| Tuesday, 6th October 2026, 5:16 pm

Dool In-Depth ഫ്രാന്‍സിലുടനീളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്തുകൊണ്ട്; ഭരണകൂടത്തിന്റെ നിലപാടെന്ത്?

നിഷാന. വി.വി

രണ്ടാഴ്ച മുമ്പ് പാരീസിന് സമീപ പ്രദേശങ്ങളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സമരം ഇപ്പോള്‍ രജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ചയായി തുടരുന്ന സമരത്തില്‍ 3000ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 2000 ത്തോളം പേരെ വ്യാഴാഴ്ച മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 400 പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ 20 സ്‌കൂളുകള്‍ക്ക് തീയിടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാരിസ് മേഖലയില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രവേശന കവാടങ്ങള്‍ തടയുകയും ക്ലാസുകള്‍ തടസപ്പെടുത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും നീങ്ങി. സ്‌കൂളുകളുടെ മോശം അവസ്ഥയാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണം.

എന്തിനാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്

സ്‌കൂളുകളിലെ മോശം സാഹചര്യമാണ് പ്രതിഷേധത്തിനുള്ള പ്രധാന കാരണം. ക്ലാസുകളിലെ അമിത വിദ്യാര്‍ത്ഥി അനുപാതം, അധ്യാപകരുടെയും പകരക്കാരായ അധ്യാപകരുടെയും കുറവ്, കാലപ്പഴക്കം ചെന്നതും അറ്റക്കുറ്റപ്പണി നടത്താത്തതുമായ കെട്ടിടങ്ങള്‍, ദൈര്‍ഘ്യമേറിയ സ്‌കൂള്‍ സമയം, തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതികള്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനത്തോളം അധ്യാപന മണിക്കൂറുകള്‍ അധ്യാപകരില്ലാത്തതിനാല്‍ നഷ്ടപ്പെടുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. ഒരു ക്ലാസ് മുറിയില്‍ 35ഓളം വിദ്യാര്‍ഥികളുണ്ടെങ്കിലും ആവശ്യത്തിന് കസേരകളോ ഡെസ്‌കുകളോ ഇല്ല. കെട്ടിടങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്.

യൂറോപ്പില്‍ വീശിയടിച്ച ഉഷ്ണതരംഗത്തില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടും ക്ലാസ് മുറിയില്‍ ആവശ്യത്തിന് കുടിവെള്ളമോ ഫാനോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സര്‍വകലാശാല പ്രവേശനത്തിനായുള്ള ‘പാര്‍കോര്‍സപ്പ്’ (Parcoursup) ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം വിദ്യാര്‍ഥികളില്‍ വന്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്ന ഒന്നാണെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.

എവിടെ നിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്

പാരിസിന് സമീപമുള്ള ക്രെയ്‌ടെയിലെ ലൈസി സെന്റ്-എക്‌സുപെറി സ്‌കൂളിലാണ് സമരം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് തലസ്ഥാന നഗരിയിലും മറ്റ് പ്രധാന നഗരങ്ങളായ മാഴ്‌സെയ്, ലിയോണ്‍, ടൂളൂസ്, ലില്ലെ എന്നിവിടങ്ങളിലേക്കും വേഗത്തില്‍ പടരുകയായിരുന്നു. അധ്യാപകരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കടുത്ത ക്ഷാമം, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, തകര്‍ന്ന കെട്ടിടങ്ങള്‍, ശരിയായ കുടിവെള്ള-ടോയ്ലെറ്റ് സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് വിദ്യാര്‍ഥികളെ തെരുവിലിറക്കിയത്.

ഏതൊക്കെ വിദ്യാര്‍ത്ഥി യൂണിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്?

തുടക്കത്തില്‍ സമരത്തിന് കൃത്യമായ സംഘടിത നേതൃത്വമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ വഴിയുള്ള കൂട്ടായ്മകളാണ് ആക്കം കൂട്ടിയതെങ്കിലും പിന്നീട് പ്രമുഖ വിദ്യാര്‍ത്ഥി-യൂണിവേഴ്‌സിറ്റി യൂണിയനുകളും അധ്യാപക സംഘടനകളും സമരത്തിന് പരസ്യപിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

യൂണിയന്‍ ഒഡിയാന്ത്, ഹൈസ്‌കൂള്‍ യൂണിയനുകള്‍ എന്നീ സംഘടനകളാണ് പിന്നീട് രണ്ടാം ഘട്ടത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സമരം സജീവമാക്കിയത്. ഈ യൂണിയനുകള്‍ ഇടതുപക്ഷ ചായ്‌വുള്ള യൂണിയനുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യൂണിയനുകളുടെ രാഷ്ട്രീയം

ഫ്രാന്‍സില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി യൂണിയനുകളെ എതിരാളികളും ഭരണപക്ഷവും പൊതുവായി ‘തീവ്ര ഇടതുപക്ഷം’ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, അവയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ സോഷ്യലിസ്റ്റ്, മാര്‍ക്‌സിസ്റ്റ്, കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ ഊന്നിയതാണ്.

സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ ഈ സംഘടനകള്‍ പൂര്‍ണമായി എതിര്‍ക്കുന്നു. കൂടാതെ ഇസ്രഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ ഫലസ്തീന്‍ അനുകൂല നിലപാടാണ് യൂണിയനുകള്‍ സ്വീകരിക്കുന്നത്.

