| Thursday, 20th August 2026, 11:56 am

രാമക്ഷേത്ര മോഷ്‍ടാക്കൾക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ട്?: അസം ഖാന്റെ ഇ.ഡി റെയ്ഡിനെതിരെ അഖിലേഷ് യാദവ്

കെ.എസ് ഷാബിന

ലഖ്‌നൗ: ജയിലിൽ കഴിയുന്ന പാർട്ടി നേതാവ് അസം ഖാനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച്‌ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പി സർക്കാരിലെ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട നിരവധിയായ അഴിമതി ആരോപണങ്ങളിലും ഏജൻസി റെയ്ഡ് നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് മോഷണം, കൊഡീൻ അടങ്ങിയ സിറപ്പുകളുടെ അനധികൃത ശേഖരണവും വിതരണവും, ഒപ്പം ആയിരക്കണക്കിന് കോടി രൂപ ചെലവിട്ട എക്സ്പ്രസ് വേകളുടെ തകർച്ചയ്ക്ക് കാരണക്കാരായവർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി എടുക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ഉത്തർപ്രദേശിലെ രാംപൂർ, സഹാറൻപൂർ, ഡൽഹിയിലെ ജാമിയ നഗർ എന്നിവിടങ്ങളിൽ ഖാൻ രൂപീകരിച്ച മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായും സർവകലാശാലയുമായും ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിലാണ് ബുധനാഴ്ച ഇഡി പരിശോധന നടത്തിയത്.

സർക്കാർ കരാർ തുകകൾ സ്വകാര്യ കരാറുകാർ വഴി തിരിച്ചുവിട്ടെന്നും, ഈ പണം ഉപയോഗിച്ച് ട്രസ്റ്റിന്റെയും സർവകലാശാലയുടെയും സ്വത്തുക്കൾ ഉണ്ടാക്കിയെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ ആരോപണം. ഇ.ഡി. പരിശോധനയോട് പ്രതികരിക്കവെ യാദവ്, സർവകലാശാലകൾ നിർമിച്ചവരെ ഏജൻസി ലക്ഷ്യമിടുമ്പോൾ മറ്റ് പല വൻ അഴിമതികളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

‘വിദ്യാഭ്യാസത്തിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എതിരായ, സ്കൂളുകൾ പൂട്ടിയിടുന്ന ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും, ബാക്കിയുള്ള 1-2 ശതമാനം വരുന്ന വർഗീയ ചിന്താഗതിക്കാരായ പിന്തുണക്കാരെ പ്രീതിപ്പെടുത്താനാണ് സർവകലാശാലകൾ പണിയുന്നവർക്കെതിരെ ഇ.ഡി റെയ്ഡുകൾ നടത്തുന്നത്,’ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, ഇ.ഡി അന്വേഷിക്കേണ്ട നിരവധി വിഷയങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ‘രാമക്ഷേത്ര മോഷണം നടത്തിയവർ’, ‘അധികാരത്തിലുള്ള കുറ്റവാളികൾ’, ‘കൊഡീൻ അഴിമതിക്കാർ’ എന്നിവർക്കെതിരെ ഇഡി പരിശോധനകൾ നടത്തണമെന്ന് യാദവ് ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരണകാലത്ത് പണിത തകർന്ന ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, വിറയ്ക്കുന്ന പൂർവാഞ്ചൽ എക്സ്പ്രസ് വേ, കുഴികൾ നിറഞ്ഞ കാൺപൂർ-ലഖ്നൗ എക്സ്പ്രസ് വേ, വിള്ളൽ വീണ ഗ്രീൻ കോറിഡോർ’ എന്നിവയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മോശം അവസ്ഥയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ബി.ജെ.പി ഭരണത്തിൽ നിർമ്മിച്ച തകർന്ന റോഡുകൾ, തകർന്നുപോകുന്ന പാലങ്ങൾ, തകരുന്ന വാട്ടർ ടാങ്കുകൾ, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, സ്റ്റേഷൻ മതിൽ എന്നിവയും അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ ഉൾപ്പെടുന്നു.

Content Highlight: Why No Action Against ‘Ram Temple Thieves’?: Akhilesh Questions ED Raids on Azam Khan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more