ചെന്നൈ: ജമ്മു കശ്മീര് പോലെയുള്ള ‘ഭീകരവാദ പ്രദേശങ്ങളില്’ പോലും രാഷ്ട്രീയ റാലികള് നടത്താന് ആര്.എസ്.എസിന് അനുമതി ലഭിക്കുമ്പോള് തമിഴ്നാട്ടില് എന്തുകൊണ്ടാണ് അനുമതി നിഷേധിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി .
2026 ഒക്ടോബര് 18, 25 തീയതികളിലും നവംബര് ഒന്നിനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് മാര്ച്ച് നടത്താന് അനുമതി തേടിക്കൊണ്ട് ആര്.എസ്.എസ് നോര്ത്ത് തമിഴ്നാട് സെക്രട്ടറി വി.ജി. ജഗദീശന് സമര്പ്പിച്ച ക്രിമിനല് റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വി. ലക്ഷ്മി നാരായണന് ഈ ചോദ്യം ഉന്നയിച്ചത്.
ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് എന്.എല്. രാജ എല്ലാ വര്ഷവും സംഘടനയ്ക്ക് അനുമതി നിഷേധിക്കപ്പെടുന്നതിനാല് കോടതിയെ സമീപിക്കാന് നിര്ബന്ധിരാവുകയാണെന്ന് വാദിച്ചു. വിജയദശമിയോടനുബന്ധിച്ച് സംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്താന് ആഗ്രഹിക്കുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഘോഷയാത്ര ക്രമസമാധാനപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നെന്നും അഭിഭാഷകന് പറഞ്ഞു.
1925ല് രൂപീകൃതമായതുമുതല് ആര്.എസ്.എസ്. രാജ്യത്തുടനീളം ഇത്തരം വാര്ഷിക റാലികള് നടത്തിവരുന്നുണ്ടെന്നും, ന്യൂയോര്ക്ക്, ലണ്ടന്, സിഡ്നി, ഓക്ക്ലന്ഡ്, പാരീസ്, ഒട്ടാവ എന്നിവിടങ്ങളില്പ്പോലും അവരുടെ സഹോദര സംഘടനകള് സമാനമായ റാലികള് നടത്തിയിട്ടുണ്ടെന്നും എന്.എല്. രാജ കോടതിയെ അറിയിച്ചു.
‘ആര്.എസ്.എസ് പോലൊരു സംഘടനയ്ക്ക് കോടതിയെ സമീപിച്ച് അനുമതി തേടാന് കഴിയും. എന്നാല് കോടതിയെ സമീപിക്കാനുള്ള സാമ്പത്തികശേഷിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ചെറിയ രാഷ്ട്രീയ പാര്ട്ടികളുടെ കാര്യമോ?’, രാജ ചോദിച്ചു.
ദ്രാവിഡര് കഴകമായാലും ആര്.എസ്.എസ് ആയാലും എല്ലാ ഘോഷയാത്രകള്ക്കും നിലവിലെ സര്ക്കാര് അനുമതി നിഷേധിക്കുകയാണെന്ന് ജസ്റ്റിസ് ലക്ഷ്മീനാരായണന് വാക്കാല് നിരീക്ഷിച്ചു. ഇതുകൊണ്ട് അനാവശ്യ നിയമനടപടികളുമായി സംഘടനകള്ക്ക് കോടതിയെ സമീപിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സര്ക്കാര് ഏത് ഘോഷയാത്രയ്ക്കും എതിരാണ്. ദ്രാവിഡര് കഴകത്തിനും ആര്.എസ്.എസിനും അനുമതി നിഷേധിക്കുകയാണ്,’ കോടതി നിരീക്ഷിച്ചു.
എന്നാല്, പൊതുയോഗങ്ങള്ക്കായി വിജ്ഞാപനം ചെയ്തിട്ടില്ലാത്ത സ്ഥലത്ത് ഘോഷയാത്രയും പൊതുയോഗവും നടത്താന് അനുമതി തേടിയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് അഡ്വക്കേറ്റ് ജനറല് വിജയ നാരായണ് കോടതിയെ അറിയിച്ചു.
ആര്.എസ്.എസിന്റെ ഘോഷയാത്രകള് നടത്തുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നേരത്തേ വിശദമായ മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചിരുന്നു. എന്നാല്, ഈ മാര്ഗനിര്ദേശങ്ങള് ഉണ്ടായിരുന്നിട്ടും 2024ല് സംസ്ഥാന സര്ക്കാര് അനുമതി നിഷേധിച്ചതിനെത്തുടര്ന്ന് സംഘടന വീണ്ടും കോടതിയെ സമീപിക്കേണ്ടിവന്നു.
പ്രശ്നം പരിഹരിക്കുന്നതിനായി ഹര്ജിക്കാരുടെ അഭിഭാഷകര് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര് ജോണ് സത്യനുമായി കൂടിക്കാഴ്ച നടത്തണമെന്ന് കോടതി നിര്ദേശിച്ചു. ഹര്ജിക്കാരുടെ ഭാഗത്തുനിന്ന് അഞ്ച് പേര് പ്രോസിക്യൂട്ടറെ കണ്ട് സമാധാനപരമായി പൊതുയോഗം നടത്തുന്നതിനുള്ള പരിഹാരമാര്ഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
വാദം വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി, സമാധാനപരമായ ഘോഷയാത്രയ്ക്ക് അനുമതി നല്കുന്ന കാര്യത്തില് റിപ്പോര്ട്ട് സമര്പ്പിക്കാന് സംസ്ഥാന സര്ക്കാരിനോട് നിര്ദേശിച്ചു.
Content Highlight:Why can’t Tamil Nadu police grant permission for route marches by RSS, Dravidar Kazhagam, asks Madras High Court.