ഐ.പി.എല്ലിലെ ഡിഫന്റിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 16700 കോടി രൂപയ്ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പും സംഘവും സ്വന്തമാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത.
ആദിത്യ ബിര്‍ള ഗ്രൂപ്പ്, ദി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണിന്റെ പെര്‍പെഷ്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി, ബി.എക്സ്.പി.ഇ (ബ്ലാക്ക്‌സ്റ്റോണ്‍) എന്നീ ഗ്രൂപ്പുകളാണ് ഫ്രാഞ്ചൈസിയെ ഏറ്റെടുത്തത്. ആര്‍.സിബിയുടെ വനിതാ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയുള്‍പ്പെടെയാണ് ഗ്രൂപ്പുകള്‍ സ്വന്തമാക്കിയത്. 1.78 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമാണ് ഫ്രാഞ്ചൈസിക്കുള്ളത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പുതിയ ഉടമസ്ഥാവകാശ ഘടന പ്രകാരം, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആര്യമന്‍ വിക്രം ബിര്‍ള ചെയര്‍മാനും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിലെ സത്യന്‍ ഗജ്വാനി ഫ്രാഞ്ചൈസിയുടെ വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കും.
അതേ സമയം ടീമിന്റെ പുതിയ ചെയര്‍മാന്‍ ആര്യമന്‍ വിക്രം ബിര്‍ളയും ഈ കൈമാറ്റത്തോടപ്പം ചര്‍ച്ചയായിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ മകനായ ആര്യമന്‍ വെറുമൊരു വ്യവസായി മാത്രമല്ല, പ്രൊഫഷണല്‍ ക്രിക്കറ്റര്‍ കൂടിയാണ്.
മുമ്പ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു ആര്യമന്‍ ബിര്‍ള. 2018ലെ ഐ.പി.എല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ ആര്യമന്‍ ബിര്‍ളയെ ടീമിലെടുത്തിരുന്നു. എന്നാല്‍ ആര്യമന് സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന് വേണ്ടിയായിരുന്നു ആര്യമന്‍ കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 414 റണ്‍സും മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്ന് 36 റണ്‍സുമാണ് നേടിയത്. പിന്നീട് ചെറിയ പ്രായത്തില്‍ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
അന്ന് ഐ.പി.എല്ലില്‍ കളിക്കാന്‍ പോലും കഴിയാന്‍ സാധിക്കാത്ത ഒരു താരമാണ് ഇന്ന് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള ഒരു ഫ്രാഞ്ചൈസിയുടെ ചെയര്‍മാനായി ചുമതലയേറ്റത് എന്ന കാര്യമാണ് ക്രിക്കറ്റ് പ്രേമികളില്‍ അമ്പരപ്പുണ്ടാക്കുന്നത്.
Content Highlight: Who is Aryaman Vikram Birla, the new chairman of RCB?