തിരുവനന്തപുരം: തൃശ്ശൂര്‍മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരങ്ങളിലെ അപകടകരമായ ആഘോഷങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ.
എന്തിനാണ് നമുക്ക് ഇത്തരം തീകൊണ്ട് കളിക്കുന്ന പൂരങ്ങളെന്നും മനുഷ്യ ജീവനുകള്‍ പണയം വെക്കുന്ന ഉത്സവങ്ങളെന്നും ശ്രീലേഖ ചോദിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും അവര്‍ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍? മനുഷ്യജീവനുകള്‍ പണയം വെക്കുന്ന ഉത്സവങ്ങള്‍? കാടുകളില്‍ ജീവിക്കേണ്ട ആനയെ നിരത്തി നിര്‍ത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍? ഇനിയെങ്കിലും, ഈ ഡിജിറ്റല്‍ യുഗത്തിലെങ്കിലും ഒരു പുനര്‍ചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദര്‍ശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ,’ ശ്രീലേഖ പോസ്റ്റിലൂടെ ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മുണ്ടോത്തിക്കോടുളള പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ചത്. 13 പേരുടെ മരണത്തിനു കാരണമായ ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ചികിത്സയില്‍ കഴിയുന്ന 13 പേരില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. അതില്‍ മുണ്ടത്തിക്കോട് സതീശനടക്കം രണ്ടുപേര്‍ വെന്റിലേറ്ററിലാണ്.
ദുരന്തം കഴിഞ്ഞ് മണിക്കൂറുകള്‍ക്കിപ്പുറവും ശരീരാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്, ഇതിനായി 3 കെഡാവര്‍ നായകളെ എത്തിച്ചിട്ടുണ്ട്, കൂടാതെ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച 3 നായ്ക്കളെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5 മണിവരെ സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താനും ആലോചനകള്‍ നടക്കുന്നുണ്ട്. തിരുവമ്പാടിക്കുവേണ്ടിയുള്ള വെടിമരുന്നിനാണ് ഇന്നലെ തീ പിടിച്ചത്. പാറമേക്കാവ് ദേവസ്വവുമായി കൂടിയാലോചന നടത്തിയാകും തീരുമാനമുണ്ടാകുക.
Content Highlight: Why are such Poorams playing with fire? R Sreelekha in the firework disaster