| Sunday, 18th October 2026, 10:39 am

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി ബംഗാള്‍ സര്‍ക്കാര്‍. പലയിടങ്ങളിലും ബുക്സ്റ്റാളുകള്‍ പൊളിച്ചുമാറ്റാന്‍ പൊലീസ് രംഗത്തെത്തി.

ജാദവ്പൂരില്‍ 8ബി ബസ് സ്റ്റാന്റിന് സമീപം ദുര്‍ഗാപൂജയോടനുബന്ധിച്ച് നാലുദിവസം മുമ്പ് സി.പി.ഐ.എം സ്ഥാപിച്ച ബുക്സ്റ്റാള്‍ പൊളിച്ചുമാറ്റാന്‍ കേന്ദ്രസേനയും പൊലീസുമെത്തി.

സ്റ്റാളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്കുള്‍പ്പെടെ കൊല്‍ക്കത്ത പൊലീസിന്റെയും കോര്‍പ്പറേഷന്റെയും അനുമതിയോടെയാണ് ബുക്‌സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സുധീപ് സെന്‍ഗുപ്ത പറഞ്ഞു.

‘ ഇപ്പോള്‍ കോടതി അവധിക്ക് പോയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയാണ്. അവര്‍ വേണമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച പൊളിച്ചുനീക്കും’, സുധീര്‍ സെന്‍ഗുപ്ത പറഞ്ഞു.

ശനിയാഴ്ച തന്നെ ധാകുരിയയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാജ സുബോധ് മല്ലിക് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ബുക്സ്റ്റാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മറ്റൊരു സംഘം പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. വെള്ളിയാഴ്ച ജാദവ്പൂരിലെ 113,114 വാര്‍ഡുകളിലെ പുസ്തകസ്റ്റാളുകളും ആക്രമിക്കപ്പെട്ടിരുന്നു. പടുലി, ബന്‍സ്‌ഡ്രോണി, ഗോബ്ര എന്നിവിടങ്ങളിലും സ്റ്റാളുകള്‍ പൊളിച്ചുമാറ്റാന്‍ സാധ്യതയുണ്ടന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അരനൂറ്റാണ്ടോളമായി ബംഗാളില്‍ ദുര്‍ഗാപൂജയുടെ ഭാഗമാണ് സി.പി.ഐ.എം, സി.പി.ഐ.എം(എം-എല്‍) ലിബറേഷന്‍, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന ബുക്‌സ്റ്റാളുകള്‍. മാര്‍ക്‌സിസ്റ്റ് സാഹിത്യം, ജനപ്രിയ ബംഗാളി ഫിക്ഷന്‍, ശാസ്ത്ര പുസ്തകങ്ങള്‍ എന്നിവയാണ് ഇവിടെ വില്‍ക്കുന്നത്. എന്നിരുന്നാലും, ഈ സ്റ്റാളുകളില്‍ പരമ്പരാഗതമായി ‘ദുര്‍ഗ്ഗാ പൂജ’ എന്ന് വ്യക്തമായി ഉപയോഗിക്കുന്നതിനുപകരം ‘ശാരോദോത്സവ്’ പോലുള്ള പദങ്ങളുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

’49 വര്‍ഷമായി ഞങ്ങള്‍ ഇവിടെ സ്റ്റാള്‍ നടത്താറുണ്ട്. എല്ലാ വര്‍ഷവും പ്രാദേശിക പൊലീസ് സ്റ്റേഷനെ വിവരം അറിയിക്കാറുണ്ട്. ഇത്തവണ ഒരു മുന്‍കരുതലെന്ന് നിലയില്‍ പ്രാദേശിക പൊലീസ് സ്റ്റേഷനെ വിവരം അറിയിക്കാറുണ്ട്. ഇത്തവണയും മുന്‍കരുതലെന്ന നിലയില്‍ കൊല്‍ക്കത്ത പൊലീസിലെ ഒരു ജോയിന്റ് കമ്മീഷണര്‍ക്കും കത്ത് നല്‍കി. ആരും എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല. ‘, ധാകുരിയയിലെ സി.പി.ഐ.എം നേതാവ് പ്രബീര്‍ ദേവ് പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇടത് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ ഒരു മാസം മുമ്പ് തന്നെ ബുക്സ്റ്റാളുകളെച്ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചിരുന്നു.

‘നിങ്ങള്‍ സനാതന ധര്‍മത്തെ വെറുമൊരു സാംസ്‌കാരിക കാര്യമായി മാത്രമാണ് കാണുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ദുര്‍ഗാപൂജയെ ശാരദോത്സവ് എന്നാണ് വിളിക്കുന്നത്. അവര്‍ സ്റ്റാളുകളില്‍ ദുര്‍ഗാപൂജ എന്നെഴുതിയില്ലെങ്കില്‍ ഒരെണ്ണം പോലും അനുവദിക്കരുതെന്ന് ഞാന്‍ ദുര്‍ഗാപൂജ കമ്മിറ്റിക്കാരോട് പറയും’, സുവേന്ദു അധികാരി പറഞ്ഞിരുന്നു.

ദുര്‍ഗാപൂജ അടുത്തതോടെ നിരവധി സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ സ്റ്റാളുകള്‍ ആക്രമിക്കപ്പെട്ടു.

പുസ്തകസ്റ്റാള്‍ സ്ഥാപിക്കാന്‍ അനുമതി തേടി സി.പി.ഐ.എമ്മിന്റെ ബോംഗാവ് ഘടകം കോടതിയെ സമീപിച്ചിരുന്നു. സ്റ്റാള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

പന്തലുകളിലെ സുരക്ഷനടപടികളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ ബംഗാളിലെ ബി.ജെ.പി സര്‍ക്കാര്‍ പന്തലുകളില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ചാണ് ബംഗാളിലെ ബി.ജെ.പി സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് തൃണമൂല്‍ എം.പി മഹുവ മോയ്ത്ര പറഞ്ഞു. ശനിയാഴ്ച ചോര്‍ബാഗന്‍ ശാരദ പാര്‍ക്കില്‍ ദുര്‍ഗാപൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇരുപതിലധികം പേര്‍ മരിച്ചിരുന്നു.

Content Highlight: ‘Why can’t we sell books?’ CPM as Kolkata police, civic officials, central forces try to shut down stall in Jadavpur

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more