ന്യൂദൽഹി : ദൽഹിയിലെ അഫ്ഗാൻ എംബസിയിൽ വെച്ച് നടന്ന താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകയായ സ്മിത ശർമയെ പ്രശംസിച്ച് സോഷ്യൽ മീഡിയ.
സ്മിത ശർമ ആമിർ ഖാൻ മുത്തഖിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒക്ടോബർ 12 നു നടന്ന പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇറാനിലും സിറിയയിലും സൗദി അറേബ്യയിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ എന്തുകൊണ്ട് അത് അഫ്ഗാനിസ്ഥാനിൽ ലഭിക്കുന്നില്ലെന്നും മാധ്യമപ്രവർത്തക വിഡിയോയിൽ ചോദിക്കുന്നത് കാണാം.
താലിബാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകത്തെ പറ്റിയും മാധ്യമപ്രവർത്തക വീഡിയോയിൽ ചോദിക്കുന്നുണ്ട്.
‘അന്തർ ദേശീയ തലത്തിൽ അറിയപ്പെട്ട പത്രപ്രവർത്തകനായ ഡാനിഷ് സിദ്ധിഖിയുടെ ക്രൂരമായ കൊലപാതകത്തിൽ നിങ്ങൾക്ക് കുറ്റബോധമുണ്ടോ,’ സ്മിത ശർമ ചോദിച്ചു.
ചോദ്യമുന്നയിച്ച സ്മിത ശർമയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടും താലിബാനുമായുള്ള കേന്ദ്ര സർക്കാരിന്റെ ബന്ധത്തെ അപലപിച്ചുകൊണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുണ്ട്.
‘ഇതാണ് മാധ്യമപ്രവർത്തനം, ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് മുഖം കൊടുക്കാത്ത മോദി ഇതൊക്കെയാണെന്ന് കാണേണ്ടത്’ തുടങ്ങിയ കമന്റുകളും ഉയരുന്നുണ്ട്.
‘ഇവിടെ വിദേശ നയം പൊട്ടിപ്പൊളിഞ്ഞു പാളീസായി നിൽക്കുമ്പോൾ താലിബാനെങ്കിൽ താലിബാൻ അവരെങ്കിലും കൂടെ വേണമെന്ന് ചിന്തിക്കുന്നു. അതിനായി അവർക്ക് ചുവന്ന പരവതാനി വിരിച്ച് കൊടുത്ത ഒരു ഭരണകൂടത്തിന് നേരെ അലോസരം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിക്കുന്ന ഇതു പോലുള്ള മാധ്യമ പ്രവർത്തകരാണ് രാജ്യത്തെ മാധ്യമ പ്രവർത്തനത്തെ ഇപ്പോഴും ജീവനോടെ നിലനിർത്തുന്നത്,’ സോഷ്യൽ മീഡിയയിൽ ഒരാൾ പറഞ്ഞു.
ആറ് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം ഇന്ത്യയിലെത്തിയ മുത്തഖി വിളിച്ച് ചേർത്ത ആദ്യ പത്രസമ്മേളനത്തിലായിരുന്നു വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നത്.
ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് മാധ്യമപ്രവർത്തകരുടെ സംഘടനകളിൽ നിന്നും ഉയർന്നിരുന്നത്. എന്നാൽ ഇതൊരു സാങ്കേതിക പ്രശ്നം മാത്രമായിരുന്നെന്നാണ് മുത്തഖി പ്രതികരിച്ചത്.
‘ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണ്. അല്ലാതെ മറ്റു പ്രശ്നങ്ങളല്ല,’ മുത്തഖി പറഞ്ഞിരുന്നു. തന്റെ അടുത്ത പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വിവേചനപരവും നീതികരിക്കാനാകാത്തതുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിത പ്രസ് കോർപ്‌സും വിമർശിച്ചിരുന്നു.
Content Highlight: Why are Afghan girls denied education? Female journalist asks Muttaqhi; Social media praises her