| Thursday, 23rd October 2025, 9:20 am

എല്‍.ജി.ബി.ടി വിരുദ്ധത, തൊഴിലാളി വിരുദ്ധത, യുദ്ധഭ്രാന്ത്; ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെ അറിയാം

ആര്യ. പി

ജപ്പാന് ഇതൊരു ചരിത്ര നിമിഷമാണ്, അവിടെ ഒരു സ്ത്രീ ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സനായെ തകായ്ച്ചി. എന്നാല്‍ ഈ മാറ്റം രാജ്യത്തെ പുരോഗമന പക്ഷത്തിനോ തൊഴിലാളികള്‍ക്കോ ലോകത്തിനോ അത്ര ഗുണകരമാണോ? അല്ല എന്നാണ് സനായെ തകായ്ച്ചിയുടെ സാമ്പത്തിക നയം, ദേശീയത, ലിംഗരാഷ്ട്രീയം എന്നിവയെ കുറിച്ചൊക്കെയുള്ള നിലപാടുകള്‍ സൂചിപ്പിക്കുന്നത്. നമുക്കത് പരിശോധിക്കാം.

ജപ്പാന്റെ ‘ഉരുക്കുവനിത’ യെന്നാണ് സനായെ തകായ്ച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെയെ തന്റെ മാതൃകയായി കരുതുന്നു. ജപ്പാന്റെ മുന്‍ പ്രധാനമന്ത്രിയും കടുത്ത ദേശീയവാദിയുമായ ഷിന്‍സോ ആബെയുടെ ശിഷ്യയായി അറിയപ്പെടുന്ന യാഥാസ്ഥിതിക രാഷ്ട്രീയക്കാരി.

അഞ്ച് വര്‍ഷത്തിനുള്ളിലെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് സനായെ തകായ്ച്ചി. രാജ്യത്തിന്റെ 104-ാമത് പ്രധാനമന്ത്രി. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള തകായ്ച്ചി ലോവര്‍ ഹൗസില്‍ 237 വോട്ടുകളും അപ്പര്‍ ഹൗസില്‍ 125 വോട്ടുകളും നേടിയാണ് കേവല ഭൂരിപക്ഷം നേടുന്നത്.

ജപ്പാന്റെ പഴയ പാരമ്പര്യങ്ങളിലും യുദ്ധോത്സുകതയിലും ഊന്നിനില്‍ക്കുന്ന ഇവരുടെ നിലപാടുകള്‍ ഇതിനകം തന്നെ രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. വിദേശനയം, ദേശീയത എന്നീ വിഷയങ്ങളില്‍ ജപ്പാന്റെ പൗരാണികതയുടെ ഒരു പ്രതീകമായാണ് ഇവര്‍ സ്വയം നിലകൊള്ളുന്നത്.

ജപ്പാന്റെ യുദ്ധകാല ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന ഇവര്‍, രാജ്യത്തിന്റെ മുന്‍കാല നടപടികളെ ന്യായീകരിക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്.

സനായെ തകായ്ച്ചി

രണ്ടാം ലോകമഹായുദ്ധത്തിലെ കുപ്രസിദ്ധരായ യുദ്ധക്കുറ്റവാളികള്‍ക്ക് ആദരമര്‍പ്പിക്കുന്ന യാസുകുനി ഷിന്റോ ക്ഷേത്രത്തില്‍ സ്ഥിരമായി ആരാധന നടത്തുന്ന ഇവരുടെ നടപടി, ലോകത്തിന്റെ പ്രത്യേകിച്ച് ചൈനയുടെയും ദക്ഷിണ കൊറിയയുടെയും കടുത്ത പ്രതിഷേധത്തിന് ഇടയാക്കാറുണ്ട്.

മുന്‍കാലങ്ങളില്‍ തന്നെ ജപ്പാനിലെ ഉന്നത രാഷ്ട്രീയക്കാര്‍ ഈ ആരാധനാലയം സന്ദര്‍ശിക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്.

