| Tuesday, 8th September 2026, 4:19 pm

ആരുടെ ഇന്ത്യ? മനുസ്മൃതിക്കും ഭരണഘടനയ്ക്കുമിടയിലെ ഇന്ത്യന്‍ സ്ത്രീകള്‍

ഡോ. രാം പുനിയാനി

കൊളോണിയല്‍ ഭരണത്തിന് മുമ്പുള്ള ഇന്ത്യയില്‍, വിശാലമായ ഹിന്ദു സമൂഹം മനുസ്മൃതിയിലെ നിയമങ്ങള്‍ക്കനുസരിച്ചായിരുന്നു മുന്നോട്ടുപോയിരുന്നത്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള മേല്‍ക്കോയ്മയും കീഴാളത്വവുമായിരുന്നു ഈ വ്യവസ്ഥയുടെ പ്രധാന അടിത്തറ.

കൊളോണിയല്‍ കാലത്ത് വിദ്യാഭ്യാസം, ഗതാഗതം, ആധുനിക ഭരണസംവിധാനം തുടങ്ങിയവ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ തുടങ്ങിയതോടെ ജനാധിപത്യത്തിന്റെ ആശയങ്ങളും പതുക്കെ വളരാന്‍ തുടങ്ങി. ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മതനിരപേക്ഷ ദേശീയത എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ മാറ്റങ്ങള്‍.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം, വിദ്യാഭ്യാസത്തിലൂടെ ദളിതരെയും സ്ത്രീകളെയും ശാക്തീകരിക്കല്‍, മതം, ജാതി, ഭാഷ, ലിംഗം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും തുല്യ പൗരത്വം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ പ്രധാന ഘടകങ്ങള്‍.

എന്നാല്‍ ഈ മാറ്റങ്ങള്‍ക്കെല്ലാം എലൈറ്റ് വിഭാഗങ്ങളില്‍ നിന്നും ഭൂവുടമകളില്‍ നിന്നും പുരോഹിതവര്‍ഗത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.

ജനാധിപത്യവല്‍ക്കരണത്തിന്റെ ആശയങ്ങളെയും പ്രവണതകളെയും പൊതുവില്‍ പ്രതിനിധീകരിച്ചത് ഭഗത് സിങ്, അംബേദ്കര്‍, ഗാന്ധി തുടങ്ങിയവരായിരുന്നു. അതേസമയം, ഈ മാറ്റങ്ങള്‍ക്ക് എതിരുനിന്ന നിലപാടുകളെ പ്രതിനിധീകരിച്ചത് മുസ്‌ലിം ലീഗ്, ഹിന്ദു മഹാസഭ, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളായിരുന്നു.

ജനാധിപത്യവത്ക്കരണ പ്രക്രിയയുടെ പ്രധാന ഘടകങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങള്‍, ദളിതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ജ്യോതിറാവു ഫുലെ, സാവിത്രിബായ് ഫുലെ, ഫാത്തിമ ഷെയ്ഖ് എന്നിവരാണ് തുടക്കം കുറിച്ചത്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സാവിത്രിബായ് ഫുലെയും ഫാത്തിമ ഷെയ്ഖും നേരിട്ട കഷ്ടപ്പാടുകള്‍ ഏറെ വലുതാണ്.

അംബേദ്കര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനങ്ങളിലും സ്ത്രീകള്‍ വലിയ തോതില്‍ പങ്കെടുത്തു.

എന്നാല്‍, എലൈറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ മാറ്റങ്ങളെയെല്ലാം എതിര്‍ക്കുക മാത്രമല്ല ചെയ്തത്. അവരുടെ സംഘടനകളായ മുസ്‌ലിം ലീഗും ആര്‍.എസ്.എസും പ്രധാനമായും പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട സംഘടനകളായിരുന്നു.

നമ്മുടെ ഭരണഘടനയാകട്ടെ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവസരങ്ങളും തുല്യ പദവിയും ഉറപ്പാക്കുന്ന നിലപാടാണ് കൃത്യമായി സ്വീകരിച്ചുപോന്നത്.

മുസ്‌ലിം ലീഗിന്റെ ആശയശാസ്ത്രം പാകിസ്ഥാനില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, ഇന്ത്യയില്‍ സ്ത്രീകളുടെ സമത്വത്തെ എതിര്‍ത്ത പ്രധാന സംഘടന ആര്‍.എസ്.എസ് ആയിരുന്നു.

1936-ല്‍ ലക്ഷ്മീബായ് കേല്‍ക്കര്‍ സ്ത്രീകള്‍ക്കും രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ അംഗങ്ങളാകാന്‍ അവസരം നല്‍കണമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലകനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ആ ആവശ്യം നിരസിക്കുകയും പകരം ‘രാഷ്ട്ര സേവികാ സമിതി’ എന്ന സംഘടന ആരംഭിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

സ്ത്രീകള്‍ക്കായി രൂപീകരിച്ച ഈ സംഘടനയുടെ പേരില്‍ ‘സ്വയം’ എന്ന വാക്ക് ഇല്ല എന്നത് ശ്രദ്ധേയമാണ്. ‘രാഷ്ട്ര സേവികാ സമിതി’ എന്ന പേര് തന്നെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴില്‍ നില്‍ക്കണമെന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്.

