| Thursday, 12th June 2025, 10:59 am

കേരള തീരത്തെ കപ്പലപകടങ്ങളില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ല? സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള തീരത്ത് തുടര്‍ച്ചയായി കപ്പലപകടം ഉണ്ടാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. അപകടത്തില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെ എം.എല്‍.സി കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കൃത്യമായ നടപടി സ്വീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്രിമിനല്‍, സിവില്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാമെന്നുമാണ് നിര്‍ദേശം.

കപ്പലപകടവുമായി ബന്ധപ്പെട്ട് ചെലവഴിച്ച പണത്തിന്റെ കണക്ക് അറിയിക്കണം, പരിസ്ഥിതിക്കുണ്ടായ നാശം പരിശോധിക്കണം, നഷ്ടം നികത്താന്‍ ഖജനാവിലെ പണം ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. നഷ്ടം നികത്താന്‍ കപ്പല്‍ കമ്പനികളില്‍ നിന്നാകണം പണം കണ്ടെത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിഷയം പരിശോധിക്കാന്‍ വേണമെങ്കിൽ അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ അപകടത്തിന് പിന്നാലെ സമാനമായ ഒരു അപകടം കൂടിയുണ്ടായല്ലോ എന്ന് ചോദിച്ച കോടതി, ഹരജിയില്‍ ഈ സംഭവം കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സമാനമായ അപകടങ്ങള്‍ ഇനിയും ഉണ്ടാകാനിടയുണ്ടെന്നും കോടതി പറഞ്ഞു. നടപടികളില്‍ കാലതാമസമുണ്ടാകരുതെന്നും നഷ്ടപരിഹാരം എങ്ങനെ ക്ലെയിം ചെയ്യാമെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

അതേസമയം അപകടത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ കൊച്ചിയിലെ അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇന്നലെ (ബുധന്‍) കൊച്ചി തീരത്തിനകലെ അപകടത്തില്‍പ്പെട്ട എം.എസ്.സി എല്‍സ ത്രീ കപ്പലിനെതിരെ കേസെടുത്തിരുന്നു. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിത 282, 285, 286, 287, 288 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റവും കപ്പലില്‍ അപകടരമായ വസ്തുക്കള്‍ ഉണ്ടായിട്ടും മനുഷ്യജീവന് ബാധിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്തുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൊച്ചിയിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഈ അപകടമുണ്ടാക്കിയ സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

ഇതിനുപിന്നാലെയാണ് ബേപ്പൂര്‍ തീരത്തിന് സമീപം വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പിന് തീപ്പിടിച്ചത്. അപകടത്തെ തുടര്‍ന്ന് കപ്പലിലെ നിരവധി കണ്ടെയ്നറുകള്‍ കപ്പലില്‍ പതിച്ചിരുന്നു. കപ്പല്‍ ഇതുവരെ പൂര്‍ണമായി മുങ്ങിയിട്ടില്ല. കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Content Highlight: Why was no action taken in the ship accidents in the Kerala coast? High Court asks the state government

We use cookies to give you the best possible experience. Learn more