ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ൽ അർജന്റീനയെ കാത്തിരിക്കുന്നത് ആരാണ്? പഴയ പകയോ? പുതിയ തീപ്പൊരികളോ? ഗ്രൂപ്പ് ജെയിൽ ഒന്നാംസ്ഥാനമുറപ്പിച്ച മെസിപ്പട ഗ്രൂപ്പ് എച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. അവിടെ നിന്നുള്ള രണ്ടാം സ്ഥാനക്കാരാണ് അൽബിസെലെസ്റ്റെസിന്റെ എതിരാളികൾ. എന്നാൽ ആ ഗ്രൂപ്പിൽ ഇപ്പോൾ വിധിയെഴുത്ത് കഴിഞ്ഞിട്ടില്ല, കണക്കുകൂട്ടലുകൾ പോലും ആശയക്കുഴപ്പത്തിലാണ്.
സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ, കേപ് വെർദെ ഇവരിൽ ആരുമാവാം അവിടത്തെ രണ്ടാം സ്ഥാനക്കാർ. ജൂൺ 27ന് അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ഫൈനൽ വിസിൽ മുഴങ്ങുന്നതോടെ മാത്രമേ ആ വലിയ ഉത്തരം തെളിയൂ.
ഫുട്ബോളിന് ചില ശീലങ്ങളുണ്ട്. ചിലപ്പോൾ അത് ചരിത്ര പുസ്തകങ്ങൾ പൊടിതട്ടിയെടുക്കും. അല്ലെങ്കിൽ പഴയ മുറിവുകളിൽ മുളക് പുരട്ടും. ചില സന്ദർഭങ്ങളിൽ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളെ ലോകത്തിന്റെ കേന്ദ്രമാക്കി മാറ്റും. ഇത്തവണ അർജന്റീനയെ റൗണ്ട് ഓഫ് 32 ൽ കാത്തിരിക്കുന്നത് ഈ മൂന്ന് സാധ്യതകളുടെ നാല് വഴികളാണ്.
സ്പെയിൻ ആണെങ്കിൽ, അത് നേരത്തെയെത്തിയ ഫൈനലായി മാറും. ആധുനിക ഫുട്ബോളിലെ രണ്ട് വീര്യവാന്മാർ തമ്മിലുള്ള പെരുങ്കളിയാട്ടം. അർജന്റീനയും സ്പെയിനും ലോകകപ്പിൽ ആദ്യമായും അവസാനമായും നേർക്കുനേർ നിന്നത് 1966 ൽ ഇംഗ്ലണ്ടിന്റെ മണ്ണിലാണ്. അന്ന് അർജന്റീന 2-1ന് ജയിച്ചു. അതിനുശേഷം ആറു പതിറ്റാണ്ട് കടന്നുപോയി. ലോകം പാടെ മാറി.
അർജന്റീന മൂന്ന് തവണയും സ്‌പെയിൻ ഒരു തവണയും ലോകകപ്പ് ഉയർത്തി. മറഡോണ ചരിത്രമായി. മെസി ഇതിഹാസമായി. പക്ഷേ ലോകകപ്പിൽ ഇവർ തമ്മിലുള്ള പോരാട്ടം പിന്നീടൊരിക്കലും നടന്നില്ല. എങ്ങാനും അത് ഇത്തവണ സംഭവിച്ചാൽ? റൗണ്ട് ഓഫ് 32ന്റെ ബോർഡ് വെച്ചാലും ഫൈനലിന്റെ ചൂടാവും പുറത്തേക്ക് വമിക്കുക.
സൗദിയെങ്കിലോ? ഖത്തർ മരുഭൂമിയിൽ കിട്ടിയ കുത്തിന് മറുകുത്ത് ബാക്കി നിൽക്കുന്നു. കാട്ടിൽ മാത്രമല്ല ഫുട്ബോളിലും പുലികൾ ചിലപ്പോൾ അലസമായി ഉറങ്ങാറുണ്ട്. 2022ൽ ഒരു ഉച്ച കഴിഞ്ഞ് അർജന്റീന അങ്ങനെയൊന്ന് ഉറങ്ങിയപ്പോൾ സൗദി ഒട്ടകങ്ങൾ ചവിട്ടിക്കൂട്ടി. വിശ്വവിജയത്തിലേക്കുള്ള യാത്രയിൽ കിട്ടിയ വടിവാൾ കൊണ്ടുള്ള വെട്ട്. സൗദി വീണ്ടും വന്നാൽ അത് പ്രതികാരത്തിന്റെ മത്സരം എന്ന തലക്കെട്ട് സ്വയം എടുത്തണിയും. ആ തോൽവി മറന്നിട്ടില്ല എന്ന നിശബ്ദ മുദ്രാവാക്യം ഓരോ അർജന്റീന കളിക്കാരന്റെയും ശരീരഭാഷയിലും പാസിലും തെളിഞ്ഞുകാണും.
