| Saturday, 2nd May 2026, 9:35 pm

മോഡിഫൈഡ് ഇന്ത്യയില്‍ ആരാണ് പേട്രിയറ്റ്?

അരുൺ എയ്ഞ്ചല

വെറുമൊരു കൊമേഷ്യല്‍ സിനിമ എന്ന രീതിയില്‍ കണ്ട് മറന്ന് കളയാവുന്ന ഒന്നല്ല മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും നയന്‍താരയും അടക്കമുള്ള താരനിര ഒന്നിച്ച പേട്രിയറ്റ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജീവിക്കുന്ന ലോകത്ത് എന്തെങ്കിലും സ്വകാര്യത നമുക്കുണ്ടോ? നമുക്ക് ചുറ്റും കണ്ണ് തുറന്നിരിക്കുന്ന നൂറുകണക്കിന് സി.സി.ടി.വി ക്യാമറകള്‍ നമ്മുടെ സുരക്ഷയ്ക്കാണോ അതോ, നമ്മളെ നിരീക്ഷിക്കാനാണോ?

നിങ്ങളുടെ ഉള്ളം കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിന്റെ ക്യാമറയിലുടെ ആരാണ് ഓരോ നിമിഷവും നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത്?

‘The Big Brother/ State/ corporate is watching you’ എന്ന് സിനിമ പറയുന്നു. രാജ്യ തലസ്ഥാനം സെറ്റിംഗ് ആക്കിയുള്ള സിനിമയിലൂടെ ഇന്ത്യയെന്നെ ഈ മഹാരാജ്യത്ത് സ്വകാര്യത എന്നൊന്നില്ല എന്ന് പറഞ്ഞു വയ്ക്കുന്നു മഹേഷ് നാരായണന്‍.

പാട്രിയറ്റ് സിനിമ പോസ്റ്റര്‍ Photo: Screen Grab/Instagram

എല്ലാ സിനിമയുടെ തുടക്കത്തിലുമെന്ന പോലെ എല്ലാം സാങ്കല്‍പികമാണ് എന്നെഴുതിക്കാണിക്കുന്ന സിനിമ പക്ഷെ പലയിടത്തും സമീപകാല ചരിത്രം ഓര്‍മിപ്പിക്കുന്നു. മന്ത്രിപുത്രന്റെ പേരിന്റെ സാമ്യം പറഞ്ഞ് സിനിമയെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതും ഓര്‍ക്കുക.

2018 ജനുവരി 3ന് ട്രിബ്യൂണ്‍ പത്രം ആധാര്‍ ഡാറ്റാ ബേസിലെ ചോര്‍ച്ച തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ നാമമാത്രമായ തുകയ്ക്ക് ഡാറ്റാബേസിലേക്കുള്ള ആക്സസ് എങ്ങനെ വാങ്ങി എന്നവര്‍ വിശദമാക്കി. ആധാര്‍ നമ്പറുള്ള ഓരോ പൗരന്റെയും പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയാണ് ചോര്‍ന്നത്. . ആ സമയത്ത് ഇന്ത്യയില്‍ 110 കോടി ആളുകളാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ആളുകളുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ വിറ്റതാണോ അതോ കോര്‍പ്പറേറ്റ് ചങ്ങാത്തത്തിന്റെ ഭാഗമായി വെറുതെ കൊടുത്തതാണോ എന്ന് മാത്രമേ അറിയാനുള്ളൂ.

എതിരാളിയെ അവരെത്ര ഉന്നതനോ, മന്ത്രിയോ രാഷ്ട്രീയ നേതാവോ ആവട്ടെ , അവര്‍ പോലുമറിയാതെ അവര്‍ ഉപയോഗിക്കുന്ന ഫോണിലുടെ മോണിറ്റര്‍ ചെയ്യപ്പെടുന്ന അവസ്ഥ പേട്രിയറ്റ് വരച്ചു കാട്ടുന്നുണ്ട്. ഇത് നമ്മെ കൃത്യമായി പെഗാസസ് വിവാദം ഓര്‍മ്മിപ്പിക്കുന്നു.
മോഡി ഫൈഡ് ഇന്ത്യയില്‍ ഇതൊരു സമീപകാല ചരിത്രമാണ്.

എന്താണ് പെഗാസസ് വിവാദം?

ഇസ്രഈല്‍ കമ്പനിയായ എന്‍.എസ്.ഒ (NSO Group) വികസിപ്പിച്ച പെഗാസസ് (Pegasus) എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തി എന്ന വെളിപ്പെടുത്തലാണ് പെഗാസസ് വിവാദം എന്നറിയപ്പെടുന്നത്.

