| Saturday, 12th July 2025, 2:12 pm

എന്ത് കൊണ്ട് സാഹിത്യ അക്കാദമി ഹാളിന് ഒരു എഴുത്തുകാരിയുടെ പേര് നൽകിക്കൂടാ: ഷീബ അമീർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: കേരള സാഹിത്യ അക്കാദമിയിലെ ഹാളുകൾക്ക് എഴുത്തുകാരികളുടെ പേര് നൽകാത്തത് ചോദ്യം ചെയ്ത് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷീബ അമീർ. നിരവധി പുരുഷ എഴുത്തുകാരുടെ പേരുകൾ സാഹിത്യ അക്കാദമിയിലെ ഹാളുകൾക്ക് നൽകിയിട്ടുണ്ടെന്നും എന്നാൽ ഒരു എഴുത്തുകാരിയുടെ പേരുപോലും ഹാളുകൾക്ക് നൽകിയിട്ടില്ലെന്ന് ഷീബ അമീർ ചൂണ്ടിക്കാട്ടി.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷീബ അമീർ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേരള സാഹിത്യ അക്കാദമിയിലെ ഏറ്റവും വലിയ ഹാളിന് പേരില്ലെന്നും ഒരു പേരിടാൻ ഒരുങ്ങുകയാണെന്നും ഷീബ അമീർ പറഞ്ഞു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ പേരാണ് ഹാളിന് നൽകാൻ ഉദ്ദേശിച്ചതെന്നും ഷീബ അമീർ കൂട്ടിച്ചേർത്തു. എന്നാൽ എന്ത് കൊണ്ട് അക്കാദമി ഹാളിന് ഒരു എഴുത്തുകാരിയുടെ പേര് നൽകിക്കൂടായെന്ന് ഷീബ അമീർ ചോദിക്കുന്നു.

‘കേരള സാഹിത്യ അക്കാദമിയിലെ ഏറ്റവും വലിയ ഹാളിന് ഒരു പേരില്ല. ഹാളിന് ഒരു പേരിടാൻ പോകുന്നു. സാഹിത്യ അക്കാദമി നടത്തുന്ന അന്തർദേശീയ സാഹിത്യോത്സവത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ പേരിടൽ കർമം നടത്തും. ഹാളിന് അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ പേരാണ് നൽകാൻ ഉദ്ദേശിക്കുന്നത്. അന്തർദേശീയ സാഹിത്യോത്സവത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിലാണ് അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ ഈ തീരുമാനം സദസുമായി പങ്കുവച്ചത്. എന്ത് കൊണ്ട് അക്കാദമി ഹാളിന് ഒരു എഴുത്തുകാരിയുടെ പേര് നൽകിക്കൂടാ എന്ന എന്റെ മനസിലെ തോന്നൽ അവിടെ വച്ച് തന്നെ സദസിലിരുന്ന ഞാൻ പങ്കുവെച്ചു,’ ഷീബ അമീർ പറഞ്ഞു.

ചങ്ങമ്പുഴ ഹാൾ, വൈലോപ്പിള്ളി ഹാൾ, ബഷീർ വേദി, കെ. ടി. മുഹമ്മദ് സ്മാരക തീയേറ്റർ, തോപ്പിൽ ഭാസി നാട്യഗൃഹം, ഭാരത് മുരളി ഓപ്പൺ തിയേറ്റർ, കെ.സി.എസ്.പണിക്കർ സ്‌മൃതിമണ്ഡപം തുടങ്ങി സാംസ്കാരിക തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സാഹിത്യ സംഗീത ലളിതകലാ അക്കാദമികളിലെ എല്ലാ ഇടങ്ങൾക്കും പുരുഷ നാമങ്ങൾ ആണ് നൽകിയിരിക്കുന്നതെന്ന് ഷീബ അമീർ ഓർമ്മിപ്പിച്ചു.

കൂടാതെ മറ്റു സാംസ്കാരിക കേന്ദ്രങ്ങളുടെ പേരുകളായാലും ജോസഫ് മുണ്ടശ്ശേരി ഹാൾ, അപ്പൻതമ്പുരാൻ സ്മാരകം, ജവഹർ ബാലഭവൻ, വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയം എന്നിങ്ങനെയാണെന്നും അവർ കൂട്ടിച്ചേർത്തു.

