ന്യൂദല്‍ഹി: 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും പ്രശാന്ത് ഭരണത്തിലേറ്റി.
അതിന്റെ തുടര്‍ച്ചയെന്നോണം പ്രശാന്തിനെ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാനായി തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ എത്തിച്ചുകഴിഞ്ഞു.
അതില്‍ മുന്‍പന്തിയിലുള്ളത് ബി.ജെ.പിയുടെ സഖ്യകക്ഷിയും മഹാരാഷ്ട്രയിലെ ഭരണകക്ഷിയുമായ ശിവസേനയാണ്.
കൂടാതെ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളും പ്രശാന്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ഉപദേശകനായിരുന്ന പ്രശാന്ത് ഇപ്പോള്‍ ജെ.ഡി.യു വൈസ് പ്രസിഡന്റാണ്. പ്രശാന്തിനെ വീണ്ടും ബി.ജെ.പിയിലേക്ക് എത്തിക്കാനായി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷിനെ രണ്ടുവട്ടം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ വിളിച്ചുകഴിഞ്ഞു.
മമതയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രശാന്ത് ഇറങ്ങിയതിനെ ആശങ്കയോടെയാണ് ബി.ജെ.പി കാണുന്നത്. എന്നാല്‍ രാവിലെ പ്രശാന്ത് പഠിപ്പിക്കുന്നത് മമത വൈകുന്നേരം മറക്കുമെന്നാണ് ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാദം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചന്ദ്രയാനെ വിമര്‍ശിക്കുന്ന മമതയ്ക്കു രാജ്യത്തിന്റെ പിന്തുണ എങ്ങനെ കിട്ടുമെന്നാണ് ദിലീപ് ചോദിക്കുന്നത്.
മമതയ്ക്കു വേണ്ടി മോദി മാതൃകയില്‍ ചായ് പേ ചര്‍ച്ച ഒരുക്കിയും റാലികളില്‍ ത്രീഡി ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ചുമാണ് പ്രശാന്ത് രംഗത്തുള്ളത്.
ചായ് പേ ചര്‍ച്ചയ്ക്കു സമാനമായ പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനു വേണ്ടി ‘കോഫി വിത്ത് ക്യാപ്റ്റന്‍’, രാഹുലിനു വേണ്ടി ‘ഖാട്ട് പേ ചര്‍ച്ച’, മമതയ്ക്കു വേണ്ടി ‘ദീദി കേ ബോലോ’ വെബ്‌സൈറ്റ്, നിതീഷിനു വേണ്ടി ‘ആഗേ ബഡ്ധാ രഹേ ബിഹാര്‍, ഫിര്‍ ഏക് ബാര്‍’ എന്നിവ പ്രശാന്ത് അവതരിപ്പിച്ചിരുന്നു.
പ്രശാന്തിന്റെ നിര്‍ദേശപ്രകാരമാണ് ആന്ധ്രയിലെ അറുപതിനായിരത്തോളം കര്‍ഷകര്‍ക്കു ജഗന്‍ കത്തെഴുതിയത്. 14 മാസം നീണ്ട പദയാത്രയ്ക്കു പുറമേയായിരുന്നു ഇത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
20 അംഗ മീഡിയാ ടീം, 30 അംഗ സോഷ്യല്‍ മീഡിയാ ടീം, 12 പേരടങ്ങുന്ന അനലിറ്റിക്‌സ് ടീം എന്നിവയാണ് പ്രശാന്തിന്റെ സൈന്യം. ഒരു നാട്ടുകാരനോടൊപ്പം രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതും അദ്ദേഹത്തിന്റെ രീതിയാണ്.
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, കര്‍ഷകര്‍ എന്നിവരടങ്ങിയ സംഘവും പ്രശാന്തിനുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭൂരിപക്ഷം മാറിമറിഞ്ഞ 50 ബൂത്തുകള്‍, ദുര്‍ബലമായ ബൂത്തുകള്‍ എന്നിവ കണ്ടെത്തി പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനായി ഈ സംഘം സര്‍വേയും നടത്താറുണ്ട്.
ബൂത്ത് തലത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട് സന്ദേശങ്ങള്‍ അയക്കുകയും സംഘം ചെയ്യാറുണ്ട്.