പുരാതനമായ മഹത്തായ ഭൂതകാലത്തിന്റെ മൂല്യങ്ങള്‍, അതായത് മനുസ്മൃതിയിലെ മൂല്യങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാരണത്താലാണ് ആര്‍.എസ്.എസ് ഭരണഘടനയെയും എതിര്‍ത്തത്.

സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ അവകാശം നല്‍കുന്ന ഹിന്ദു കോഡ് ബില്ലിന്റെ ആദ്യ കരടിനെയും ആര്‍.എസ്.എസ് പൂര്‍ണമായും എതിര്‍ത്തു.

2026 ഓഗസ്റ്റ് 23-ന് പൂനെയില്‍ പെണ്‍കുട്ടികള്‍ക്കായി മാത്രമായി രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ‘ഛാത്രോന്‍ കി ഗൂഞ്ജ്’ പരിപാടി നടന്നപ്പോള്‍ ഈ കാര്യങ്ങളെല്ലാം വീണ്ടും ഓര്‍മയിലെത്തി.

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത ഉറപ്പാക്കുന്നതിനായി നിരവധി മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍, അതേസമയം തന്നെ വിവിധ മാര്‍ഗങ്ങളിലൂടെ ഹിന്ദു ദേശീയവാദ ആശയശാസ്ത്രത്തിന്റെ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു. അതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായിരുന്നു ഗീതാ പ്രസ്സ്. മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങള്‍ ഗീതാ പ്രസ്സ് ദശലക്ഷക്കണക്കിന് കോപ്പികള്‍ പ്രസിദ്ധീകരിച്ചു. ഈ ആശയശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഇതേ നിലപാടുകള്‍ക്ക് പിന്തുണ നല്‍കി.

ഭര്‍ത്താവിന്റെ ചിതയില്‍ രൂപ് കന്‍വാറിനെ ചുട്ടുകൊന്ന സംഭവം ഓര്‍മിക്കാം. ഈ ദാരുണ സംഭവത്തെ മിക്ക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ശരിയായ രീതിയില്‍ അപലപിച്ചെങ്കിലും, ബി.ജെ.പിയുടെ വൈസ് പ്രസിഡന്റ് വിജയ രാജെ സിന്ധ്യ ‘സതി അനുഷ്ഠിക്കുന്നത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യമാണെന്നും അത് സ്ത്രീകളുടെ അവകാശവുമാണെന്നുമുള്ള മുദ്രാവാക്യമുയര്‍ത്തി പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തി. എന്നാല്‍ രസകരമായ കാര്യം, സ്വന്തം ഭര്‍ത്താവിന്റെ മരണശേഷം അവര്‍ തന്നെ ഈ ‘അവകാശം’ വിനിയോഗിച്ചില്ല എന്നതാണ്!

ഇതിനുപുറമെ, ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ മുന്‍ അധ്യക്ഷ മൃദുല സിന്‍ഹ എടുത്ത നിലപാടും ശ്രദ്ധേയമാണ്. 1994 ഏപ്രിലില്‍ ‘സാവി’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, അത്യാവശ്യമല്ലെങ്കില്‍ സ്ത്രീകള്‍ വീടിന് പുറത്ത് ജോലി ചെയ്യരുതെന്ന നിലപാടാണ് അവര്‍ പങ്കുവെച്ചത്. ഭാര്യയെ മര്‍ദിക്കുന്നതിനേയും സ്ത്രീധന സമ്പ്രദായത്തേയും അവര്‍ ന്യായീകരിക്കുകയും ചെയ്തു.

പൂനെയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി സ്ത്രീകളുടെ ശബ്ദം കേട്ടു. അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പഠനത്തിന് മുന്നിലുള്ള തടസ്സങ്ങള്‍, സ്വന്തം തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, ഒരു പൂര്‍ണ പൗരയായി ജീവിക്കുന്നതിന് അവര്‍ നേരിടുന്ന വിവിധ സാമൂഹിക സമ്മര്‍ദങ്ങളും തടസ്സങ്ങളും എന്നിവയെക്കുറിച്ചെല്ലാം സ്ത്രീകള്‍ തുറന്നുപറഞ്ഞു.

രാഹുല്‍ ഗാന്ധി ഈ യോഗത്തെ ഒരു സാമൂഹിക പരിഷ്‌കരണ പ്രക്രിയയാക്കി മാറ്റി. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്ന ദിശയിലേക്ക് സാമൂഹിക മാറ്റങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള വലിയൊരു ശ്രമമായിരുന്നു അത്. ഈ ലക്ഷ്യത്തിനായി പോരാടുന്ന സ്ത്രീ സംഘടനകള്‍ക്ക് യോഗത്തിന്റെ ആത്മാവും സന്ദേശവും വലിയ പിന്തുണ നല്‍കും.

