| Tuesday, 15th July 2025, 5:29 pm

കപ്പടിച്ച ചെല്‍സിക്ക് യോഗ്യതയില്ല, പക്ഷേ തോറ്റ പി.എസ്.ജി അടുത്ത ക്ലബ്ബ് ലോകകപ്പിന്; സംഭവമിങ്ങനെ

ആദര്‍ശ് എം.കെ.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്‌നെ പരാജയപ്പെടുത്തി ഇംഗ്ലീഷ് ടൈറ്റന്‍സായ ചെല്‍സി കിരീടമണിഞ്ഞിരുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്.

പെന്‍ഷനേഴ്‌സിനായി കോള്‍ പാല്‍മര്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ജാവോ പെഡ്രോയാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.

പരിശീലകനായി ചുമതലയേറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ചെല്‍സിക്ക് യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടവും യു.സി.എല്‍ ക്വാളിഫിക്കേഷനും നേടിക്കൊടുത്ത എന്‍സോ മറെസ്‌ക എന്ന മജീഷ്യന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ക്ലബ്ബ് വേള്‍ഡ് കപ്പ് മാറി.

എന്നാല്‍ അടുത്ത നാല് വര്‍ഷക്കാലം ക്ലബ്ബ് വേള്‍ഡ് കപ്പ് ചാമ്പ്യന്‍മാര്‍ എന്ന ബാഡ്ജ് അഭിമാനപൂര്‍വം നെഞ്ചിലണിയുന്ന ചെല്‍സിക്ക് 2029 ക്ലബ്ബ് വേള്‍ഡ് കപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ട പി.എസ്.ജി ഇതിനോടകം തന്നെ 2029 ക്ലബ്ബ് ലോകകപ്പിന് ടിക്കറ്റെടുത്തിട്ടുമുണ്ട്!

എന്തുകൊണ്ട് ചെല്‍സിക്ക് നേരിട്ട് യോഗ്യതയില്ല?

കിരീടം നേടിയ ടീമിന് യോഗ്യതയില്ലാതിരിക്കുകയും എന്നാല്‍ പരാജയപ്പെട്ട ടീം നേരിട്ട യോഗ്യത നേടുകയും ചെയ്തതില്‍ ചില ആരാധകരും കണ്‍ഫ്യൂഷനിലാണ്. പി.എസ്.ജിക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തിന്, ചെല്‍സിയേക്കാള്‍ വലിയ ‘കൊമ്പ്’ പി.എസ്.ജിക്കുണ്ട് എന്നത് തന്നെയാണ് നേരിട്ടുള്ള ഈ യോഗ്യതയ്ക്ക് കാരണവും. ആ കൊമ്പാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം!

യു.സി.എല്‍ കിരീടവുമായി പി.എസ്.ജി

2025ലേതെന്ന പോലെ വിവിധ കോണ്‍ഫെഡറേഷനുകളില്‍ നിന്നുമായി 32 ടീമുകളാണ് 2029 ക്ലബ്ബ് വേള്‍ഡ് കപ്പിനും കളത്തിലിറങ്ങുക. 31 ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചും ഒരു ടീം ആതിഥേയരെന്ന ലേബലിലും ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമാകും. ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയാണ് ആതിഥേയരായിക്കൊണ്ട് ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമായത്.

ഏതൊക്കെയാണ് കോണ്‍ഫെഡറേഷനുകള്‍? ഓരോ കോണ്‍ഫെഡറേഷനില്‍ നിന്നും എത്ര ടീം?

ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫ (UEFA)യില്‍ നിന്നുമാണ് ഏറ്റവുമധികം ടീം ക്ലബ്ബ് ലോകകപ്പിനെത്തുക. 12 ടീം. കോണ്‍മെബോളില്‍ (CONMEBOL) നിന്നുമാണ് രണ്ടാമതായി ഏറ്റവുമധികം ടീമുകളെത്തുന്നത്. ആറ് ടീമുകളാണ് ലാറ്റിനമേരിക്കയെ പ്രതിനിധാനം ചെയ്ത ക്ലബ്ബ് ലോകകപ്പിനെത്തുന്നത്.

കോണ്‍കകാഫ് (CONCACAF), കാഫ് (CAF), എ.എഫ്.സി (AFC) എന്നീ കോണ്‍ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് നാല് വീതം ടീമുകളും ഒ.ഫ്.സി (OFC)യുടെ കരുത്തറിയിക്കാന്‍ ഒരു ടീമും ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമാകും.

നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ചെല്‍സിക്ക് ഒരിക്കലും അടുത്ത ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമാകാന്‍ സാധിക്കില്ല. യുവേഫയില്‍ നിന്നും യോഗ്യത നേടുന്ന 12 ടീമുകളിലൊന്നായി വേണം പെന്‍ഷനേഴ്‌സ് ക്ലബ്ബ് ലോകകപ്പിന്റെ അടുത്ത എഡിഷന്റെ ഭാഗമാകേണ്ടത്.

എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിനാല്‍ പി.എസ്.ജി ഇതിനോടകം 2029 ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമാണ്.

പി.എസ്.ജി മാത്രമാണോ ഇതിനോടകം യോഗ്യത നേടിയ ടീം?

പി.എസ്.ജി മാത്രമല്ല, മറ്റ് മൂന്ന് കോണ്‍ഫെഡറേഷനുകളിലെ റെയ്‌നിങ് ചാമ്പ്യന്‍ ടീമുകളും അടുത്ത ക്ലബ്ബ് ലോകകപ്പിനെത്തും.

എ.എഫ്.സിയില്‍ നിന്നും സൗദി സൂപ്പര്‍ ടീം അല്‍-ആഹ്‌ലിയാണ് ഇതിനോടകം തന്നെ യോഗ്യത നേടിയത്. ആഹ്‌ലിക്ക് പുറമെ അടുത്ത മൂന്ന് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകും 2029 ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്നും ക്ലബ്ബ് ലോകകപ്പിനെത്തുക.

ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനായ കാഫില്‍ നിന്നും ഈജിപ്ഷ്യന്‍ ടീം പിരമിഡ്‌സാണ് നിലവില്‍ യോഗ്യതയുറപ്പിച്ച ടീം. അടുത്ത മൂന്ന് സീസണിലെയും ജേതാക്കളാകും കാഫിന്റെ കരുത്തറിയിക്കാന്‍ 2029 ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമാവുക.

മെക്‌സിക്കന്‍ ടീമായ ക്രൂസ് അസൂലാണ് കോണ്‍കകാഫില്‍ നിന്നും 2029 ക്ലബ്ബ് ലോകകപ്പിന് യോഗ്യതയുറപ്പിച്ച ആദ്യ ടീം. ശേഷിച്ച മൂന്ന് ടീമുകളും മേല്‍പ്പറഞ്ഞ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ക്ലബ്ബ് വേള്‍ഡ് കപ്പിനെത്തും.

ഏറ്റവുമധികം ടീമുകള്‍ പ്രതിനിധീകരിക്കുന്ന യുവേഫയുടെ യോഗ്യത മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നും വ്യത്യസ്തമാണ്. 2024-25 മുതല്‍ 2027-28 വരെയുള്ള എല്ലാ യു.സി.എല്‍ ചാമ്പ്യന്‍മാര്‍ക്കൊപ്പം യുവേഫ 4 ഇയര്‍ റാങ്കിങ്ങിലെ ഏറ്റവും മികച്ച എട്ട് ടീമുകളാകും 2029 ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കുക.

കോണ്‍മെബോളില്‍ നിന്നും ആരുമില്ലേ?

രണ്ടാമത് ഏറ്റവുമധികം ടീമുകള്‍ ഭാഗമാകുന്ന കോണ്‍മെബോളില്‍ നിന്നും ഒരു ടീമും ഇതുവരെ ക്ലബ്ബ് ലോകകപ്പിന്റെ 2029 എഡിഷന് യോഗ്യതയുറപ്പിച്ചിട്ടല്ല. 2025, 2026, 2027, 2028 സീസണുകളിലെ കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്‍മാര്‍ക്കൊപ്പം കോണ്‍മെബോള്‍ 4 ഇയര്‍ റാങ്കിങ്ങിലെ ഏറ്റവും മികച്ച റാങ്കിലുള്ള രണ്ട് ടീമുകളാകും യോഗ്യത നേടുക.

അതേസമയം, ഒരേ ടീം തന്നെ ഒന്നിലധികം തവണ അതത് കോണ്‍ഫെഡറേഷനുകളുടെ ചാമ്പ്യന്‍മാരായാല്‍ റാങ്കിങ്ങിലൂടെ എലിജിബിലിറ്റി നേടുന്ന ടീമുകളുടെ എണ്ണം വര്‍ധിക്കും. ഇദാഹരണത്തിന് 2027-28 സീസണിനിടെ പി.എസ്.ജി ഒരിക്കല്‍ക്കൂടി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാല്‍ ഫോര്‍ ഇയര്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബ് ലോകകപ്പിനെത്തുന്ന ടീമുകളുടെ എണ്ണം ഒമ്പതായി ഉയരും. സമാനമാണ് കോണ്‍മെബോളിലെ സ്ഥിതിയും.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്?

2025 മുതല്‍ 2028 വരെയുള്ള ഓരോ ടീമുകളുടേയും അതത് കോണ്ടിനെന്റല്‍ ടൂര്‍ണമെന്റുകളിലെ പ്രകടനത്തിന്റെയും പോയിന്റുകളുടെയും അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്.

പോയിന്റുകള്‍:

ജയം : മൂന്ന് പോയിന്റ്

സമനില : ഒരു പോയിന്റ്

മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത : മൂന്ന് പോയിന്റ്

Content Highlight: Why won’t Chelsea qualify for the 2029 Club World Cup despite being the 2025 Club World Cup champions?

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more