ഇസ്രഈലിലെ സര്‍വകലാശാലകളുമായും കമ്പനികളുമായും ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ക്കുള്ള പങ്കാളിത്തവും ധാരണാപത്രങ്ങളും റദ്ദാക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന പ്രമുഖ ഇടതുപക്ഷ പാര്‍ട്ടിയായ എല്‍.എഫ്.ഐ ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അതിശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനമാണ്.

ഇമ്പീരിയലിസത്തിനും അധിനിവേശങ്ങള്‍ക്കുമെതിരായ തങ്ങളുടെ പരമ്പരാഗത സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ഇവര്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെയും ഇവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയ്ക്ക് വേണ്ടിയുള്ളതാണെന്നും അതില്‍ നിന്ന് പുറത്ത് കടക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഫ്രാന്‍സ് അണ്‍ബൗണ്ട് (എല്‍.എഫ്.ഐ) അടങ്ങുന്ന ഇടതുപക്ഷ മുന്നണികള്‍ കഴിഞ്ഞ പ്രധാന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 2024ലെ ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
‘ന്യൂ പോപ്പുലര്‍ ഫ്രണ്ട്’ എന്ന വലിയ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായാണ് എല്‍.എഫ്.ഐ മത്സരിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരും ഇതിലുണ്ടായിരുന്നു. ഏകദേശം 28.21% വോട്ടുകള്‍ ഈ ഇടതുപക്ഷ സഖ്യം നേടുകയുണ്ടായി.

നാഷണല്‍ അസംബ്ലിയില്‍ 180-ലധികം സീറ്റുകള്‍ നേടി ഈ സഖ്യം വലിയൊരു ശക്തിയായി മാറി. ഇതില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷികളിലൊന്ന് ‘ഫ്രാന്‍സ് അണ്‍ബൗണ്ട്’ ആണ്.

വലതുപക്ഷ സംഘടനകള്‍ പറയുന്നത്

ഇടതുപക്ഷത്തിന്റെ നിലപാട് യൂറോപ്യന്‍ യൂണിയന്റെ മൂല്യങ്ങളുടെ ലംഘനമാണെന്നാണ് വലതുപക്ഷ പാര്‍ട്ടികളുടെ ആരോപണം. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ എന്നതിലുപരി സര്‍ക്കാരിനെ അട്ടിമറിക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമുള്ള ഇടതുപക്ഷ രാഷ്ട്രീയ അജണ്ടയാണിതെന്നും ഇവര്‍ വാദിക്കുന്നു.

എല്‍.എഫ്.ഐ ഉള്‍പ്പെടെയുള്ള തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളുമാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് തെരുവിലിറക്കുന്നതെന്ന് വലതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.

സമരക്കാരുമായി അനാവശ്യ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ സ്‌കൂള്‍ ഉപരോധങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ഉടന്‍ മാറ്റണമെന്നും ക്രമസമാധാനം പുനസ്ഥാപിക്കണമെന്നുമാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അധ്യാപകരുടെ നിലപാടെന്ത്?

പ്രധാനമായും ദേശീയ സെക്കന്ററി അധ്യാപക യൂണിയനുകള്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കാണിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപരിപാടികളും പണിമുടക്കുകളും ആഹ്വാനം ചെയ്തു.

സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍?

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് അടിയന്തരമായി 10 ബില്യണ്‍ യൂറോ അനുവദിക്കുക, അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ വന്‍തോതില്‍ പുതിയ നിയമനങ്ങള്‍ നടത്തുക.
ക്ലാസുകളിലെ തിരക്ക് കുറയ്ക്കുകയും ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ഭരണകൂടത്തിന്റെ പ്രതികരണം

പ്രതിസന്ധി രൂക്ഷമായതോടെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും മന്ത്രിമാരുടെ യാത്രകള്‍ റദ്ദാക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ മന്ത്രി യൂണിയനുകളുമായി ചര്‍ച്ച ആരംഭിക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സ്റ്റുഡന്റ് യൂണിയന്‍ വ്യക്തമാക്കി. കുട്ടികളെ സമരങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ഇടപെടണമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടു. അതേസമയം, വിദ്യാര്‍ഥികളുടെ ആശങ്കകള്‍ മനസിലാക്കുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങളെ യാതൊരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം

വിദ്യാര്‍ത്ഥികളും അധ്യാപകരും വ്യാപകമായി സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉപരോധിക്കുകയാണ്. വിദ്യാര്‍ത്ഥി യൂണിയനുകളുടെ കണക്കുപ്രകാരം ഫ്രാന്‍സിലുടനീളം 1,800-ഓളം ഹൈസ്‌കൂളുകളും 90% സര്‍വ്വകലാശാലകളും പൂര്‍ണമായോ ഭാഗികമായോ ഉപരോധിക്കപ്പെടുകയോ അടച്ചിടപ്പെടുകയോ ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിയും സംഘര്‍ഷവും

പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകുകയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും ചെയ്തു. ബാരിക്കേഡുകള്‍ക്ക് തീയിടലും വന്‍തോതിലുള്ള അറസ്റ്റുകളും നടന്നിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത നടപടികളില്‍ (കണ്ണീര്‍വാതക പ്രയോഗവും അനാവശ്യ ബലപ്രയോഗവും) ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത് വന്‍ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

Content Highlight: Why are students protesting across France, and what is the government’s stance?

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more