| Thursday, 9th April 2026, 9:38 pm

ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്ന് ലെബനന്റെ ആരോഗ്യരംഗം; ജീവന്‍ രക്ഷാ മരുന്നുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്ന് WHO

അനിത സി

ജനീവ: ഇസ്രഈലിന്റെ കനത്ത ആക്രമണത്തില്‍ ലെബനന്റെ ആരോഗ്യരംഗത്തിന് കനത്ത തിരിച്ചടികളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന.

ബുധനാഴ്ച ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ലെബനനിലെ ചില ആശുപത്രികളില്‍ ജീവന്‍ രക്ഷയ്ക്കുള്ള ട്രോമാ മെഡിക്കല്‍ കിറ്റുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോയോക്കാവുന്ന അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച അറിയിച്ചു.

പരിക്കേറ്റവര്‍ക്കുള്ള ബാന്‍ഡേജുകള്‍, ആന്റിബയോട്ടിക്കുകള്‍, അനസ്‌തെറ്റിക്‌സ് എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് നേരിടുന്നത്.

‘ചില ട്രോമ മാനേജ്‌മെന്റ് സപ്ലൈകള്‍ കുറവായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ സാധനങ്ങള്‍ തീര്‍ന്നുപോയേക്കാം,’ ലോകാരോഗ്യ സംഘടനയുടെ ലെബനന്‍ പ്രതിനിധി ഡോ. അബ്ദുനാസിര്‍ അബൂബക്കര്‍ അറിയിച്ചു.

‘ഇന്നലെ സംഭവിച്ചതുപോലെ ഒരു വലിയ അപകടം സംഭവിച്ചാല്‍, അത് മറ്റൊരു ദുരന്തമായിരിക്കും. ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതിനാല്‍ നമുക്ക് കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

സമീപകാലത്ത് മരണസംഖ്യ വര്‍ധിച്ചതാണ് ട്രോമ കിറ്റുകളുടെ ലഭ്യതക്കുറവിന് കാരണം. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഏകദേശം മൂന്ന് ആഴ്ചത്തേക്ക് ആവശ്യമായ സാമഗ്രികളും മരുന്നുകളും ഒരു ദിവസം കൊണ്ട് തീര്‍ന്നു,’അബൂബക്കര്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും കാരണം മരുന്നുള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ സാമഗ്രികളുടെ വിതരണ ശൃംഖലകള്‍ തടസപ്പെട്ടു. ഇതോടെ, പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പോലുള്ള മരുന്നുകളും ആഴ്ചകള്‍ക്കുള്ളില്‍ തീര്‍ന്നുപോകുമെന്ന് അബൂബക്കര്‍ അറിയിച്ചു.

മാര്‍ച്ച് രണ്ടിന് ലെബനന് നേരെ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ബുധനാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റദിവസം മാത്രം 250 ലധികം പേര്‍ കൊല്ലപ്പെടുകയും 1,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ലെബനനിലേക്ക് മരുന്നുകളെത്തിക്കുന്നതിനുള്ള ചെലവ് മൂന്നിരട്ടിയായി വര്‍ധിച്ചു. ലോകാരോഗ്യ സംഘടനയ്ക്കും സഹായം നല്‍കുന്നതില്‍ പരിമിതികളുണ്ടെന്നും സംഘടനാ പ്രതിനിധി പറഞ്ഞു. മരുന്നുകളുടെ സ്റ്റോക്ക് മുഴുവന്‍ തീര്‍ന്നുപോകാതിരിക്കാനായി ആശുപത്രികളില്‍ നിന്നും ജീവന്‍രക്ഷാ മരുന്നുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ ലെബനന്‍ ആരോഗ്യ മന്ത്രാലയം ശ്രമങ്ങള്‍ തുടരുകയാണ്.

ഇസ്രഈല്‍ ആക്രമണം ഭയന്ന് ഇതിനോടകം ലെബനനിലുടനീളം പത്ത് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനത പലായനം ചെയ്തത് കുടിയിറക്കത്തിന്റെ തോത് അതിവേഗം വര്‍ധിക്കുന്നതിന്റെ തെളിവാണെന്ന് യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് ബാബര്‍ ബലൂച്ച് പറഞ്ഞു.

Content Highlight: Lebanon’s healthcare sector collapses after Israeli attack; WHO warns life-saving drugs will run out within days

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more