മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ താരസംഘടനയായ AMMA യില്‍ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇന്ന് (ആഗസ്റ്റ് 14) നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലുമാണ് മത്സരം. ജോയിന്റ് സെക്രട്ടറിയായി നേരത്തെ അന്‍സിബ ഹസന്‍ എതിരില്ലാതെ ജയിച്ചിരുന്നു.
വാശിയേറിയ മത്സരമാണ് നടന്നത്. ഒരു മണിയോടെ പോളിംഗ് അവസാനിച്ചു. ആകെ 298 വോട്ടുകള്‍ രേഖപ്പെടുത്തി. 504 അംഗങ്ങളാണ് സംഘടനയിലുള്ളത്. രണ്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. നാല് മണിക്ക് വാര്‍ത്ത സമ്മേളനത്തിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്ക് ജയിച്ചവര്‍ ആരൊക്കെയാണെന്ന് പ്രഖ്യാപിക്കും.
നീന കുറുപ്പ്, സജിത ബേട്ടി, സരയു, ആശാ അരവിന്ദ്, അഞ്ജലി നായര്‍, കൈലാഷ്, വിനി മോഹന്‍, ജോയ് മാത്യു, സിജോയ് വര്‍ഗീസ്, റോണി, സിനി ടോം, സന്തോഷ് കിഴാറ്റൂര്‍, നന്ദു പൊതുവാള്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മത്സരിക്കുന്നത്.
ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ട്രഷര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചു.
വോട്ടെടുപ്പില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള പ്രമുഖ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ യുവതാരങ്ങളില്‍ പലരും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Who will lead AMMA? Voting has ended