| Thursday, 15th October 2026, 10:16 am

‘ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത ആരാണ്?’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ ഇലക്ഷൻ കമ്മീഷൻ ഐ.ടി മേധാവി സീമ ഖന്ന ചർച്ചകളിൽ, രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: വോട്ടർപട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നടത്തിയ വൻ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചകൾക്ക് വഴിവെക്കുന്നു.

വോട്ട് ക്രമക്കേടുകൾക്ക് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി, ഡെറാഡൂണിൽ ഒരു വനിത ഒളിച്ചിരിക്കുന്നതായി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

‘ഇത് ചെയ്ത ആളുകളായ മിസ്റ്റർ മോദി, മിസ്റ്റർ ഷാ, മിസ്റ്റർ ഗ്യാനേഷ് കുമാർ, ഇപ്പോൾ ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത, മറ്റുള്ളവർ… ഇവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇത് ഞങ്ങളെക്കുറിച്ചുള്ള കാര്യമല്ല, മറിച്ച് ഇന്ത്യൻ ജനതയെക്കുറിച്ചുള്ളതാണ്, അവരുടെ ഭാവിയെക്കുറിച്ചുള്ളതാണ്. ഈ രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കുന്നതിനായി നാമെല്ലാവരും ഒന്നിച്ച് അവസാനം വരെ പോരാടുക തന്നെ ചെയ്യും.’രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി പേരെടുത്ത് പറയാതിരുന്നതോടെ ‘ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത ആരാണ്?’ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഐ.ടി വിഭാഗം ഡയറക്ടർ ജനറലായ ഡോ. സീമ ഖന്നയുടെ പേര് പ്രതിപക്ഷ നേതാക്കൾ വ്യാപകമായി ഉയർത്തിക്കാട്ടാൻ തുടങ്ങി.

വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി. സീമ ഖന്ന ഡെറാഡൂണിൽ ഒളിച്ചിരിക്കുകയാണെന്നും വോട്ട് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയാണെന്നും അവർ ആരോപിച്ചു.

‘ഐ.ടി വിഭാഗം ഡയറക്ടർ ജനറലായ സീമ ഖന്ന ഡെറാഡൂണിൽ ഒളിച്ചിരിക്കുകയാണ്. അവിടെയിരുന്ന് അവർ കള്ളനായ ഗ്യാനേഷിനെ കുറിച്ചും, പശ്ചിമബംഗാൾ മുൻ സി.ഇ.ഒ മനോജ് അഗർവാൾ എന്നിവർ നടത്തിയ വോട്ട് തട്ടിപ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എല്ലാം പുറത്തായിക്കഴിഞ്ഞു. ഇവർക്ക് വേണ്ടി നിയമവിരുദ്ധമായ ‘ടേക്ക് ഡൗൺ’ നോട്ടീസുകൾ അയക്കുന്നത് നിർത്തുക. മനോജ് ഒരു വോട്ട് കള്ളനാണ്. ഒരു കുറ്റവാളിയും രാജ്യദ്രോഹിയുമായ ഇവർ ഇന്ത്യയുടെ ജനാധിപത്യ ഘടനയെ തകർക്കാൻ അനധികൃതമായി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുകയാണ്. ഒളിക്കാൻ ഇനി ഒരു കുഴിയും ഇവർക്ക് തികയാതെ വരും.’ മഹുവ മൊയ്ത്ര തുറന്നടിച്ചു.

വോട്ട് മോഷണ ഗൂഢാലോചനയിലെ ‘ഡിജിറ്റൽ സൂത്രധാര’യാണ് സീമ ഖന്നയെന്നും, വോട്ടർപട്ടിക പൂർണ്ണമായും ഇവരുടെ നിയന്ത്രണത്തിലാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് പവൻ ഖേരയും വിഷയത്തിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ നിന്ന് ഡെപ്യൂട്ടേഷനിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയ സീമ ഖന്നയാണ് കമ്മീഷന്റെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

വോട്ടർപട്ടിക തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറുകളുടെ (ERONet, ECINet) അമിത കേന്ദ്രീകരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നിയമാനുസൃത ഉദ്യോഗസ്ഥരുടെ പ്രവർത്തന സ്വാതന്ത്ര്യം തടയാൻ ഐ.ടി മേധാവിക്ക് അധികാരമില്ലെന്ന് കമ്മീഷണർമാർ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ പുറത്തുവന്നതോടെയാണ് വോട്ടർ തിരിമറി ആരോപണങ്ങളിൽ സീമ ഖന്ന പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യമായി മാറിയത്.

Content Highlight:‘Who is that woman hiding in Dehradun?’; Election Commission IT head Seema Khanna in the spotlight following Rahul Gandhi’s remark; Opposition levels sharp criticism.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more