ഫോണുടമ അറിയാതെ തന്നെ ഒരു മിസ്ഡ് കോളിലൂടെയോ മെസേജിലൂടെയോ ഈ സോഫ്റ്റ്‌വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം (Zero-click attack). ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ ഫോണിലെ മെസേജുകള്‍, പാസ്വേഡുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താനും ക്യാമറയും മൈക്രോഫോണും ഉടമ അറിയാതെ പ്രവര്‍ത്തിപ്പിക്കാനും ഇതിന് സാധിക്കും.

2021-ല്‍ 17 മാധ്യമസ്ഥാപനങ്ങളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും അന്താരാഷ്ട്ര കൂട്ടായ്മയായ പെഗാസസ് പ്രോജക്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 50,000-ത്തിലധികം ഫോണ്‍ നമ്പറുകള്‍ അനധികൃത നിരീക്ഷണത്തിന് സാധ്യതയുള്ളവയായി കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍, ഓണ്‍ലൈന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ് ഏജന്‍സിയായ ദി വയര്‍, പ്രോജക്റ്റിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു . ദി വയറിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഉപയോഗിച്ച ഉപകരണങ്ങളില്‍ സ്‌പൈവെയറിന്റെ സൂചനകള്‍ കണ്ടെത്തിയതായി അവര്‍ ആരോപിച്ചു 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശന വേളയില്‍ നടന്ന സൈനിക കരാറിന്റെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടതായി ‘പെഗാസസ് പ്രോജക്ട്’ എന്ന അന്വേഷണത്തിലൂടെ വെളിപ്പെട്ടു.

പെഗാസസ് വിഷയത്തില്‍ ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി Photo: The Indian Express

2023 ഡിസംബറില്‍ ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ഈ വിഷയം വീണ്ടും ചര്‍ച്ചയായി. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളില്‍ പെഗാസസ് സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’, ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍’ എന്നിവ പറയുന്നു.

എല്ലാ പൗരന്‍മാരെയും നിരീക്ഷണത്തിലാക്കുക എന്ന് സിനിമയില്‍ പറയുന്നത് ഒരു ഹൈപോതെസിസ് പോലുമല്ല. 2025 നവംബര്‍ 28-ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് യൂണിയന്‍ സര്‍ക്കാര്‍ എന്ന മോദി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ (Sanchar Saathi) ആപ്ലിക്കേഷന്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ (Pre-install) ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കി.

സൈബര്‍ തട്ടിപ്പുകള്‍ തടയാനും കളഞ്ഞുപോയ ഫോണുകള്‍ കണ്ടെത്താനുമുള്ള ഒന്നാണിത് എന്ന വ്യാജേനയാണ് സര്‍ക്കാര്‍ ഇത് മുന്നോട്ട് വച്ചത്. എന്നാല്‍ ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇടതുപക്ഷവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.

രാജ്യവ്യാപകമായി കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരിന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. മോഡിഫൈഡ് എങ്കിലും ഇന്ത്യയില്‍ പരിമിതികളോടെയെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ തെളിവായി മാറി ഈ സംഭവം.

ഏതാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ശത കോടിയിലേക്ക് വളര്‍ന്ന മന്ത്രിപുത്രന്റെ കമ്പനി?

സിനിമയില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടികളിലേക്ക് വളര്‍ന്ന ഒരു കമ്പനിയുടെ കഥ പറയുന്നുണ്ട് മമ്മൂട്ടിയുടെ ഡാനിയല്‍ എന്ന കഥാപാത്രം. ഒരു മന്ത്രിപുത്രന്റെയാണ് കമ്പനി. യഥാര്‍ത്ഥത്തില്‍ ഒരു മന്ത്രിപുത്രന്റെ പേരുമായി സാമ്യമുണ്ടെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് തിരുത്തല്‍ നിര്‍ദ്ദേശിച്ചിരുന്നു. നമുക്ക് സത്യത്തില്‍ ഇങ്ങനെ വളര്‍ന്ന കമ്പനികളും മന്ത്രിപുത്രന്‍മാരും ആരെന്ന് നോക്കാം.

1.CIAN Agro Industries, എം.ഡി നിഖില്‍ ഗഡ്കരി

2. Manas Agro Industries , ഡയരക്ടര്‍ സാരങ് ഗഡ്കരി

നിതിന്‍ ഗഡ്ഗരി, നിഖില്‍ ഗഡ്കരി, സാരങ് ഗഡ്ഗരി Photo: Times Of India

Ethanol ഒക്കെയുണ്ടാക്കുന്ന ചെറിയ ചെറിയ കമ്പനിയാണ് രണ്ടും. പക്ഷെ കമ്പനിയുടെ വളര്‍ച്ച അത്ഭുതകരമായിരുന്നു. 2024ല്‍ 18 കോടി ആയിരുന്നു റവന്യൂ. 2022 ല്‍ ല്‍ പെട്രോളില്‍ 10 ശതമാനം എത്തനോള്‍ ചേര്‍ക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു.

