| Thursday, 21st March 2019, 9:12 am

എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആരു മറുപടി പറയും; സംഝോത എക്‌സ്പ്രസ് സ്ഥോടനത്തില്‍ മക്കളെ നഷ്ടപ്പെട്ട റാണാ അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും? ആരാണവരെ കൊന്നത്? കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല”- 2007ല്‍ സംഝോത എക്‌സ്പ്രസില്‍ നടന്ന ബോംബാക്രമണത്തില്‍ തന്റെ അഞ്ചു മക്കളെ നഷ്ടപ്പെട്ട റാണാ ഷൗക്കത്തലി പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് കൊണ്ട് ചോദിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അലിയും കുടംബവും.

2007 സംഝോത ട്രെയിന്‍ സ്ഫോടനക്കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് എന്‍.ഐ.എ കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു അലിയുടെ പ്രതികരണം. ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍.

അലിക്കും ഭാര്യ റുബ്‌സാനയ്ക്കും 2007ലെ സ്‌ഫോടനത്തില്‍ നഷ്ടമായത് തങ്ങളുടെ അഞ്ച് മക്കളെയാണ്. ഇളയ മകള്‍ അക്‌സ ഷെഹ്‌സാദിയെ മാത്രമായിരുന്നു ദമ്പതികള്‍ക്ക് അന്ന് തിരിച്ച് കിട്ടിയത്. 2007ദല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അലിയും കുടുംബവും.

“ഹിന്ദുവാണെങ്കിലും മുസ്‌ലിം ആണെങ്കിലും, അവര്‍ കുട്ടികളായിരുന്നില്ലെ”- റുബ്‌സാന ചോദിക്കുന്നു. സ്ഥോടനത്തിന് ശേഷം തങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും, എന്നാല്‍ സാക്ഷി പറയാനുള്ള അവസരം ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയില്ലെന്നും അലി പറയുന്നു. ഞങ്ങള്‍ സാക്ഷി പറഞ്ഞിരുന്നെങ്കില്‍ വിധി ഇന്ന് മറ്റൊന്നായിരുന്നേനെ അലി കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിയ്ക്ക് സാധിച്ചില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വിട്ടയക്കുകയായിരുന്നു.

കേസില്‍ മാര്‍ച്ച് ആറിന് വാദം പൂര്‍ത്തിയായി മാര്‍ച്ച് 11 ന് വിധി പറയേണ്ടതായിരുന്നു. എന്നാല്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പാക് പൗരന്റെ മകള്‍ റാഹില വഖീല്‍ നല്‍കിയ അവസാന നിമഷ ഹരജിയെ തുടര്‍ന്നാണ് കേസ് വിധി പറയുന്നത് മാറ്റിവെച്ചത്. സ്‌ഫോടനത്തിന് ദൃക്‌സാക്ഷികളായവര്‍ ഭൂരിപക്ഷവും പാക് പൗരന്മാരാണെന്നും ഇവരെ കോടതിയില്‍ വിസ്തരിച്ചിട്ടില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഹരജി ഹരിഗണിച്ച കോടതി ഇതു തള്ളുകയായിരുന്നു.

2007 ഫെബ്രുവരി 18നായിരുന്നു ലാഹോറിനും ദല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം നടന്നത്. ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ചായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ മരണപ്പെട്ട 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു.

മക്ക മസ്ജിദ്, അജ്മീര്‍ദര്‍ഗ സ്‌ഫോടനക്കേസുകളിലും അസീമാനന്ദയെ കോടതികള്‍ വെറുതെ വിട്ടിരുന്നു. അസീമാനന്ദയാണ് ഗൂഢാലോചന നടത്തിയതെന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായമൊരുക്കിയതന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 2015 മുതല്‍ അസീമാനന്ദ പുറത്താണ്.

കേസില്‍ എട്ട് പേര്‍ കുറ്റാരോപിതരാണെങ്കിലും അസീമാനന്ദയടക്കം നാല് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, ലോകേഷ് ശര്‍മ്മ എന്നീ പ്രതികള്‍ ഇപ്പോള്‍ അംബാല സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം അമിത് ചൗഹാന്‍, രാമചന്ദ്ര കല്‍സന്‍ഗ്ര, സന്ദീപ് ഡാങ്കെ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ വിശേഷിപ്പിച്ചിരുന്ന സുനില്‍ ജോഷി 2017ല്‍ മധ്യപ്രദേശില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more