ന്യൂദല്‍ഹി: രാജ്യത്തെ എസ്.ഐ.ആര്‍ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യ മുന്നണി നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. ആരാണ് രാജ്യത്ത് എസ്.ഐ.ആര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നതിനെക്കുറിച്ചടക്കമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുന്നത്. 48 ചോദ്യങള്‍ ചോദിക്കാന്‍ അനുമതി തേടി തങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതായി കോണ്‍ഗ്രസ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ഹരജിയിലാണ് ഈ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, കമ്മീഷനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ എന്നിവരില്‍ നിന്ന് സത്യപ്രതിജ്ഞാപരമായ മറുപടികള്‍ ലഭിക്കണമെന്ന് ഹര്‍ജിയിര്‍ ആവശ്യപ്പെടുന്നു.
ഇന്ററോഗേറ്ററി എന്ന നിലയില്‍ 48 ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം അനുമതി തേടിയത്. കോടതിയുടെ അനുമതിയോടെ, ഒരു കക്ഷിക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മറുപക്ഷത്തിന് അയക്കാവുന്ന രേഖാമൂലമുള്ള ചോദ്യങ്ങളുടെ കൂട്ടമാണ് ഇന്ററോഗേറ്ററികള്‍.
വോട്ട് മോഷണം സംബന്ധിച്ച് ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് പോലും, തങ്ങളുടെ മുന്‍ ഹരജിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ‘വോട്ട് മോഷണത്തിന് വഴിയൊരുക്കിയ, വോട്ടര്‍ പട്ടികാ തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) ഗുരുതരമായ വീഴ്ചകളുടെ പേരില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, ഐ.ടി വിഭാഗം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്,’ എന്നും പോസ്റ്റില്‍ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങളോട് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എത്ര തവണ വിയോജിച്ചിട്ടുണ്ടെന്നും രാജ്യവ്യാപകമായി എസ്.ഐ.ആര്‍ നടത്താന്‍ തീരുമാനിച്ചത് ആരാണെന്നും അടക്കമുള്ള ചോദ്യങ്ങളാണ് ഇന്ററോഗേറ്ററിയിലുള്ളത്. ഫോം ആറ് മാറ്റാന്‍ തീരുമാനിച്ചത് ആരാണ്? ഡാറ്റാബേസുകളായ ഇ.ആര്‍.ഒ.നെറ്റ് (ഋഞഛചഋഠ), ഇ.സി.ഐ നെറ്റ് (ഋഇകചഋഠ), എന്നിവ കേന്ദ്രീകരിക്കാനും, വോട്ടര്‍ പട്ടികയിലേക്കുള്ള ആക്‌സസ് കേന്ദ്രീകൃതമായി നിയന്ത്രിക്കാനും തീരുമാനിച്ചത് ആരാണെന്നും ഇന്ത്യ സഖ്യം കമ്മീഷനോട് ചോദിക്കുന്നു.
രാജ്യവ്യാപകമായ എസ്.ഐ.ആര്‍ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അനുമതി നല്‍കിയതിന്റെ രേഖകളൊന്നും ലഭ്യമല്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും നവീകരണങ്ങളെക്കുറിച്ചും, ഇതിന് ഉത്തരവാദികളായ വ്യക്തികള്‍ ആരൊക്കെയാണെന്നും വ്യക്തമാക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യവും നീതിയുക്തവുമായിരുന്നില്ലെന്ന് അപേക്ഷയില്‍ വാദിക്കുന്നു. നടപടികളുടെ നിയമസാധുത പരിശോധിക്കാന്‍ കോടതിക്ക് കഴിയുന്ന തരത്തില്‍, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഈ മാസം നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തിലും, മൂന്നംഗ കമ്മീഷന്‍ ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരമാണ് ‘എസ്.ഐ.ആര്‍’ സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരപുന്നു. എന്നാല്‍, ഈ അവകാശവാദത്തെ സാധൂകരിക്കുന്ന ഫയല്‍ രേഖകളോ, യോഗ നടപടിക്രമങ്ങളോ തീയതികളോ കമ്മീഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് മുന്‍പ് കൃത്യമായ നോട്ടീസ് നല്‍കിയിരുന്നോ എന്നും, എല്ലാ സംസ്ഥാനങ്ങളിലും ഒരേ നടപടിക്രമങ്ങളാണോ പാലിച്ചതെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണോ എന്നും, അവയിലെ 48 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കമ്മീഷനോട് നിര്‍ദ്ദേശിക്കണോ എന്നും കോടതി തീരുമാനിക്കും. നവംബര്‍ 17-ന് സുപ്രീം കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കും.
Content Highlight: Who ordered the SIR? INDIA bloc seeks court’s permission to raise 48 questions to ECI.