2024ല്‍ അത് പതിനഞ്ചായി ഉയര്‍ത്തി. 2025 ല്‍ കമ്പനിയുടെ റവന്യൂ 511 കോടിയായി. ഇവരുടെ അച്ഛന്റെ പേര് പറഞ്ഞാല്‍ നിങ്ങളൊക്കെ അറിയും. യൂണിയന്‍ മിനിസ്റ്റര്‍ നിതിന്‍ ഗഡ്കരി. ഇപ്പോള്‍ അമേരിക്ക ഇറാന്‍ യുദ്ധത്ത തുടര്‍ന്ന് ഗ്യാസിന് പകരം എത്തനോള്‍ ആക്കാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു.

സിനിമയില്‍ മമ്മൂട്ടിയുടെ ഡാനിയലും, മോഹന്‍ ലാലിന്റെ കേണല്‍ റഹീമും, ദര്‍ശനയുടെ ജ്യോതിയും, നയന്‍താരയുടെ ലളിതയും, കുഞ്ചാക്കോ ബോബന്റെ മൈക്കിളുമെല്ലാമാണ് ഇതിനൊക്കെയെതിരെ യുദ്ധത്തിനിറങ്ങുന്നത്.

ഡാനിയലും, ജ്യോതിയും റഹീമും ഒരുമിച്ച് പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യ സംഘപരിവാറിനെ അസ്വസ്ഥരാക്കുന്നുണ്ടെന്നതിന് തെളിവാണ് ഇപ്പോള്‍ നടക്കുന്ന ഡി ഗ്രേഡിങ്.

നരേന്ദ്ര മോദി ഭരണമേറ്റടുത്തതിന് ശേഷം ഇന്ത്യയില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിലപാടെടുത്തിരുന്ന 28 ജേര്‍ണലിസ്റ്റുകളില്‍ 13 പേരും കൊല്ലപ്പെട്ടു എന്ന് Reporters Without Borders (RSF) പറയുന്നു. 2025 ല്‍ മാത്രം ഒന്‍പത് മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല ചെയ്യപ്പെട്ടത്.

നരേന്ദ്ര മോദി Photo: BBC

സത്യം വിളിച്ചു പറഞ്ഞതിന് കള്ളക്കേസില്‍ ജയിലിലടയിക്കപ്പെട്ട സഞ്ജീവ് ഭട്ടും പുല്‍വാമ സംഭവത്തില്‍ സൈനികരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിച്ചുവെന്നും, പുല്‍വാമ ആക്രമണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടതും തുറന്ന് പറഞ്ഞ അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പിന്നീട് അപ്രഖ്യാപിത വീട്ടുതടകലിലുമായ, ഹിന്ദുത്വ ഭരിക്കുന്ന ഇന്ത്യയിലാണ് നമ്മള്‍ ജീവിക്കുന്നത്. ഗൗരി ലങ്കേഷിനാകട്ടെ നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇവിടെ,

ആരാണ് രാജ്യദ്രോഹി? ആരാണ് പേട്രിയറ്റ് ? എന്ന സിനിമ ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാകുന്നു. സംഘപരിവാര്‍ മറവിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ സിനിമയെന്ന കലാരൂപം കൊണ്ട് ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്, രാഷ്ട്രീയമാണ് ഒപ്പം പ്രതിരോധവും.

അതാണ് ഒറ്റവാക്കില്‍ പേട്രിയറ്റ് എന്ന സിനിമ. ഒരിക്കല്‍ കുന്ദേര അക്ഷരങ്ങളിലൂടെ തുടങ്ങിയ പോരാട്ടമാണ്. ഭൂമികയും ആളുകളും മാറുന്നു, അധികാരവര്‍ഗ്ഗത്തിന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല. ഭരണകൂടം മനപ്പൂര്‍വ്വം മറന്നുകളഞ്ഞ മണിപ്പൂരിലെ ജനത ഓര്‍മ്മകള്‍ കൊണ്ട് സമരം ചെയ്യുന്ന കാലത്ത് പ്രതിരോധത്തിന്റെ ചെറുനാമ്പ് പോലും പ്രാധാന്യമര്‍ഹിക്കുന്നു.

Content Highlight: Who is a patriot in Modified India? write up by Arun Angela

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more