ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലോസ് ഏഞ്ചല്‍സിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് മലയാളിയായ നിത്യ രാമന്‍ മേയര്‍ തെരഞ്ഞെടുപ്പിന്റെ റണ്‍ഓഫ് (അവസാന ഘട്ട മത്സരം) യോഗ്യത നേടി.
ജൂണ്‍ 2-ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, റിയാലിറ്റി ഷോ താരം സ്‌പെന്‍സര്‍ പ്രാറ്റിനെ അട്ടിമറിച്ചാണ് നിത്യ രാമന്‍ രണ്ടാം സ്ഥാനത്തെത്തി, നവംബറിലെ പൊതുതെരഞ്ഞെടുപ്പിലേക്ക് മുന്നേറിയത്.
നവംബറില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാവുമായ കാരെന്‍ ബാസാണ് നിത്യയുടെ എതിരാളി.
ലോസ് ഏഞ്ചല്‍സ് മേയര്‍ തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയെന്ന ചരിത്ര നേട്ടവും ഇതോടെ നിത്യ രാമന്‍ സ്വന്തമാക്കി. നവംബറിലെ വോട്ടെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ലോസ് ഏഞ്ചല്‍സിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയും ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറുമായി ഈ 44-കാരി മാറും.
കാലിഫോര്‍ണിയയിലെ സങ്കീര്‍ണമായ വോട്ടെണ്ണല്‍ പ്രക്രിയ മൂലം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് നിത്യ രാമന്റെ ഔദ്യോഗിക വിജയം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ റിയാലിറ്റി ഷോ താരം സ്‌പെന്‍സര്‍ പ്രാറ്റിന് നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും, ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ നിത്യ അദ്ദേഹത്തെ മറികടക്കുകയായിരുന്നു.
ഏറ്റവും പുതിയ ഫലങ്ങള്‍ പ്രകാരം നിത്യ രാമന്‍ 28.5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, സ്‌പെന്‍സര്‍ പ്രാറ്റിന് 25.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍പ് പുറത്തുവന്ന ജൂണ്‍ പ്രൈമറിയിലെ പ്രാഥമിക കണക്കുകളില്‍ നിത്യ 27.1 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും 23 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുള്ളതുമായ സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇവിടെ ആകെയുള്ള വോട്ടുകളുടെ 80 ശതമാനവും രേഖപ്പെടുത്തുന്നത് തപാല്‍ വഴിയാണ്. ഈ ബാലറ്റുകള്‍ കൃത്യമായി തരംതിരിച്ച്, ഒപ്പുകള്‍ സാധൂകരിച്ച് എണ്ണാന്‍ ആഴ്ചകള്‍ എടുക്കാറുണ്ട്.
എം.ടി.വിയുടെ ‘ദി ഹില്‍സ്’ എന്ന ഷോയിലൂടെ പ്രശസ്തനായ പ്രാറ്റ്, വോട്ടെണ്ണലിന്റെ ആദ്യ ദിവസങ്ങളില്‍ തനിക്ക് വിജയപ്രതീക്ഷയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നുവെങ്കിലും അന്തിമ ഫലം വന്നപ്പോള്‍ പുറത്താകുകയായിരുന്നു.
ലോസ് ഏഞ്ചല്‍സ് നിയമപ്രകാരം പ്രൈമറിയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി നേരിട്ട് വിജയിക്കും. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ നവംബറിലെ പൊതുതെരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടും. നിലവിലെ മേയര്‍ കാരെന്‍ ബാസ് ഒന്നാം സ്ഥാനത്തോടെ റണ്‍ഓഫില്‍ എത്തിയപ്പോള്‍, നിത്യ രണ്ടാമതായി യോഗ്യത നേടി.