ജപ്പാന്റെ കുപ്രസിദ്ധമായ സൈനിക ഭൂതകാലത്തോടുള്ള പശ്ചാത്താപമില്ലായ്മയുടെ അടയാളമായാണ് ചൈന ഇതിനെ കണക്കാക്കുന്നത്.

അതേസമയം സനായെ തകായ്ച്ചിയുടെ വിജയം ജപ്പാന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നാണ് ചൈന പ്രതികരിച്ചത്. തായ്‌വാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജപ്പാന്‍ അതിന്റെ രാഷ്ട്രീയ പ്രതിബദ്ധത മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം പ്രതികരിച്ചിരുന്നു.

യാസുകുനി ഷിന്റോ

തായ്‌വാനെ തങ്ങളുടെ പ്രദേശമായി ചൈന കണക്കാക്കുമ്പോഴും തായ്‌വാന്‍ തങ്ങളുടെ പ്രധാന പങ്കാളിയും സുഹൃത്തുമാണെന്നാണ് അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ സനായെ തകായ്ച്ചി വിശേഷിപ്പിച്ചത്. ചൈനയുടെ കടുത്ത വിമര്‍ശയായ ഇവര്‍ ചൈനയെ നേരിടാന്‍ രാജ്യത്തിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ചൈനയെ തങ്ങളുടെ ഒരു പ്രധാന എതിരാളിയായാണ് അവര്‍ കണക്കാക്കുന്നത്. തകായ്ച്ചിയുടെ ഈ നിലപാട് മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയും ആയുധമത്സരത്തിന് കാരണവും അമേരിക്കയെ സഹായിക്കുന്നതുമായി തീരുമെന്നും വിമര്‍ശകര്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന സനായെ തകായ്ച്ചി, ജപ്പാന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായി ആവശ്യപ്പെടുന്ന നേതാവാണ്. രാജ്യത്തിന്റെ പ്രതിരോധ സേനയെ പരിമിതപ്പെടുത്തുന്ന ഭരണഘടനയിലെ 9ാം അനുച്ഛേദം പരിഷ്‌കരിക്കണമെന്ന് ശക്തമായി വാദിക്കുന്ന നേതാവ് കൂടിയാണ് അവര്‍.

ജപ്പാന്‍ ഭരണഘടനയിലെ 9-ാം അനുച്ഛേദം ‘യുദ്ധം വേണ്ട’ (No War) എന്ന നിലയിലാണ് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ കുറ്റകരമായ റോളിന് ശേഷം, 1947-ല്‍ നിലവില്‍വന്ന ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഈ അനുച്ഛേദത്തിന്റെ പ്രധാന വ്യവസ്ഥകള്‍
യുദ്ധത്തിന്റെ നിരാകരണം തന്നെയാണ്.

നീതിയിലും ക്രമത്തിലും അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര സമാധാനം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്, ജപ്പാന്‍ ജനത രാഷ്ട്രത്തിന്റെ പരമാധികാര അവകാശം എന്ന നിലയില്‍ യുദ്ധത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു.

അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ബലപ്രയോഗം അല്ലെങ്കില്‍ ബലപ്രയോഗത്തിനുള്ള ഭീഷണി എന്നിവയും ജപ്പാന്‍ ഉപേക്ഷിക്കുന്നു.

ജപ്പാന്‍ സൈന്യം

സൈനിക സേനകളെ നിലനിര്‍ത്തുന്നതിനുള്ള നിരോധനമാണ് മറ്റൊന്ന്. കര, കടല്‍, വ്യോമസേനകളോ മറ്റ് യുദ്ധസന്നാഹങ്ങളോ ഒരിക്കലും നിലനിര്‍ത്തുകയില്ല.

ഇതനുസരിച്ച്, ജപ്പാന് ഒരു സ്ഥിരം സൈന്യം ഉണ്ടാകാന്‍ പാടില്ല. എന്നിരുന്നാലും, രാജ്യത്തിന്റെ പ്രതിരോധത്തിനായി നിലവില്‍ സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സസ് എന്ന പേരില്‍ ഒരു സൈനിക വിഭാഗം ജപ്പാനില്‍ ഉണ്ട്.

