| Monday, 17th August 2026, 7:59 am

'റദ്ദാക്കാന്‍ വേണ്ടി എന്തിനാണ് മോദി ജി ഇങ്ങനെ പരീക്ഷകള്‍ നടത്തുന്നത്'; എം. ശിവപ്രസാദ്

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: നെറ്റ് ചോദ്യപേപ്പറില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍.ടി.എ മൂന്ന് വിഷയത്തില്‍ നടത്തിയ പരീക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

റദ്ദാക്കുവാന്‍ വേണ്ടി എന്തിനാണ് പരീക്ഷകള്‍ നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘അങ്ങനെ നെറ്റ് എക്‌സാമിന്റെ മൂന്ന് പരീക്ഷകള്‍ കൂടി റദ്ദാക്കിയിരിക്കുന്നു… റദ്ദാക്കുവാന്‍ വേണ്ടി എന്തിനാണ് മോദി ജി വിദ്യാര്‍ത്ഥികളെ ദ്രോഹിക്കാന്‍ എന്‍.ടി.എ ഇങ്ങനെ പരീക്ഷകള്‍ നടത്തുന്നത്? എന്റെ പൊന്നു മക്കളെ എന്ന് നിലവിളിച്ച് വീഡിയോ ചെയ്ത് വിദ്യാര്‍ത്ഥികളെ പറ്റിക്കാതെ നാട് ഭരിക്കുന്നതില്‍ അല്പമെങ്കിലും ശ്രദ്ധിക്കണം’ അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞു.

ചോദ്യക്കടലാസുകളില്‍ വ്യാപകമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.ജി.സി-നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി തീരുമാനിച്ചത്. ജൂണില്‍ നടന്ന 87 വിഷയങ്ങളിലെ പരീക്ഷകളില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുകയെന്ന് റിപ്പോര്‍ട്ട്.

മൂന്ന് വിഷയങ്ങളിലെയും ചോദ്യക്കടലാസുകളില്‍ പിഴവുകളുണ്ടെന്ന പരാതികളെ തുടര്‍ന്ന് എന്‍.ടി.എ. പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പരിശോധനയില്‍ ചോദ്യക്കടലാസുകളില്‍ വ്യാപകമായ പിശകുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനപരീക്ഷയ്ക്ക് ശുപാര്‍ശ നല്‍കിയത്.

ചോദ്യങ്ങളുടെ ആവര്‍ത്തനം, പേരുകളിലെ തെറ്റുകള്‍, വ്യാകരണ പിശകുകള്‍, ചിഹ്നങ്ങളിലെ തെറ്റുകള്‍, ആശയങ്ങള്‍ക്ക് വിപരീദമായ പദപ്രയോഗങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.

പ്രമുഖ സോഷ്യോളജിസ്റ്റ് റിറ്റ്‌സറിന്റെ പേര് പുറ്റ്‌സര്‍ എന്നും ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് എ.ആര്‍. ദേശായിയുടെ പേര് എ.കെ. ദേശായി എന്നും തെറ്റായി നല്‍കിയിരുന്നു. പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകളിലും ഗുരുതരമായ പിശകുകള്‍ സമിതി കണ്ടെത്തിയെന്നും റിപ്പോര്‍ട്ട്.

പിഴവുകളുള്ള ചോദ്യങ്ങള്‍ മാത്രം ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് സമിതി തീരുമാനിച്ചതോടെയാണ് മൂന്ന് വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തുന്നത്. പരീക്ഷകള്‍ നീതിയുക്തവും കൃത്യവും സുതാര്യവുമായി നടത്താന്‍ എന്‍.ടി.എയ്ക്ക് ഉത്താരവാദിത്വമുണ്ടെന്നും ടി.ഒ.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

റദ്ദാക്കിയ മൂന്ന് വിഷയങ്ങളിലെ പുനപരീക്ഷ മറ്റ് 84 വിഷയങ്ങളുടെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്ന് എന്‍.ടി.എ. വ്യക്തമാക്കി. ഇവയുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

പുനപരീക്ഷ സെപ്റ്റംബര്‍ ഒമ്പതിന് 9മണിക്ക് ഇംഗ്ലീഷ്, മൂന്ന് മണിക്ക് കൊമോഴ്‌സ്, സെപ്റ്റംബര്‍ പത്തിന് രാവിലെ ഒമ്പതിന് സോഷ്യോളജി എന്നീ ക്രമത്തില്‍ പുനപരീക്ഷ ക്രമപ്പെടുത്തിയതായി എന്‍.ടി.എ അറിയിച്ചു.

Content Highlights: Why is Modi-ji conducting exams like this, only to cancel them?’ – M. Sivaprasad

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more