| Friday, 7th November 2025, 3:34 pm

ഗസയിൽ 16,500ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലേക്ക് 16,500 ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന. ഇവരെ ഉടൻ ചികിത്സയ്ക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്നും അതിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

മറ്റു രാജ്യങ്ങൾ ഗസയിൽ നിന്നും രോഗികളെ ചികിത്സയ്ക്കായി സ്വീകരിക്കണമെന്നും 16,500 ലധികം ആളുകൾക്ക് ഇപ്പോഴും ഗസയിൽ അടിയന്തര ചികിത്സാ സഹായം ആവശ്യമാണെന്നും ഗെബ്രിയേസസ് പറഞ്ഞു.

രോഗികളെ ചികിത്സ നൽകുന്നിടത്തേക്ക് മാറ്റുന്നതിനായുള്ള സൗകര്യങ്ങളൊരുക്കണമെന്നും കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ നിന്നുള്ള വഴികൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഗസയിൽ ഗുരുതരാവസ്ഥയിലായ 19 രോഗികളെയും ഒപ്പമുള്ള 93 പേരെയും ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന ഇറ്റലിയിലേക്ക് മാറ്റിയിരുന്നു.

ഇറ്റാലിയൻ സർക്കാരിന്റെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗസയിലെ
നിലവിലുള്ള പ്രതിസന്ധികൾക്ക് ലഭിച്ച അന്താരാഷ്ട്ര ചികിത്സാ സഹായത്തിന്റെ നല്ല ഉദാഹരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ ആരോഗ്യ സംവിധാനങ്ങൾ പൂർണമായും തകർന്നന്നെന്നും സംഘർഷവും വിഭവ ദൗർലഭ്യവും കാരണം ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ യുണിസെഫ്, യു.എൻ.ആർ.ഡബ്ല്യു.എ, ലോകാരോഗ്യസംഘടന എന്നിവ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഗാസ മുനമ്പിൽ പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാരം, വളർച്ചാ നിരീക്ഷണം എന്നിവയ്ക്കായി ഒരു സംയോജിത ക്യാച്ച്-അപ്പ് കാമ്പയിൻ ആരംഭിച്ചിരുന്നെന്ന് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് ചെയ്തിരുന്നു.

ഗസയിലെ നിരവധി പേർക്ക് വരും വർഷങ്ങളിൽ പുനരധിവാസ പരിചരണവും പിന്തുണയും ആവശ്യമായി വരുമെന്ന് ഡബ്ല്യു.എച്ച്.ഒ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: WHO says more than 16,500 Palestinians in Gaza need urgent medical assistance

We use cookies to give you the best possible experience. Learn more