ആര്‍ട്ടിക്കിള്‍ 9 നിലനിര്‍ത്തിക്കൊണ്ട് തന്നെ, രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിഷേധിക്കുന്നില്ല എന്ന ഒരു ഭരണഘടനാപരമായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതിനെ മുഴുവന്‍ നിഷേധിച്ചുകൊണ്ട് ജപ്പാനെ കടുത്ത സൈനികവത്ക്കരണത്തിലേക്കും ആയുധവത്ക്കരണത്തിലേക്കും കൊണ്ടുപോകണമെന്നാണ് സനായെ തകായ്ച്ചി ആഗ്രഹിക്കുന്നത്.

തൊഴിലാളി വിരുദ്ധതയാണ് തകായ്ച്ചിക്കെതിരെ ഉയരുന്ന മറ്റൊരു പ്രധാന വിമര്‍ശനം. പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തകായ്ച്ചി താന്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ്’ ഉപേക്ഷിക്കുമെന്ന തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.

‘ഞാന്‍ ‘വര്‍ക്ക്-ലൈഫ് ബാലന്‍സ്’ എന്ന വാക്ക് ഉപേക്ഷിക്കും. ഞാന്‍ ജോലി ചെയ്യും, ജോലി ചെയ്യും, ജോലി ചെയ്യും.’ ഈ പ്രസ്താവന ജാപ്പനീസ് സമൂഹത്തില്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഇത് ‘കരോഷി’ സംസ്‌കാരത്തെ പ്രോത്സാഹിപ്പിമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ജപ്പാനില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നാണ് ‘കരോഷി’ അതായത് അമിത ജോലിഭാരം മൂലമുള്ള മരണം.

‘അമിതാധ്വാനത്തിലൂടെ മരണം’ എന്നര്‍ഥംവരുന്ന കരോഷി സിന്‍ഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിലാണ് കൂടുതലായി കാണുന്നത്.

40 മണിക്കൂര്‍ സാധാരണ ജോലിക്കു പകരം ജപ്പാനില്‍ 55 മണിക്കൂറില്‍ കുടുതല്‍ കഠിനാധ്വാനം ചെയ്തവരിലാണ് കരോഷി സിന്‍ഡ്രോം കണ്ടുവന്നത്. ഹാര്‍ട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 33 ശതമാനവും ഇവരില്‍ കൂടുതലായി കണ്ടു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ സമയമുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ജപ്പാന്‍.

അതുകൊണ്ട് തന്നെ തകായ്ച്ചിയുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് ഉപേക്ഷിക്കുമെന്ന പ്രസ്താവന, കഠിനാധ്വാനം ഒരു പുണ്യമായി കാണുന്നതും അമിത ജോലിക്ക് പ്രോത്സാഹനം നല്‍കുന്നതുമായ പഴയ കോര്‍പ്പറേറ്റ് സംസ്‌കാരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് ജീവനക്കാരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന ആധുനിക തൊഴില്‍ സംസ്‌കാരത്തിന് എതിരാണ് എന്ന വിമര്‍ശനം ഉയര്‍ന്നു.

മാത്രമല്ല ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഭാരം ഏല്‍പ്പിക്കുന്നതാണെന്നതും വസ്തുതയാണ്. ജപ്പാന്റെ ജനസംഖ്യാ തകര്‍ച്ച പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം അനിവാര്യമാണ്.

ഒരു വനിതാ നേതാവ് തന്നെ ‘വര്‍ക്ക്-ലൈഫ് ബാലന്‍സ്’ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, ജോലിക്ക് പോകുന്ന സ്ത്രീകളെയും അമ്മമാരെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.

ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് അവരുടെ പ്രസ്താവന, സര്‍ക്കാര്‍ കുട്ടികളെ പരിപാലിക്കാനോ കുടുംബപരമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനോ ഉദ്ദേശിക്കുന്നില്ല എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി ഇവരുടെ ലിംഗരാഷ്ട്രീയത്തെ കുറിച്ചുള്ള നിലപാടുകള്‍ എന്താണെന്ന് നോക്കാം. ലോകത്തെ എല്ലായിടത്തേയും വലതുപക്ഷം പോലെ സ്വവര്‍ഗ വിവാഹങ്ങളോട് കടുത്ത എതിര്‍പ്പാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്.

വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുടുംബ പേരുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന ഒരു കടുത്ത യാഥാസ്ഥിതിക വാദിയാണ് തകായ്ച്ചി, സ്ത്രീകള്‍ അവരുടെ പേരിനൊപ്പം സ്വന്തം കുടുംബപേരുകള്‍ നിലനിര്‍ത്തുന്നത് ജപ്പാന്റെ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന കടുത്ത സ്ത്രീവിരുദ്ധ നിലപാടാണ് ഇവര്‍ സ്വീകരിച്ചുപോരുന്നത്. പരമ്പരാഗതമായ ദാമ്പത്യ ബന്ധങ്ങള്‍ മാത്രം മതി എന്ന് വാദിക്കുന്ന നേതാവ് കൂടിയാണ് ഇവര്‍.

അതുകൊണ്ടൊക്കെ തന്നെ തകായ്ച്ചിയുടെ പ്രധാനമന്ത്രി പദത്തില്‍ സ്ത്രീകള്‍ അത്ര സന്തുഷ്ടരല്ലെന്നാണ് ജപ്പാനില്‍ നിന്നുവരുന്ന വാര്‍ത്തകള്‍. മറ്റ് രാഷ്ട്രീയക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി കൂടുതല്‍ താത്പര്യം കാണിക്കുന്ന വ്യക്തിയല്ല അവരെന്നും സ്ത്രീകളെ സംബന്ധിച്ച് അവരുടെ വിജയം അത്രകണ്ട് പ്രയോജനകരമല്ലെന്നുമാണ് ജപ്പാനിലെ വനിതകളുടെ പ്രതികരണം.

‘നിങ്ങള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പരിശോധിച്ചാല്‍… അവര്‍ പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മനസിലാകുമെന്നാണ് സ്ത്രീകള്‍ പറയുന്നത്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനിടെ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ ലിംഗപരമായ അസമത്വങ്ങളെക്കുറിച്ചോ തകൈച്ചി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല.

ലിംഗ സമത്വത്തിലേക്ക് ഭാവിയില്‍ ജപ്പാന്‍ എത്തിച്ചേരാനുള്ള സാധ്യത പോലും തടയുന്നതാണ് തകായ്ച്ചിയുടെ പ്രധാനമന്ത്രി പദമെന്നാണ് രാഷ്ട്രീയ സൈദ്ധാന്തികനും ക്യോട്ടോയിലെ ദോഷിഷ സര്‍വകലാശാലയിലെ പ്രൊഫസറുമായ യായോ ഒകാനോ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

ലിംഗസമത്വവുമായി ബന്ധപ്പെട്ട ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 148 രാജ്യങ്ങളില്‍ 118-ാം സ്ഥാനത്താണ് ജപ്പാന്‍.

പരമ്പരാഗതമായി നേതൃസ്ഥാനങ്ങളില്‍ പുരുഷന്മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നവരില്‍ ജാപ്പനീസ് സ്ത്രീകളുണ്ടെങ്കിലും സാമൂഹ്യപരവും കുടുംബപരവുമായ ചില സമ്മര്‍ദങ്ങള്‍ കാരണം അവര്‍ക്ക് മുന്‍നിരയിലേക്ക് എത്തിച്ചേരാനാകുന്നില്ല.

കുടിയേറ്റവുമായി ബന്ധപ്പെട്ട തകായ്ച്ചിയുടെ നിലപാടുകള്‍ ലോകത്തിലെ മറ്റ് തീവ്ര വലതുപക്ഷ നേതാക്കളില്‍ നിന്ന് വ്യത്യസ്തമല്ല.

സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധം

കുടിയേറ്റത്തിനെതിരെയും കര്‍ശനമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. ജപ്പാനിലേക്ക് റെക്കോര്‍ഡ് നിരക്കിലാണ് കുടിയേറ്റം നടക്കുന്നതെന്നും ‘നിയമങ്ങള്‍ ലംഘിക്കുന്ന സന്ദര്‍ശകരെയും കുടിയേറ്റക്കാരെയും’ താന്‍ നിയന്ത്രിക്കുമെന്നും വിവിധ വേദികളില്‍ അവര്‍ പറഞ്ഞിട്ടുണ്ട്.

നാറ പാര്‍ക്കിലെ മാനുകളെ വിദേശികളായ വിനോദസഞ്ചാരികള്‍ കാലുകൊണ്ട് ചവിട്ടിക്കൊന്നെന്നും ഇത് ജാപ്പനീസ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ അവര്‍ പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നതായി നാറയിലെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല.

ഇത്തരം പ്രസ്താവനകള്‍ വിദേശികള്‍ക്കെതിരെ മുന്‍വിധി വളര്‍ത്താന്‍ കാരണമാകുമെന്ന വിമര്‍ശനവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

മറ്റൊന്ന് മാധ്യമങ്ങളോടുള്ള അവരുടെ സമീപനമാണ്. മുന്‍പ് ആഭ്യന്തര മന്ത്രിയായിരിക്കെ, രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്ന ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു. അന്നത് വലിയ വിവാദത്തിന് വഴിവെച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തേയും അടിച്ചമര്‍ത്തുന്നതാണ് ഈ നിലപാടമെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും നിലപാടെടുത്തു.

ഒരു ജനാധിപത്യ രാജ്യത്ത്, പ്രത്യേകിച്ച് പൊതു താത്പര്യമുള്ള വിഷയങ്ങളില്‍, മാധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശനാത്മകമായി സമീപിക്കുന്നത് അവരുടെ അടിസ്ഥാനപരമായ കടമയാണ്.

ഇവരുടെ ഭീഷണി മാധ്യമങ്ങളെ സ്വയം സെന്‍സര്‍ഷിപ്പിന് പ്രേരിപ്പിക്കുമെന്നും ഇത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുമെന്നും വിമര്‍ശകര്‍ വാദിച്ചു.

അവരുടെ പൊതുവായ ദേശീയവാദ കാഴ്ചപ്പാടുകളുമായി ഈ നിലപാടിന് ബന്ധമുണ്ടെന്നും, ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് അവര്‍ കരുതുന്ന റിപ്പോര്‍ട്ടിംഗുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.

തകായ്ച്ചിയുടെ വിജയം ജപ്പാനിലെ ജനാധിപത്യത്തെ കുറിച്ചും എല്‍.ഡി.പിയെ കുറിച്ചുമുള്ള ചില വസ്തുതകള്‍ കൂടി ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ജപ്പാന്‍ പത്തിലധികം പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയും രാജ്യത്തിന്റെ 104ാമത്തെ പ്രധാനമന്ത്രിയുമാണ് തകായ്ച്ചി.

രാജ്യം എന്തിനാണ് നേതാക്കളെ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് അവിടുത്തെ ഏകകക്ഷി ജനാധിപത്യം തന്നെയാണ്.

പ്രധാന രാഷ്ട്രീയ മത്സരം ബാഹ്യകക്ഷികളില്‍ നിന്നല്ല, പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് വരുന്നതെന്നാണ് ജപ്പാനിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജെയിംസ് ബ്രൗണ്‍ പറയുന്നത്.

എല്‍.ഡി.പിയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കുള്ളില്‍ തന്നെ കടുത്ത പോരാട്ടങ്ങളുണ്ട്. അവരെല്ലാം സ്വന്തം വിഭാഗത്തിന് ഉന്നത സ്ഥാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.’

‘അവര്‍ നിങ്ങളെ നേതാവായി തെരഞ്ഞെടുത്തേക്കാം, പക്ഷേ നിങ്ങള്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ, നിങ്ങളെ പുറത്താക്കാനുള്ള തന്ത്രം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ മെനഞ്ഞു തുടങ്ങിയിട്ടുണ്ടാകും.

