| Saturday, 14th June 2025, 12:47 pm

ബാലണ്‍ ഡി ഓറുകളുടെ ബാലണ്‍ ഡി ഓര്‍, ചരിത്രത്തില്‍ ഒരേയൊരു ജേതാവ് മാത്രം! ഇത്തവണയാര് നേടും മെസിയോ റൊണാള്‍ഡോയോ

ആദര്‍ശ് എം.കെ.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആര് നേടും എന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞിരിക്കുകയാണ്. പി.എസ്.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ഒസ്മാനെ ഡെംബലെ ഇത്തവണ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണഗോളം കയ്യിലേറ്റുവാങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ബാഴ്‌സലോണയ്‌ക്കൊപ്പം ഡൊമസ്റ്റിക് ട്രെബിള്‍ പൂര്‍ത്തിയാക്കിയ ബ്രസീല്‍ സൂപ്പര്‍ താരം റഫീന്യയും സ്പാനിഷ് വണ്ടര്‍ കിഡ് ലാമിന്‍ യമാലും മത്സരരംഗത്തുണ്ട്.

ബാലണ്‍ ഡി ഓര്‍ ചര്‍ച്ചകള്‍ക്കൊപ്പം തന്നെ സൂപ്പര്‍ ബാലണ്‍ ഡി ഓറിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. 2029ലായിരിക്കും ഈ പുരസ്‌കാരം സമ്മാനിക്കുന്നതെങ്കിലും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

സൂപ്പര്‍ ബാലണ്‍ ഡി ഓര്‍

ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തഗത പുരസ്‌കാരമായാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ വിലയിരുത്തപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് സമ്മാനിക്കുന്ന പുരസ്‌കാരമാണിത്.

ഇതിഹാസങ്ങളായ മെസിയും റൊണാള്‍ഡോയും തന്നെയാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ റെയ്‌സിലും ഒന്നാമതുള്ളത്. പരസ്പരം മത്സരിച്ച് ഇതിഹാസങ്ങളായ ഇരുവരും സൂപ്പര്‍ ബാലണ്‍ ഡി ഓറും സ്വന്തമാക്കി കരിയര്‍ സമ്പൂര്‍ണമാക്കാനാണ് ഇരുവരും ഒരുങ്ങുന്നത്.

ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളവുമായി മെസിയും റൊണാള്‍ഡോയും

അര്‍ജന്റീനയ്‌ക്കൊപ്പവും ക്ലബ്ബ് തലത്തില്‍ പ്രത്യേകിച്ച് ബാഴ്‌സലോണയ്‌ക്കൊപ്പും സ്വന്തമാക്കിയ നേട്ടങ്ങളാണ് മെസിയെ സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ ഫേവറിറ്റുകളാക്കുന്നത്. റൊസാരിയോ തെരുവിന്റെ രാജകുമാരന്‍ സ്വന്തമാക്കിയ എട്ട് ബാലണ്‍ ഡി ഓറുകളും ഈ നേട്ടങ്ങളുടെ പകിട്ടേറ്റും.

ലോകത്തിന് നെറുകയില്‍

ക്ലബ്ബ് തലത്തില്‍ മെസിയേക്കാള്‍ നേട്ടമുണ്ടാക്കിയാണ് റൊണാള്‍ഡോ മുന്നേറുന്നത്. അഞ്ച് ബാലണ്‍ ഡി ഓറും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും പോര്‍ച്ചുഗലിനൊപ്പം രണ്ട് നേഷന്‍സ് ലീഗ് കിരീടവും യൂറോ കപ്പുമായാണ് റൊണോ കുതിക്കുന്നത്. 1,000 കരിയര്‍ ഗോളുകളിലേക്ക് കുതിക്കുന്ന പോചര്‍ച്ചുഗല്‍ ലെജന്‍ഡിന്റെ ഈ നേട്ടവും താരത്തിന് കരുത്തായേക്കും.

മൂന്ന് ക്ലബ്ബുകള്‍ക്കൊപ്പം 100 ഗോള്‍ പൂര്‍ത്തിയാക്കിയ താരം അല്‍ നസറിനൊപ്പവും ഈ നേട്ടത്തിലേക്ക് അടുക്കുകയാണ്. അല്‍ അലാമിക്ക് വേണ്ടി വിവിധ ടൂര്‍ണമെന്റുകളിലായി 99 ഗോള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റ ഗോള്‍ കൂടി നേടിയാല്‍ താരത്തിന് മഞ്ഞക്കുപ്പായത്തിലും 100 ഗോള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാം.

മാഞ്ചസ്റ്ററിനൊപ്പം കിരയറില്‍ ആദ്യമായി യൂറോപ്പ് കീഴടക്കിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പം നാല് തവണയും കിരീടമുയര്‍ത്തി

എന്നാല്‍ ഫിഫ ലോകകപ്പ് മെസിയുടെ പോര്‍ട്‌ഫോളിയോയില്‍ പ്ലസ് പോയിന്റായി തന്നെ തുടരുകയാണ്. സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ സമ്മാനിക്കും മുമ്പ് തന്നെ 2026 ലോകകപ്പും വരുന്നുണ്ട് എന്നതിനാല്‍ തന്നെ റൊണാള്‍ഡോയുടെ സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല.

ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ നസാരിയോയും സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ റെയ്‌സിലുണ്ട്. ബ്രസീലിനൊപ്പം നേടിയ രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയ്ക്കും പുറമെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്ന നേട്ടവുമായാണ് ആര്‍ 9 ലോകഫുട്‌ബോളിലെ ഒന്നാം നമ്പര്‍ പുരസ്‌കാരം ലക്ഷ്യം വെക്കുന്നത്. പരിക്കുകള്‍ തളര്‍ത്തിയിരുന്നില്ലെങ്കില്‍ ഏറെ മുന്നേറേണ്ടിയിരുന്ന കരിയറായിരുന്നു റൊണാള്‍ഡോ നസാരിയോയുടേത്.

ലോകകപ്പ് മുത്തം

ഇവര്‍ക്ക് പുറമെ സിനദിന്‍ സിദാന്‍, ജിയാന്‍ലൂജി ബഫണ്‍, പൗളോ മാല്‍ഡീനി, റൊണാള്‍ഡീന്യോ, ആന്ദ്രേ ഇനിയേസ്റ്റ, സാവി, റൂഡ് ഗില്‍ട്ട് എന്നിവരും സാധ്യാത പട്ടികയിലുണ്ട്.

ബാലണ്‍ ഡി ഓറുകളുടെ ബാലണ്‍ ഡി ഓര്‍

കായിക ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുരസ്‌കാരമായിട്ടാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ വിലയിരുത്തപ്പെടുന്നത്. 30 വര്‍ഷക്കാലത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്കാണ് ഈ പുരസ്‌കാരം ലഭിക്കുക.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ അതിന്റെ 30ാം വാര്‍ഷികം ആഘോഷിച്ച 1989ലാണ് ഈ പുരസ്‌കാരം ആദ്യമായും അവസാനമായും കൈമാറിയത്. റയലിന്റെ ഇതിഹാസ താരം ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി ഫുട്ബോള്‍ ചരിത്രത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.

1956 നും 1960 നും ഇടയില്‍ റയല്‍ മാഡ്രിഡിനായി 308 ഗോളുകള്‍ നേടിയതിന് പിന്നാലെയാണ് ഈ പുരസ്‌കാരം സ്‌റ്റൈഫാനോയെ തേടിയെത്തിയത്. 1957ലെയും 1959ലെയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും സ്റ്റെഫാനോ തന്നെയായിരുന്നു.

അന്ന് ഇതിഹാസങ്ങളായ യോഹാന്‍ ക്രൈഫിനെയും മൈക്കല്‍ പ്ലാറ്റിനിയെയും പിന്തള്ളിയാണ് സ്റ്റെഫാനോ സൂപ്പര്‍ ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടത്.

സൂപ്പര്‍ ബാലണ്‍ ഡി ഓറിന് മുമ്പില്‍ സ്റ്റെഫാനോ

യൂറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു അന്ന് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ജനിച്ചത് അര്‍ജന്റീനയിലെ ബ്യൂണസ്‌ ഐറിസിലാണെങ്കിലും സ്പാനിഷ് പാസ്‌പോര്‍ട്ട് ഉള്ളതിനാലാണ് ഡി സ്റ്റെഫാനോയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്.

അക്കാലയളവില്‍ ബാലണ്‍ ഡി ഓറിന് പോലും യൂറോപ്യന്‍ താരങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നത്. ഇതിഹാസ താരം പെലെക്കും മറഡോണക്കും തങ്ങളുടെ കരിയറില്‍ പുരസ്‌കാരം ലഭിക്കാതെ പോയതിന് കാരണവും ഇതുതന്നെയായിരുന്നു. 1995ല്‍ ഇതില്‍ മാറ്റം വരുത്തുകയും മറ്റ് താരങ്ങളെ ബാലണ്‍ ഡി ഓറിനായി പരിഗണിക്കുകയും ചെയ്തു.

സൂപ്പര്‍ ബാലണ്‍ ഡി ഓറിനും യൂറോപ്യന്‍ താരങ്ങളെ മാത്രമേ പരിഗണിക്കൂ എന്നാണെങ്കില്‍ കൂടിയും മെസിക്കും ഈ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടാകും. കളിക്കുന്നതും കിരീടം നേടിയതും അര്‍ജന്റീനക്ക് വേണ്ടിയാണെങ്കിലും മെസിക്ക് സ്പാനിഷ് പൗരത്വമുണ്ട് എന്നതുതന്നെയാണ് ഇതിന് കാരണവും.

Content Highlight: Who will win Super Super Ballon d’Or?

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more