തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.ഐ.എം അസ്വസ്ഥരാകുന്നത് എന്തിനെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയാണ് കോണ്‍ഗ്രസും പോഷക സംഘടനകളും പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായതെന്നും കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.ഐ.എം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എസ്.എഫ്.ഐക്കാര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എസ്.എഫ്.ഐയും സി.പി.എമ്മും കാട്ടിയത്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരും,’ അദ്ദേഹം പറഞ്ഞു.
Content Highlights: Why does the CPIM in Kerala get uneasy when protests are held against the BJP? Stern action will be taken if there are attempts to incite unrest: Chief Minister.