മറ്റൊരു വെല്ലുവിളി രാഷ്ട്രീയ അസ്ഥിരതയാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി അവര്‍ അധികാരത്തിലെത്തിയത് ദുര്‍ബലമായ ഒരു സഖ്യകക്ഷിയെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ പ്രധാന നിയമനിര്‍മ്മാണങ്ങള്‍ പാസ്സാക്കാന്‍ പോലും അവര്‍ ബുദ്ധിമുട്ടിയേക്കാം.

മറ്റൊന്ന് പാര്‍ട്ടിയിലെ വിഭാഗീയതയും അഴിമതിയും തന്നെയാണ്. പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍, പ്രത്യേകിച്ച് ഫണ്ടിംഗ് അഴിമതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, എത്രത്തോളം ഫലപ്രദമായി പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും എന്നത് ചോദ്യചിഹ്നമാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് തകായ്ച്ചി തെരഞ്ഞെടുക്കപ്പെടുന്നത്.

ജപ്പാനിലെ ജനങ്ങള്‍ ഉയര്‍ന്ന ജീവിതച്ചെലവില്‍ ബുദ്ധിമുട്ടുകയാണ്. പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്, അത് ലഘൂകരിക്കാന്‍ സഹായിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് തകായിച്ചി അധികാരത്തില്‍ കയറുന്നത്.

എന്നാല്‍ ഇവരുടെ സാമ്പത്തികനയം പരിശോധിച്ചാല്‍ അത് ഇതിന് വിരുദ്ധമാണെന്ന് കാണാനാകും. അവരുടെ സാമ്പത്തിക നയം മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെതിന് സമാനമാണ്.

തകായ്ച്ചിയുടെ പ്രധാന നയങ്ങളായ വന്‍തോതിലുള്ള സര്‍ക്കാര്‍ ചെലവും പണലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള താല്‍പര്യവും പണപ്പെരുപ്പത്തെ കൂടുതല്‍ വഷളാക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്.

മാത്രമല്ല പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോടുള്ള അവരുടെ എതിര്‍പ്പ് ജപ്പാനീസ് യെന്നിന്റെ മൂല്യം ഇടിയാന്‍ കാരണമാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. യെന്‍ ദുര്‍ബലമാകുന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പ്രത്യേകിച്ച് ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍ പോലുള്ളവയുടെ വില വര്‍ദ്ധിപ്പിച്ച് പണപ്പെരുപ്പം കൂട്ടുന്നതിലേക്ക് നയിക്കും.

ചില നിരീക്ഷകര്‍ പറയുന്നതനുസരിച്ച്, യെന്‍ ദുര്‍ബലമാകുന്നത് കയറ്റുമതിയെ സഹായിക്കുമെങ്കിലും, കറന്‍സിയുടെ അമിതമായ ചാഞ്ചാട്ടം ചെറുകിട, ഇടത്തരം കയറ്റുമതിക്കാര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ്.

അതിനൊപ്പം തന്നെ വന്‍തോതിലുള്ള സര്‍ക്കാര്‍ ചെലവുകള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍, ജപ്പാന്റെ വന്‍ കടബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചും ആശങ്കയുണ്ട്.

ജപ്പാനിലെ ജനസംഖ്യാ ഇടിവും മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയും തന്നെയാകും തകായ്ച്ചിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍.

വ്യാവസായിക ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കടബാധ്യതകളില്‍ ഒന്നായ ജപ്പാന്റെ കടബാധ്യതയെക്കുറിച്ച് നിക്ഷേപകര്‍ ഇതിനകം തന്നെ ആശങ്കാകുലരാണ്.

മേഖലയിലെ സമാധാനവും രാജ്യത്തെ തൊഴിലാളികളുടെ അവകാശവും സ്ത്രീകളുടെ പദവിയും സനെയ് തകായ്ച്ചിയുടെ ഭരണകാലത്ത് എന്തായി തീരുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Who is Japan First Female Prime minister Sanae Takaichi

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.