2022 ഫിഫ ലോകകപ്പിൽ അർജന്റീനക്കെതിരെ വിജയമാഘോഷിക്കുന്ന സൗദി അറേബ്യ. Photo: Bleacher Report Football/facebook.com
കേപ് വെർദെ ആയാൽ ? ഓരോ ലോകകപ്പിലും ഒരു പ്രണയകഥയുണ്ട്. ഇത്തവണ ആ കഥയുടെ പേര് കേപ് വെർദെ എന്നാണ്. ആഫ്രിക്കൻ തീരത്തെ കുഞ്ഞൻ ദ്വീപ്. ലോകകപ്പിലേക്ക് ആദ്യ പ്രവേശനം. പക്ഷേ കളിക്കുന്നത് ആദ്യമായി എത്തിയ ടീമിനെപ്പോലെയല്ല. വമ്പന്മാരെ വിറപ്പിച്ചും പ്രവചനങ്ങളെ പരിഹസിച്ചും അവർ ഇവിടെവരെ എത്തിയിരിക്കുന്നു.
ഫുട്ബോളിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് അറിയാമോ? ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ‘ഇവർ ആരാ?’ എന്ന് ചോദിച്ചവർ പിന്നീട് ‘ഇവരെ എങ്ങനെ തടയും?’ എന്ന് ചോദിക്കുന്നിടത്ത് ആണ്. കേപ് വെർദെ വന്നാൽ അർജന്റീനയ്ക്ക് മുന്നിൽ നിൽക്കുക ഒരു രാജ്യമല്ല, ഒരു സ്വപ്നമായിരിക്കും.
ഉറുഗ്വേയെ സങ്കല്പിച്ചു നോക്കൂ. ലാ പ്ലാറ്റയുടെ തീതുപ്പുന്ന ഡെർബി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വൈരങ്ങളിലൊന്ന്. അർജന്റീനയും ഉറുഗ്വേയും, രണ്ട് രാജ്യങ്ങൾ, ഒരു നദി. ഒരേ സംസ്കാരത്തിന്റെ രണ്ട് കരകൾ. പക്ഷേ പന്തുരുണ്ടുതുടങ്ങിയാൽ അവർ അയൽക്കാരല്ല, കലാപകാരികൾ.
1930 ലോകകപ്പ് ഫൈനൽ തൊട്ടുള്ള നിരവധി കഥകൾ. കോപ്പ അമേരിക്കകളിലെ യുദ്ധങ്ങൾ. ആവേശം, വികാരം, തർക്കങ്ങൾ, തല്ലുകൾ, ചുവപ്പ് കാർഡുകൾ. ചില മത്സരങ്ങൾ തോൽക്കാതിരിക്കാനാണ് കളിക്കുന്നത്. എന്നാൽ അർജന്റീന – ഉറുഗ്വേ പോരാട്ടങ്ങൾ ജീവിക്കാൻ വേണ്ടി മരിക്കുന്നവയാണ്.
പഴയ പകയാവാം. പ്രതികാരമാവാം. സ്വപ്നമാവാം. പക്ഷേ ഒരു കാര്യം ഉറപ്പ്, അർജന്റീനയുടെ റൗണ്ട് ഓഫ് 32 മത്സരം കാല് വേവുന്ന കാത്തിരിപ്പിന്റെയും ഹൃദയം നിലയ്ക്കുന്ന നിമിഷങ്ങളുടെയും ഒരു നോക്കൗട്ട് മഹാനാടകമായിരിക്കും.
Content Highlight: Who will Argentina face in round 32 in FIFA World Cup 2026