| Saturday, 24th May 2025, 9:14 am

കോട്ടയില്‍ മാത്രം എന്തുകൊണ്ട് ഇത്രയധികം എന്‍ട്രന്‍സ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നു? രാജസ്ഥാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. എന്തുകൊണ്ടാണ് കോട്ട എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ മാത്രം ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ 22കാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം.

ഈ വിഷയത്തില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദ്യമുയര്‍ത്തി. ജസ്റ്റിസുമാരായ ജെ. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 14 വിദ്യര്‍ത്ഥികള്‍ കോട്ടയില്‍ മാത്രമായി ജീവനൊടുക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്ഥിതിഗതികള്‍ ഗൗരവതരമാണെന്നും തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

പിന്നാലെ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന വിദ്യാര്‍ത്ഥി ആത്മഹത്യാ കേസുകള്‍ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്തുകൊണ്ടാണ് ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് ദിവസമെടുത്തതെന്നും കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായി. മെയ് നാലിനാണ് ഖരഗ്പൂരിലെ വിദ്യാര്‍ത്ഥി മരണപ്പെട്ടത്.

ഇതിനുപുറമെ കോട്ടയിലെ വിദ്യാര്‍ത്ഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റൊരു കേസിനെ കുറിച്ചും കോടതി അഭിഭാഷകനോട് ചോദിച്ചു. ഈ കേസിലും പൊലീസിന് വീഴ്ചയുണ്ടായതായി കോടതി വിമര്‍ശിച്ചു.

ഇതിനുമുമ്പും മത്സരപരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ സുപ്രീം കോടതി ഇടപ്പെട്ടിരുന്നു. വിഷയം പഠിക്കാന്‍ സുപ്രീം കോടതി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകള്‍ തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തി ലായിരുന്നു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തടയുന്നതിന് അവരുടെ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Why are so many students committing suicide in Kota alone? Supreme Court asks Rajasthan government

We use cookies to give you the best possible experience. Learn more