വാഷിങ്ടണ്‍: കുട്ടിക്കാലത്തെ വാക്‌സിനേഷനും ഗര്‍ഭകാലത്തെ പാരസെറ്റാമോള്‍ ഉപയോഗവും ഓട്ടിസത്തിന് കാരണമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി ലോകാരോഗ്യ സംഘടന ഡബ്ല്യു.എച്ച്.ഒ. ഗര്‍ഭകാലത്തെ പാരസെറ്റാമോള്‍ ഉപയോഗം കൊണ്ട് ഓട്ടിസമുണ്ടാകുമെന്നതിന് മതിയായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞു.
‘വാദങ്ങളെല്ലാം പൊരുത്തക്കേടുള്ളതാണ്, വാക്‌സിനുകള്‍ ഓട്ടിസത്തിന് കാരണമാകില്ലെന്ന് നമുക്കറിയാം. വാക്‌സിനുകള്‍, എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്, ഇക്കാര്യങ്ങളെ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യരുത്,’ ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക് ജഷാരെവിച്ച് ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതിനുള്ള നിലവിലെ നിര്‍ദേശങ്ങള്‍ മാറ്റേണ്ട തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്പ് മെഡിസിന്‍ ഏജന്‍സി (ഇ.എം.എ) നേരത്തെ പറഞ്ഞിരുന്നു.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ടൈലനോള്‍ (പാരസെറ്റാമോള്‍) എന്ന മരുന്ന് കഴിക്കുന്നത് നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പറഞ്ഞത്. രാജ്യത്ത് ഓട്ടിസം നിരക്ക് വര്‍ദ്ധിക്കുന്നതുമായി ഇതിന് ബന്ധമുണ്ടെന്നാണ് ട്രപംപിന്റെ അവകാശവാദം. എന്നാല്‍ തന്റെ അവകാശവാദം തെളിയിക്കുന്ന തെളിവുകളൊന്നും ട്രംപ് ഹാജരാക്കിയിട്ടില്ല.
‘അത് ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ഞാന്‍ പറയും. വൈദ്യശാസ്ത്രപരമായി ആവശ്യമില്ലെങ്കില്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ ടൈലനോള്‍ ഉപയോഗം പരിമിതപ്പെടുത്തണം.’ പത്രസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു.
കുട്ടികള്‍ക്കെടുക്കുന്ന വാക്‌സിനേഷനെക്കുറിച്ചും ട്രംപ് സംസാരിച്ചു. ‘കുഞ്ഞ് വളര്‍ന്ന് 12 വയസ് പ്രായമാകുന്നതുവരെ കാത്തിരിക്കുക എന്നാണ് ഞാന്‍ പറയുന്നത്,’ കുട്ടികള്‍ക്കുള്ള വാക്‌സിനുകളെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
Content Highlight: WHO rejects Donald Trump’s claim that paracetamol use during pregnancy causes autism