കേരളത്തില്‍ ജനിച്ച നിത്യ രാമന്‍ തന്റെ ആറാമത്തെ വയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള അവര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് നഗര ആസൂത്രണത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ സമൂഹങ്ങള്‍ക്കിടയില്‍ നഗര വികസനവുമായി ബന്ധപ്പെട്ട് അവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങിയ അവര്‍, നഗരത്തിലെ ഭവനരഹിതരുടെ ക്ഷേമത്തിനായി ഒരു ലാഭേച്ഛയില്ലാത്ത സംഘടന സ്ഥാപിച്ചു.
2020-ല്‍ ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്റ്റ് 4-ല്‍ നിന്ന് മത്സരിച്ചുകൊണ്ടാണ് നിത്യ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുള്ള, വന്‍തോതില്‍ ഫണ്ടുണ്ടായിരുന്ന ഒരു സിറ്റിങ് കൗണ്‍സിലറെ അട്ടിമറിച്ചാണ് 17 വര്‍ഷത്തെ നഗര ചരിത്രത്തില്‍ ആദ്യമായി നിത്യ കൗണ്‍സിലില്‍ എത്തിയത്. ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരനും ആദ്യത്തെ ഏഷ്യന്‍ വനിതയുമാണ് അവര്‍.
മുന്‍പ് നിലവിലെ മേയര്‍ കാരെന്‍ ബാസിനെ പിന്തുണച്ചിരുന്ന നിത്യ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി മേയര്‍ മത്സര രംഗത്തേക്ക് പ്രവേശനം പ്രഖ്യാപിച്ചത്. കൗണ്‍സിലിലെ മറ്റ് സഹപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെയാണ് അവര്‍ ഈ പോരാട്ടത്തിനിറങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക അംഗമായ സൊഹ്‌റാന്‍ മംദാനിയുമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇടതുപക്ഷ വീക്ഷണമുള്ള നിത്യ രാമനെ ഉപമിക്കുന്നത്.
ലോസ് ഏഞ്ചല്‍സ് നഗരം നേരിടുന്ന രണ്ട് പ്രധാന ആശങ്കകളായ ഭവനരഹിതരുടെ പ്രശ്‌നവും, വീടുകളുടെ താങ്ങാനാനാവാത്ത വിലയുമാണ് നിത്യ രാമന്‍ തന്റെ പ്രധാന പ്രചാരണ വിഷയങ്ങളാക്കിയിരിക്കുന്നത്. ‘ലോസ് ഏഞ്ചല്‍സിലെ പ്രശ്‌നങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഭവനരഹിതരുടെ പ്രതിസന്ധിയാണെന്നും, എന്തൊക്കെ പദ്ധതികളാണോ പ്രായോഗികമായി വിജയിക്കുന്നത് അതില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും’ അവര്‍ വ്യക്തമാക്കി.
നഗരം ചെലവഴിക്കുന്ന ഓരോ ഡോളറും കൃത്യമായി ട്രാക്ക് ചെയ്യുമെന്നും മാനസികാരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൂടുതല്‍ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.
നിലവിലെ മേയര്‍ കാരെന്‍ ബാസിന്റെ ഭവനരഹിതര്‍ക്കായുള്ള ‘ഇന്‍സൈഡ് സേഫ്’ പ്രോഗ്രാമിനെ നിത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഈ പദ്ധതിയില്‍ പങ്കെടുത്തവരില്‍ 40 ശതമാനത്തോളം പേരും വീണ്ടും തെരുവിലേക്ക് തന്നെ ഇറങ്ങേണ്ടി വന്നുവെന്ന ഔദ്യോഗിക ഡാറ്റ ഉദ്ധരിച്ച്, കൃത്യമായ ഒരു പ്രവര്‍ത്തന സംവിധാനവുമില്ലാത്ത, കോടിക്കണക്കിന് തുക പാഴാക്കുന്ന ഒരു ഉദ്യമമാണ് ഈ ദിവസമത്രയും നടന്നതെന്ന് നിത്യ ആരോപിച്ചിരുന്നു.
