| Friday, 4th September 2026, 10:44 am

രാമക്ഷേത്ര സംഭാവന തട്ടിപ്പ് റിപ്പോര്‍ട്ട് എന്ത്‌കൊണ്ട് പുറത്ത് വിടുന്നില്ല; ഇത് പൊതുജന വിശ്വാസത്തെ പരിഹസിക്കല്‍: ഒവൈസി

നിഷാന. വി.വി

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട എസ്.ഐ.ടി റിപ്പോര്‍ട്ട് എന്ത്‌കൊണ്ട് പരസ്യമാക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി ഐ.എം.ഐ.എം അധ്യക്ഷന്‍ അസസുദ്ദീന്‍ ഒവൈസി. രാമക്ഷേത്രം ട്രസ്റ്റിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റില്‍ നേരത്തെ നിയമനങ്ങള്‍ നടത്തിയത് സര്‍ക്കാരാണ് എന്നിട്ടും അവിടെ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ വോട്ട് നേടി അധികാരത്തിലുള്ളവര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അവര്‍ വിശ്വാസത്തെയാണ് തകര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ വിശ്വാസം സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ വിശ്വാസ്യതയെയാണ് പരിഹസിക്കുന്നത്. എസ്.ഐ.ടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്ത് കൊണ്ടത് പുറത്ത് വിടുന്നില്ല,’ ഒവൈസി പറഞ്ഞു.

അയോധ്യ ക്ഷേത്ര കൊള്ള പുറത്ത് വന്നതിന് പിന്നാലെ ട്രസ്റ്റില്‍ വന്‍ അഴിച്ച് പണി നടന്നിട്ടുണ്ട്.
റിട്ടയേഡ് എയര്‍ മാര്‍ഷ്മാന്‍ ജിതേന്ദ്ര മിശ്രയെ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സി.ഇ.ഒയായി ഇന്നലെ നിയമിച്ചിരുന്നു. 5,585 അപേക്ഷകളില്‍ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

സംഭാവന തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചിരുന്നു. നിലവില്‍ എസ്.ഐ.ടി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്ര സംഭാവന എണ്ണുന്ന എട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Why is the report on the Ram Temple donation fraud not being released? This makes a mockery of public trust: Owaisi.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more