തുടരും എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു പൊലീസ് വേഷം തന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം പറയുകയാണ് നടന് പ്രകാശ് വര്‍മ. ഒരേ തരത്തിലുള്ള കഥാപാത്രം വീണ്ടും ചെയ്യുന്നതിലെ വെല്ലുവിളിയാണ് തന്നെ ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നും പ്രകാശ് വര്‍മ പറയുന്നു.
അതിന് തനിക്ക് ഊര്‍ജമായത് ഒരു സംവിധായകന്റെ വാക്കുകളാണെന്നും പ്രകാശ് വര്‍മ പറയുന്നു. മീഡിയ വണ്‍ ഷോ മാളിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഏറെ ബഹുമാനിക്കുന്ന പല സംവിധായകരുടെയും സിനിമകളോട് നോ പറയേണ്ടിവന്നിട്ടുണ്ടെന്നും ഒരു കഥാപാത്രം ചെയ്യേണ്ട സമയവും സാഹചര്യവും ഒത്തുവരുമ്പോഴാണ് സിനിമ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ റെസ്പെക്ട് ചെയ്യുന്ന പല ഫിലിം മേക്കേഴ്സിന്റെയും അടുത്ത് എനിക്ക് നോ പറയേണ്ടിവന്നു. പക്ഷേ കുഴപ്പമില്ല. നമുക്ക് തോന്നുന്ന ഒരു സമയമുണ്ടല്ലോ. നമുക്ക് കറക്ടായി വീണുവരുന്ന സാഹചര്യത്തിലായിരിക്കും നമ്മുടെ ഉള്ളില്‍ ഇപ്പോള്‍ ഈ സിനിമ ചെയ്യേണ്ട സമയമാണെന്ന് തോന്നുക. അങ്ങനെയൊരു സാഹചര്യം ഒത്തുവന്നു എന്ന് തോന്നിയപ്പോഴാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചെയ്തത്.
അന്ന് ഞാന്‍ കമ്മിറ്റ് ചെയ്ത വേറെ ഒരു സിനിമ പുഷ് ആയി. ഈ വര്‍ഷം അവസാനത്തേക്ക് മാറി. ആ സമയത്താണ് രഞ്ജിയേട്ടന് വിളിക്കുന്നത്. എല്ലാം ഈസിയാണ്, സേഫാണ് എന്ന് തോന്നുന്ന ഒരു സ്ഥലത്ത് എനിക്ക് കാലുവെക്കാന്‍ അത്ര താത്പര്യമില്ല.
എനിക്ക് ചെയ്യാന്‍ പറ്റും. വളരെ ലെങ്തിയായ ഡയലോഗുകളൊക്കെ ഉണ്ടാകും. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ എന്നതാണ് രണ്ടാമത്തെ കാര്യം,’ പ്രകാശ് വര്‍മ പറഞ്ഞു.
വീണ്ടും പൊലീസ് വേഷം എന്തിന് ചെയ്തെന്ന് പ്രേക്ഷകര്‍ക്ക് സംശയമുണ്ടാകാമെന്നും എന്നാല്‍ ഒരു നടനെ സംബന്ധിച്ച് ഒരേ തരത്തിലുള്ള കഥാപാത്രത്തെ വ്യത്യസ്തമായി അവതരിപ്പിക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്നും പ്രകാശ് വര്‍മ പറയുന്നു.
‘എന്തിനാണ് വീണ്ടും പൊലീസ് വേഷം ചെയ്യുന്നത് എന്നായിരിക്കും സാധാരണ കാഴ്ചപ്പാട്. എന്നെ നരേറ്റ് ചെയ്ത സ്റ്റോറികളില്‍ അഭിഭാഷകരുണ്ട്, ഡോക്ടര്‍മാരുണ്ട്. പക്ഷേ അതിലൊക്കെ ജോര്‍ജിന്റെ ഛായയുണ്ട്. ഈ പറയുന്ന ചിരിയൊക്കെയുണ്ട്. ഇത് അതല്ല. ഇത് ഇമോഷണലായിട്ടുള്ള ക്യാരക്ടറാണ്.
തുടരും കഴിഞ്ഞ സമയത്ത് നമ്മള് റെസ്പെക്ട് ചെയ്യുന്ന വലിയ വലിയ ഫിലിം മേക്കേഴ്സും ആക്ടേഴ്സുമൊക്കെ എഫേര്‍ട്ടെടുത്ത് എന്നെ വിളിച്ചിട്ടുണ്ട്. അതില്‍ ഭദ്രന് സാര്‍ എന്നോട് പറഞ്ഞത്, പറ്റുമെങ്കില്‍ പ്രകാശ് ഇനി അടുത്തതും ഒരു പൊലീസ് വേഷം ചെയ്യണമെന്നാണ്.
അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഒരു പൊലീസുകാരനെത്തന്നെ ചെയ്താല്‍ അത് എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് ഒരു നടനെ സംബന്ധിച്ച് ഏറ്റവും വലിയ ചലഞ്ച് എന്നാണ്. വളരെ ഈസിയാണ് വേറൊരു ക്യാരക്ടര്‍ ചെയ്യാന്‍. അത് ഇനിയും ചെയ്യാമല്ലോ എന്നും പറഞ്ഞു.
അപ്പോള്‍ ഈ അവസരം വന്നപ്പോള്‍ എന്റെ തലയിലൂടെ ആദ്യം പോയത് അതാണ്. ഈ കഥാപാത്രത്തെ ഞാന്‍ ഒരു ചലഞ്ചായിട്ടാണ് എടുത്തത്,’ പ്രകാശ് വര്‍മ പറഞ്ഞു.
Content Highlight: Why I Chose to Play a Police Officer in Law and Order: Prakash Varma