തിരുവനന്തപുരം: എം.എല്‍.എ ഓഫീസ് കെട്ടിട വിവാദത്തില്‍ വി.കെ പ്രശാന്ത് എം.എല്‍.എക്കെതിരെ തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ കെ.എസ് ശബരിനാഥന്‍.
വി.കെ പ്രശാന്തിന് വട്ടിയൂര്‍ കാവില്‍ എം.എല്‍ എ ഓഫീസ് ഉള്ളപ്പോള്‍ എന്തിനാണ് ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ എം.എല്‍.എ യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എസ് ശബരീനാഥന്‍ ചോദിച്ചു. ആര്‍ ശ്രീലേഖയെ പിന്തുണച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ എം.എല്‍.എ യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണെന്നും ശബരിനാഥന്‍ പറഞ്ഞു.
‘കേരളത്തിലെ ഭൂരിഭാഗം എം.എല്‍.എ മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എം.എല്‍.എ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എം.എല്‍.എ ഹോസ്റ്റല്‍. അദ്ദേഹം പറഞ്ഞു,’
‘ഞാന്‍ അന്വേഷിച്ചപ്പോള്‍ എം.എല്‍.എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എം.എല്‍.എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?,’ വി.കെ പ്രശാന്തിനെ വിമര്‍ശിച്ചുകൊണ്ട് കെ.എസ് ശബരീനാഥന്‍ പറഞ്ഞു.
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം എം.എല്‍.എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് തന്റെ അഭിപ്രായമെന്നും അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയുക്ത കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്തിനെ സമീപിച്ചത് വിവാദമായിരുന്നു. ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖയും കാലാവധി തീരാതെ ഒഴിയില്ലെന്ന് എം.എല്‍.എയും നിലപാട് കടുപ്പിച്ചിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ സഹോദരന്‍ എന്ന നിലയിലാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു ശ്രീലേഖയുടെ വാദം
Content Highlight: Why does Prashanth, who has two rooms in the MLA hostel, have another office in Sasthamangalam? Sabarinathan supports R. Sreelekha