ഇന്നത്തെ ഇന്ത്യയില്‍ ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമല്ല ശ്രമിക്കുന്നത്. സ്ത്രീകളോടും ദളിതരോടുമുള്ള പിന്നാക്ക സാമൂഹിക ബന്ധങ്ങളെയും അത് പ്രോത്സാഹിപ്പിക്കുകയാണ്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ വ്യാപകമായി കാണാനാകുമ്പോള്‍, സ്ത്രീകളെ സംബന്ധിച്ച മനുസ്മൃതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും സജീവമായി തുടരുകയാണ്. പൂനെയിലെ യോഗത്തില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

രാഹുല്‍ ഗാന്ധി ഇതിന് വ്യക്തമായ മൂന്ന് ഉദാഹരണങ്ങള്‍ മുന്നോട്ടുവച്ചു. അതിലൊന്ന് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയാണ്. ബലാത്സംഗങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തീര്‍ച്ചയായും, ‘ഭാരത്’ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഭരണഘടനയുടെ മൂല്യങ്ങളിലേക്കുള്ള മാറ്റങ്ങളുടെ സ്വാധീനം എത്താത്ത ഗ്രാമപ്രദേശങ്ങളെയായിരിക്കണം. ദളിത്, ആദിവാസി സ്ത്രീകള്‍ക്കെതിരായ ബലാത്സംഗങ്ങളെക്കുറിച്ച് അദ്ദേഹം അറിവില്ലാത്തവനായി നടിക്കുകയാണ്.

അടുത്ത ഉദാഹരണം കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 70 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നതിന് കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണ്.

ഈ കൂട്ടത്തിലെ നേതാവ്, തീര്‍ച്ചയായും, നരേന്ദ്ര മോദിയാണ്. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പെണ്‍കുട്ടികള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചതില്‍ അദ്ദേഹം അടുത്തിടെ അസ്വസ്ഥത പ്രകടിപ്പിച്ചു. ആണ്‍കുട്ടികള്‍ അതേ രീതിയില്‍ സംസാരിക്കുന്നത് അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. നമ്മുടെ വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ട ദുരവസ്ഥയെ അദ്ദേഹം ലഘൂകരിച്ച രീതിയും അപലപനീയമാണ്.

ഹിന്ദു ദേശീയവാദികളുടെ കാതലായ ആശയശാസ്ത്രം രാഹുല്‍ ഗാന്ധി കൃത്യമായി തുറന്നുകാട്ടി. ആര്‍.എസ്.എസ് മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുസ്മൃതി പ്രകാരം, ഒരു പെണ്‍കുട്ടി ബാല്യത്തില്‍ പിതാവിന്റെ നിയന്ത്രണത്തിലും, പ്രായപൂര്‍ത്തിയായ ശേഷം ഭര്‍ത്താവിന്റെ നിയന്ത്രണത്തിലും, വിധവയായാല്‍ മകന്റെ നിയന്ത്രണത്തിലുമാണ് കഴിയേണ്ടത്.

പെണ്‍കുട്ടികള്‍ക്ക് സ്വന്തമായ സ്വത്വവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് ഏറെ പ്രസക്തമായിരുന്നു. യോഗത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഈ നിലപാടിനെ ആവേശത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.

സ്ത്രീകളുടെ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ ഈ യോഗം ഒരു നാഴികക്കല്ലായി മാറണം. യോഗത്തിന്റെ സന്ദേശം വളരെ വ്യക്തവും ശക്തവുമായിരുന്നു. പെണ്‍കുട്ടികളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവര്‍ വളരെ തുറന്നും ശക്തമായും പ്രകടിപ്പിക്കുകയും ചെയ്തു.

സാധാരണ അര്‍ഥത്തിലുള്ള ‘രാഷ്ട്രീയ’ ഇടപെടലില്‍ നിന്ന് വ്യത്യസ്തമായി, രാഹുല്‍ ഗാന്ധി കൂടുതല്‍ ആഴത്തിലുള്ള ഒരു സാമൂഹിക തലത്തിലാണ് ഇടപെട്ടത്. സ്ത്രീകള്‍ തുല്യതയ്ക്കായി നടത്തുന്ന പോരാട്ടങ്ങളിലൂടെ മാറ്റം വരുത്തേണ്ട സാമൂഹിക ഘടനയെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.

പെണ്‍കുട്ടികള്‍ മറ്റൊരു പ്രധാന കാര്യവും ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായും തുല്യതയോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയണമെങ്കില്‍ ആണ്‍കുട്ടികളും മാറേണ്ടതുണ്ട്. സ്ത്രീകള്‍ മനുഷ്യരാശിയുടെ പകുതിയാണ്, ഇന്ത്യയുടെ പകുതിയാണ്.

ഹിന്ദു ദേശീയവാദ മനോഭാവത്തിന്റെ പിടിയിലായിരിക്കുന്ന ഇന്ത്യ മാറേണ്ടതുണ്ട്. അതോടൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് കരുത്തുപകരുകയും വേണം. വളര്‍ന്നുവരുന്ന ആര്‍.എസ്.എസ് സഖ്യത്തിന്റെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യേണ്ടതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.

ഡോ. രാം പുനിയാനി

സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും ഐ.ഐ.ടി ബോംബെയിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രൊഫസറുമാണ്

We use cookies to give you the best possible experience. Learn more