‘അക്കാദമികൾക്കിടയിൽ കെ.കരുണാകരൻ മെമ്മോറിയൽ ടൗൺ ഹാൾ തല ഉയർത്തി നിൽക്കുന്നുണ്ട്. കോർപറേഷന് കീഴിലുള്ള രണ്ട് ഹാളുകൾ ടാഗോർ സെൻറ്റിനറി ഹാളും എഴുത്തച്ഛൻ സ്മാരക ഹാളും ആണ്. ഇങ്ങനെ മഹത്തരമായ ജീവിതം ജീവിച്ചുപോയ മനുഷ്യർക്കിടയിൽ ഒന്നും തന്നെ സ്ത്രീ ജീവിതങ്ങൾ ഉണ്ടായിരുന്നില്ലേ എന്ന ചിന്ത പലപ്പോഴും ആലോചനയിൽ കടന്നു വരുമ്പോഴാണ് സാഹിത്യ അക്കാദമി മെയിൻ ഹാളിന് എം.ടി യുടെ പേരിടാനുള്ള തീരുമാനം കേൾക്കുന്നത്. നമ്മൾ സ്ത്രീകൾ എവിടെ നിന്നൊക്കെയാണ് തിരസ്കരിക്കപ്പെടുന്നതെന്ന് ഇന്നും ആവർത്തിച്ച് ആലോചിക്കേണ്ടി വരികയാണ്. രാഷ്ട്രീയമേഖലയിൽ മാത്രമല്ലാതെ തുല്യ പ്രാതിനിധ്യത്തിനുള്ള ശബ്ദം ഏതൊക്കെ ഇടങ്ങളിൽ കേൾപ്പിക്കേണ്ടി വരുന്നുണ്ട്,’ ഷീബ അമീർ പറഞ്ഞു.

തന്റെ പേരിൽ യാതൊരു സ്മാരകങ്ങളും വേണ്ട എന്ന് എം.ടി. പറഞ്ഞുവച്ചതിനെ മറികടന്നാണ് ഈ പേര് നൽകാനുള്ള തീരുമാനമെന്നും ഷീബ അമീർ വിമർശിച്ചു.

സ്മാരകം വേണ്ട എന്ന് പറയുമ്പോൾ സ്മാരകം പണിതുയർത്തേണ്ട എന്നുമാത്രമാണോ അർത്ഥമെന്നും അവർ ചോദിച്ചു. ഇതുകൂടാതെ പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ കൂടി ഓർത്തെടുക്കുമ്പോൾ, ഈ നടപടിയിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീ വിരുദ്ധത കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഷീബ അമീർ പറഞ്ഞു.

തനിക്കേറെ ബഹുമാനമുള്ള സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.കെ. സച്ചിദാനന്ദൻ ഈ തീരുമാനത്തിലേക്ക് കടക്കുമ്പോൾ താൻ ഇപ്പോൾ ഉന്നയിക്കുന്ന ഈ ചോദ്യം പത്തു പ്രാവശ്യമെങ്കിലും ഉള്ളിൽ തട്ടി സ്വയം ചോദിച്ചു കാണുമെന്നുറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. കൂട്ടായ അഭിപ്രായം വന്നപ്പോൾ അദ്ദേഹം ഒപ്പം നിന്നുകാണുമെന്ന് വിശ്വസിക്കാനാണിഷ്ടമെന്നും അവർ പറഞ്ഞു.
ഒപ്പം സ്ത്രീ എഴുത്തുകാർ തങ്ങളെ വിസ്‌മൃതികളിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന സമൂഹത്തോട് ഏറ്റുമുട്ടുക എന്ന ചുമതല കൂടി വരുംതലമുറക്ക്‌ വേണ്ടി ചെയ്യണമെന്നും ഷീബ അമീർ പറഞ്ഞു.

Content Highlight: Why can’t the Academy Hall be named after a writer: Sheeba Ameer

We use cookies to give you the best possible experience. Learn more