| Friday, 30th January 2026, 4:25 pm

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്തുകൊണ്ട് രാഷ്ട്രീയ അനാഥത്വത്തിലാകുന്നു? ബി.ജെ.പിയ്ക്ക് എതിരെ കോൺഗ്രസ്

മുഹമ്മദ് നബീല്‍

ടിസ്‌പുർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്തുകൊണ്ട് രാഷ്ട്രീയ അനാഥത്വത്തിലാകുന്നു എന്ന ചോദ്യമുയർത്തി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇന്നത്തെ (ജനുവരി 30) അസം സന്ദർശനത്തിനിടെയാണ് കോൺഗ്രസ് നേതാവ് എക്‌സിൽ ചോദ്യങ്ങളുന്നയിച്ചത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നിരന്തരം അവഗണിക്കുന്ന പാർട്ടിയിൽനിന്നുമുള്ള സ്വാഗതാർഹമായ നടപടിയെന്ന് അമിത് ഷായുടെ സന്ദർശനത്തെ വിശേഷിപ്പിച്ച പവൻ ഖേര പത്തുചോദ്യങ്ങളാണ് ബി.ജെ.പിക്കെതിരെ ഉന്നയിച്ചത്.

കൊച്ച്-രാജ്ബോങ്ഷി, തായ് അഹോം, മൊറാൻ, മതക്, ചുടിയ, തേയില ഗോത്രങ്ങൾ,ആദിവാസികൾ തുടങ്ങിയ സമുദായങ്ങൾക്ക് 12 വർഷങ്ങൾക്കുശേഷവും പട്ടികവർഗ പദവി നൽകാത്തത് എന്തുകൊണ്ടാണ് എന്നതായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രധാന ചോദ്യം.

എന്തുകൊണ്ടാണ് അസമീസ് സ്വത്വം ഇല്ലാതാകുന്നത്, ലക്ഷക്കണക്കിന് തദ്ദേശീയ വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്നും ഖേര ചോദിച്ചു.

‘ഒരു പതിറ്റാണ്ടിന്റെ ഭരണത്തിന് ശേഷവും എന്തുകൊണ്ടാണ് അസം ആരോഗ്യ സംരക്ഷണത്തിൽ പിറകിൽ തുടരുന്നത്? അസം ജനതയുടെ ക്ഷേമത്തിൽ നിങ്ങൾക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ? അസമിലെ വെള്ളത്തിൽ വിഷം കലർന്നത് എന്തുകൊണ്ടാണ്? ശുദ്ധജലം ഉറപ്പാക്കുന്നതിൽ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിച്ചത്?’ ഖേര ചോദ്യം ഉന്നയിച്ചു.

‘ജതി, മതി, ഭേഡി (വംശം, ഭൂമി, മാതൃഭൂമി) എന്നീ മുദ്രവാക്യം ഉയർത്തി അധികാരത്തിലേറിയ നിങ്ങൾ വംശത്തെ ക്ഷയിപിച്ചു, ഭൂമി വിറ്റു, മാതൃഭൂമിയെ വഞ്ചിച്ചു. എന്തിനായിരുന്നു ഇതെല്ലാം?’ അദ്ദേഹം ചോദിച്ചു.

നിങ്ങളുടെ വിദേശ നയം ബംഗ്ലാദേശും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കി. അത് അസമിന് പുതിയ സുരക്ഷാ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

നിങ്ങൾ ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ അതുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു അദ്ദേഹം പ്രതികരിച്ചു.

Content Highlight: Why Northeast politically orphaned’: Congress asks BJP as Amit Shah visits Assam

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more