ഓസ്ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന മത്സരത്തില്‍ കഴിഞ്ഞ ദിവസം ആതിഥേയര്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സബീന പാര്‍ക്കില്‍ നടന്ന മൂന്നാം മത്സരത്തില്‍ 176 റണ്‍സിന്റെ തോല്‍വിയാണ് വെസ്റ്റ് ഇന്‍ഡീസ് വഴങ്ങിയത്. മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഓസീസ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആറ് വിക്കറ്റിന്റെ കരുത്തിലാണ് കങ്കാരുപ്പട വിജയം നേടിയെടുത്തിരുന്നത്.
ഓസീസ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് അമ്പേ തകര്‍ന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആതിഥേയര്‍ 27 റണ്‍സിന് പുറത്താവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമാണ് രണ്ടക്കം കടന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പേരാണ് ഡക്കായി തിരിച്ച് നടന്നത്. ജോണ്‍ കാംപ്ബെല്‍, കെവ്ലോണ്‍ ആന്‍ഡേഴ്സണ്‍, ബ്രാന്‍ഡന്‍ കിങ്, റോസ്റ്റണ്‍ ചെയ്സ്, ഷമര്‍ ജോസഫ്, ജോമല്‍ വാരികന്‍, ജെയ്ഡന്‍ സീല്‍സ് എന്നിവരാണ് റണ്‍സൊന്നും നേടാനാകാതെ മടങ്ങിയത്.
ഇതോടെ വിന്‍ഡീസ് ഒരു മോശം റെക്കോഡിന്റെ തലപ്പത്ത് എത്തുകയും ചെയ്തു. ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡക്കാവുന്ന ടീം എന്ന മോശം നേട്ടമാണ് ആതിഥേയര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 2002ല്‍ വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശിന് ചാര്‍ത്തി കൊടുത്ത റെക്കോഡാണിപ്പോള്‍ തങ്ങളുടെ പേരിലാക്കിയത്.
(ഡക്ക് – ടീം – എതിരാളി – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
7 – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 27 – 2025
6 – ബംഗ്ലാദേശ് – വെസ്റ്റ് ഇന്‍ഡീസ് – 87 – 2002
6 – ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 90 – 2018
6 – ബംഗ്ലാദേശ് – വെസ്റ്റ് ഇന്‍ഡീസ് – 103 – 2022
6 – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 105 – 1996
അതേസമയം, മത്സരത്തില്‍ ഓസീസിനായി ബൗളിങ്ങില്‍ സ്റ്റാര്‍ക്കും ബാറ്റിങ്ങില്‍ കാമറൂണ്‍ ഗ്രീനും സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം കാഴ്ച വെച്ചു. വിന്‍ഡീസിനായി ബൗളിങ്ങില്‍ സമര്‍ ജോസഫും അല്‍സാരി ജോസഫും മികച്ച പ്രകടനം നടത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കായി ജോണ്‍ കാംപ്ബെലും ഷായി ഹോപ്പും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആര്‍ക്കും ടീമിനായി ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.
Content Highlight: Wi vs Aus: West Indies registered most ducks in an innings in Test