വെനസ്വലേയുടെ ജനപ്രിയ നേതാവ് ഹ്യൂഗോ ഷാവേസിനെതിരായ പരാജയപ്പെട്ട അട്ടിമറിയെ പിന്തുണച്ചയാള്‍, 2018ല്‍ മറ്റൊരു ഇടത് നേതാവ് മഡൂറോയെ പുറത്താക്കാന്‍ നെതന്യാഹുവിനോട് സഹായമാവശ്യപ്പെട്ടയാള്‍, അതിതീവ്ര വലതുപക്ഷത്തിന്റെ കണ്ണും കരളുമായവള്‍. ആരാണ് നൊബേല്‍ ജേതാവ് മരിയ കൊറീന മച്ചാഡോ.
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ളവര്‍ ഒന്ന് പുഞ്ചിരിച്ചു. ഭാഗ്യം, ലോകസമാധാനത്തിന്റെ അപ്പോസ്തലനായി സ്വയം അവരോധിച്ച് മേനി നടിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചില്ലല്ലോ എന്നതായിരുന്നു അവരുടെ സമാധാനം.
എന്നാല്‍ അധികം വൈകാതെ ആ പുഞ്ചിരിയങ്ങ് മാഞ്ഞു. തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിക്കുകയായിരുന്നു മരിയ കൊരീന മച്ചാഡോ. ലോകം കണ്ട ഏറ്റവും വലതുപക്ഷവാദിയായ ട്രംപിന് മറ്റൊരു തീവ്ര വലത് സഹയാത്രിയുടെ അംഗീകാരം.
മരിയ കൊറീന മച്ചാഡോ | ഡൊണാള്‍ഡ് ട്രംപ്
വെനസ്വലെയിലെ മഡൂറോ സര്‍ക്കാരിനെതിരെ നിലകൊള്ളുകയും അവിടെ ജനാധിപത്യത്തിന് വേണ്ടി പോരാടുകയും ചെയ്തതിനാണ് ഈ പുരസ്‌കാരമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദങ്ങളിലൊന്ന്.
വെനസ്വേലയിലെ ഏകാധിപത്യ ഭരണാധികാരികള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ അക്ഷീണ പോരാട്ടം നടത്തുന്ന ജനാധിപത്യപോരാളിയാണ് മരിയ കൊറിന എന്നെല്ലാം ഇത്തരക്കാര്‍ വാചാലയാകുന്നുണ്ട്.
എന്നാല്‍ അവര്‍ മറന്നുപോയ ചില കാര്യങ്ങളുണ്ട്. മച്ചാഡോയുടെ അതിതീവ്ര വലതുപക്ഷ നിലപാടുകളാണത്.
വംശഹത്യ നടത്തുന്ന ഇസ്രഈല്‍ എന്ന അപ്പാര്‍തീഡ് രാജ്യത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരില്‍ എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പേരുകാരിയാണ് മരിയ കൊറീന മച്ചാഡോ. വെനസ്വലെയില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇസ്രഈലിലെ വെനസ്വലന്‍ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
2018ല്‍ നിക്കോളാസ് മഡൂറോയെ പുറത്താക്കാനായുള്ള സൈനിക ഇടപെടലുകള്‍ക്കായി യു.എന്‍ രക്ഷാസമിതിയുടെ പിന്തുണ തേടി അവര്‍ നെതന്യാഹുവിന് കത്തെഴുതിയിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മച്ചാഡോയുടെ അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയായ വെന്റെ വെനസ്വേല ഇസ്രഈലിലെ അതിതീവ്ര വലതുപക്ഷമായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുമായി ഔപചാരികമായ കരാറുകളുണ്ടാക്കി. നവ-നാസികള്‍ ഉള്‍പ്പെടുന്ന യൂറോപ്പിലെ അതിതീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും സഖ്യകക്ഷികൂടിയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ച മച്ചാഡോ എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്.
മരിയ കൊറീന മച്ചാഡോ.
അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ക്ക് കണ്ണിന് പിടിക്കാത്ത ഗവണ്‍മെന്റുകള്‍ക്കെതിരെ ഭരണമാറ്റ ഓപ്പറേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്ന സി.ഐ.എ പിന്തുണയുള്ള സ്ഥാപനം നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയില്‍ നിന്ന് അവരുടെ സുമതെ എന്ന എന്‍.ജി.ഒയ്ക്ക് ഗ്രാന്റുകള്‍ ലഭിച്ചിട്ടുണ്ട്.
2024ല്‍ വെനസ്വലെന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ട്രംപിനോടും സഹായമാവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍പ്പോലും ഭരണവിരുദ്ധ വികാരമുണ്ടാക്കി വെനസ്വലന്‍ ജനതയെ തെരുവിലിറക്കാന്‍ മച്ചാഡോയ്‌ക്കോ അവരുടെ വെന്റ വെനസ്വലെ പാര്‍ട്ടിക്കോ സാധിച്ചിട്ടില്ല.
എപ്പോഴെല്ലാം അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് റെജിം ചേഞ്ച് ശ്രമങ്ങള്‍ വരുന്നുവോ അപ്പോളൊക്കെ തങ്ങളുടെ സോഷ്യലിസ്റ്റ് സര്‍ക്കാറിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ അണിചേര്‍ന്നു. ആ പടയണിയില്‍ പ്രധാനമായും അണിനിരക്കുന്നത് സ്ത്രീകളുടെ വലിയ നിരയാണ്.
നിക്കോളാസ് മഡൂറോ
അതിന് കാരണം തൊഴിലിന്റെ രൂപത്തിലും, ദരിദ്ര നിര്‍മ്മാര്‍ജ്ജനമായും, അയല്‍പക്ക സംഘങ്ങള്‍ ഉണ്ടാക്കിയും, വായ്പ നല്‍കിയും, ചിലവില്ലാത്ത വിദ്യാഭ്യാസം ഉറപ്പാക്കിയും സാമൂഹിക സമത്വം നല്‍കിയുമെല്ലാം ഈ സോഷ്യലിസ്റ്റ് സര്‍ക്കാലുകള്‍ അവരുടെ ജീവിതത്തില്‍ പോസിറ്റിവായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ആ രാജ്യത്തെ ജനതയ്ക്ക് അറിയാം.
സോഷ്യലിസ്റ്റ് സര്‍ക്കാറിന്റെ ഈ നേട്ടങ്ങളൊക്കെ തകര്‍ക്കാനും, രാജ്യത്തെ പഴയപോലെ ഒരു കൂട്ടം ഒളിഗാര്‍ക്കുകള്‍ക്ക് കൊള്ളയടിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ അമേരിക്കയും രാജ്യത്തിലെ സമ്പന്ന വര്‍ഗ്ഗവും ചേര്‍ന്ന് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നു.
അതിനായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എന്‍.ജി.ഒ ഫണ്ടിങ്ങിലൂടെയും മറ്റും കളര്‍ റെവല്യൂഷന്‍ നടത്താന്‍ ശ്രമിക്കുന്നു. എന്തിന് നിലവില്‍ യുദ്ധം ചെയ്ത് തകര്‍ക്കുമെന്ന് പോലും ട്രംപ് ഭീഷണിപ്പെടുത്തുന്നു. ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനാണ് ‘ജനാധിപത്യ സംരക്ഷണം’ എന്ന പേരില്‍ ഇപ്പോള്‍ അവാര്‍ഡ് കിട്ടുന്നത്.
വെനസ്വലയില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ ട്രോജന്‍ കുതിര ഇനി ഏകാധിപത്യത്തിനെതിരെ പോരാടിയ ജനാധിപത്യം പുലര്‍ത്താന്‍ അക്ഷീണം പോരാടിയവള്‍ എന്ന് അറിയപ്പെടും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ട്രംപിന് നൊബേല്‍ കിട്ടിയതുപോലെ തന്നെ.
Content Highlight: Who is Maria Corina Machado?