താന്‍ മേയറായാല്‍ ഒരു എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശം വഴി ഭവന നിര്‍മ്മാണ അനുമതികള്‍ വേഗത്തിലാക്കുമെന്നും കെട്ടിട പെര്‍മിറ്റുകള്‍ വേഗത്തില്‍ ട്രാക്ക് ചെയ്യുന്നതിനായി നഗരവ്യാപകമായി ഒരു ‘സ്വയം സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം’ വികസിപ്പിക്കുമെന്നും അവര്‍ ടൈം മാഗസിനോട് വ്യക്തമാക്കി.
നവംബറിലെ റണ്‍ഓഫില്‍ നിത്യ നേരിടാന്‍ പോകുന്ന 72-കാരിയായ കാരെന്‍ ബാസ്, ലോസ് ഏഞ്ചല്‍സ് രാഷ്ട്രീയത്തിലും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനിലും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ശക്തയായ നേതാവാണ്. ഇത്തവണ വിജയിച്ചാല്‍ അവര്‍ രണ്ടാമത്തെയും അവസാനത്തെയും തവണയായിരിക്കും മേയര്‍ പദവിയില്‍ ഇരിക്കുക.
ലോസ് ഏഞ്ചല്‍സിനെ പ്രതിനിധീകരിച്ച് ആറ് തവണ യു.എസ് കോണ്‍ഗ്രസ് അംഗമായിരുന്ന ബാസ്, ‘കോണ്‍ഗ്രഷണല്‍ ബ്ലാക്ക് കോക്കസ്’ അധ്യക്ഷയായും വിദേശകാര്യ ഹൗസ് കമ്മിറ്റിയിലെ പ്രധാന അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലും ഇവര്‍ ഇടംപിടിച്ചിരുന്നു. അതിനുമുമ്പ് കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലിയില്‍ സ്പീക്കറാകുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയായ വനിതയെന്ന ബഹുമതിയും ബാസ് നേടിയിട്ടുണ്ട്.
എന്നാല്‍, ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ വരുത്തിയ വീഴ്ചയും, 2025 ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലെ സമ്പന്ന പ്രദേശങ്ങളില്‍ ഉണ്ടായ ‘പാലിസേഡ്‌സ് കാട്ടുതീ’ കൈകാര്യം ചെയ്ത രീതിയും കാരെന്‍ ബാസിന് വലിയ തിരിച്ചടിയായി. 12 പേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ നാശത്തിനും കാരണമായ ഈ തീപിടുത്തത്തില്‍ നഗര ഭരണകൂടം വിമര്‍ശിക്കപ്പെട്ടിരുന്നു.
ഈ പാലിസേഡ്‌സ് കാട്ടുതീയില്‍ സ്വന്തം വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും മുന്‍ പബ്ലിസിസ്റ്റുമായ സ്‌പെന്‍സര്‍ പ്രാറ്റ് (42) മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇറങ്ങിയതും ബാസിന്റെ കടുത്ത വിമര്‍ശകനായി മാറിയതും. എന്നാല്‍ രാഷ്ട്രീയത്തിന് പുറത്തുനിന്നെത്തിയ പ്രാറ്റിനെ ജനങ്ങള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതോടെ, മത്സരം പൂര്‍ണ്ണമായും രണ്ട് ഡെമോക്രാറ്റുകള്‍ തമ്മിലുള്ള (കാരെന്‍ ബാസും നിത്യ രാമനും) പ്രത്യയശാസ്ത്ര പോരാട്ടമായി മാറി കഴിഞ്ഞു.
കാലിഫോര്‍ണിയയിലെ ഈ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തിലും വോട്ടെണ്ണല്‍ നീളുന്നതിനാല്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ബൈഡന്റെ മുന്‍ ആരോഗ്യ സെക്രട്ടറി സേവ്യര്‍ ബെസെറ നവംബറിലെ തെരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, കാരെന്‍ ബാസിനെ അട്ടിമറിച്ച് മലയാളിയായ നിത്യ രാമന്‍ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് അമേരിക്കന്‍ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Who Is Nithya Raman? The Kerala-Born Leader Making History In The Los Angeles Mayoral Race