ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണം അടക്കമുള്ള പൊലീസ് അതിക്രമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷായ്ക്ക് അയച്ച കത്തിലാണ് രാഹുല്‍ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാനും മറ്റ് അതിക്രമങ്ങള്‍ നടത്താനും ദല്‍ഹി പൊലീസിന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അമിത് ഷാ അനുമതി നല്‍കിയിരുന്നോ എന്ന് രാഹുല്‍ കത്തില്‍ ചോദിച്ചു. ആഭ്യന്തര മന്ത്രി അല്ല അനുമതി നല്‍കിയതെങ്കില്‍ മറ്റാരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ആരാഞ്ഞു.
ദല്‍ഹി സമരത്തിനു നേര്‍ക്ക് പൊലീസിന് പുറമെ സിവില്‍ വേഷത്തിലുള്ളവരും ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചും രാഹുല്‍ കത്തില്‍ ചോദിക്കുന്നു. ആരാണ് വിദ്യാര്‍ത്ഥികളെ നേരിടാനായി അവരെ ഇറക്കാന്‍ അനുമതി നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.
‘സാധാരണ വസ്ത്രം ധരിച്ച ആളുകള്‍ ലാത്തികള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ അടിച്ചിട്ടുണ്ട്. അവര്‍ ആരാണ്. അവര്‍ പോലീസ് ഉദ്യോഗസ്ഥരോ സന്നദ്ധപ്രവര്‍ത്തകരോ ആണോ? ആരാണ് അവരെ ഇറക്കാന്‍ അനുമതി നല്‍കിയത്?,’ രാഹുല്‍ ചോദിച്ചു.
സമരത്തിന് നേര്‍ക്കുള്ള പൊലീസ് അതിക്രമങ്ങളെ കത്തില്‍ രാഹുല്‍ അപലപിച്ചു. ദല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദിത്തം ആവശ്യപ്പെട്ടാണ് ഞാന്‍ കത്ത് എഴുതുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
‘ന്യായമുള്ളതും ഉത്തരവാദിത്തപൂര്‍ണമായതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. അവരുടെ വാക്കുകള്‍ കേള്‍ക്കുന്നതിനുപകരം, വിദ്യാര്‍ത്ഥികളെന്ന പരിഗണന പോലുമില്ലാതെ സുരക്ഷാ സേനയെക്കൊണ്ട് മാരകായുധങ്ങളും കണ്ണീര്‍വാതകവും ഉള്‍പ്പെടെ ഉപയോഗിച്ച് അവരെ ആക്രമിച്ചു,’ രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പെല്ലറ്റ് ഗണ്‍ ആക്രമണമാണ് പൊലീസ് അതിക്രമങ്ങളില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥിനികള്‍ക്ക് നേര്‍ക്ക് അവരുടെ സ്വകാര്യ ഭാഗങ്ങള്‍ മനപൂര്‍വ്വം ലക്ഷ്യമാക്കി പോലീസ് ആക്രമണം നടത്തിയെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പെല്ലെറ്റ് ഗണ്ണുകളില്‍ നിന്ന് പരിക്കേറ്റ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കമുള്ള വ്യക്തികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പുറത്തുവന്നിരുന്നു. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് കടുത്ത വേദന അനുഭവിക്കുന്ന 19 വയസ്സുകാരനായ വിദ്യാര്‍ത്ഥി സാഹില്‍ ലോച്ചാബിനെ ഞാന്‍ കണ്ടിരുന്നുവെന്നും രാഹുല്‍ തന്റെ കത്തില്‍ പരാമര്‍ശിച്ചു.
സമാധാനപരമായ പ്രതിഷേധം എല്ലാ ജനാധിപത്യങ്ങളിലും നിര്‍ണായകമാണ്. പ്രതിഷേധക്കാരെ സംരക്ഷിക്കുക എന്നതും അവരുടെ പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇത്തരം ക്രൂരമായ അക്രമങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നവയാണ്. അവ രാജ്യത്തെ രോഷാകുലമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭാവിയായ യുവാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത് ഉത്തരങ്ങള്‍ക്കായും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വേണ്ടിയുമാണെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
Content Highlight: Who Ordered to Use Pellet Guns Against Protesting Students: Rahul Gandhi’s Letter to Amit Shah