്കോഡില്‍ പങ്കാളിയാകാന്‍ റഷീദിനും സാധിക്കുമായിരുന്നു. മുമ്പ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ യുവരാജ് സിങ് ബ്രോഡിനെ ആറ് സിക്‌സര്‍ പറത്തി റെക്കോഡിട്ടിരുന്നു. ആറ് സിക്‌സര്‍ വഴങ്ങുന്ന മോശം റെക്കോഡ് ലിസ്റ്റില്‍ തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടത്. നാല് ഓവര്‍ എറിഞ്ഞ് 59 റണ്‍സാണ് റഷീദ് വാങ്ങിക്കൂട്ടിയത്. 14.75 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

ഒമ്പത് പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 29* റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. റൊമാരിയോ രണ്ട് സിക്‌സ് ഉള്‍പ്പെടെ 11 പന്തില്‍ 19 റണ്‍സും നേടി. ബാറ്റിങ്ങില്‍ വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ ഷായി ഹോപ് 38 പന്തില്‍ നിന്ന് 49 റണ്‍സും ജോണ്‍സന്‍ ഷാര്‍ലസ് 39 പന്തില്‍ നിന്ന് 47 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ലൂക്ക് വുഡ് 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജേക്കബ് ബെഥേല്‍, ബ്രൈഡന്‍ കാഴ്‌സി, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും ലഭിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ജോസ് ബട്‌ലറാണ്. 36 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ നാല് ഫോറും ഉള്‍പ്പെടെ 47 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയപ്പോള്‍ ബെന്‍ ഡക്കറ്റ് 18 പന്തില്‍ 30 റണ്‍സും നേടി മികവ് പുലര്‍ത്തി. അവസാന ഘട്ടത്തില്‍ ടോം ബാന്റണ്‍ 11 പന്തില്‍ 30 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ അല്‍സാരി ജോസഫ് 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹോള്‍ഡര്‍, റാസ്റ്റണ്‍ ചേസ്, റൊമാരിയോ, ആകേല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: WI VS ENG: Adil Rashid escapes From Unwanted Record Achievement Against West Indies
We use cookies to give you the best possible experience. Learn more