തിരുവനന്തപുരം: എസ്.ഐ.ആറിന്റെ (വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം) ഭാഗമായ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ലക്ഷക്കണക്കിന് പേര്‍ പുറത്തുപോയതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കരട് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തുപോയ ‘മറ്റുള്ളവര്‍’ ആരാണെന്ന ചോദ്യമുന്നയിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍, കണ്ടെത്താനാകാത്തവര്‍ എന്നിവര്‍ക്ക് പുറമേ ‘മറ്റുള്ളവര്‍’ (others) എന്ന നിലയിലും ഒഴിവാക്കല്‍ നടക്കുന്നുവെന്നതാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഈ ”മറ്റുള്ളവര്‍” എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിന് തുല്യമാണ്,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ഇതിന് മുമ്പ് എസ്.ഐ.ആര്‍ പ്രക്രിയ നടന്നത് 2002ലാണ്. അന്ന് 18 വയസില്‍ താഴെയുള്ളവര്‍ക്കാകെ (അതായത് ഇന്ന് 40 വയസിന് താഴെയുള്ളവര്‍) വോട്ടര്‍ പട്ടികയില്‍ ഇടംനേടാന്‍ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ജില്ലയില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ എന്ന കണക്കില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ അര്‍ഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങള്‍ പ്രകാരം മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടിയാകെ നടപ്പിലാക്കായതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടിക പരിഷ്‌കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി. ബി.എല്‍.ഓമാരെ തിടുക്കത്തിലാക്കി സമ്മര്‍ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അന്ന് തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് കമ്മീഷന്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
2025 സെപ്റ്റംബറില്‍ നടന്ന സ്‌പെഷ്യല്‍ സമ്മറി റിവിഷനില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും എസ്.ഐ.ആര്‍ പ്രകാരം പുതുക്കിയ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാവുന്ന രീതിയില്‍ എസ്.ഐ.ആര്‍ സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കി വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അര്‍ഹരായ വോട്ടര്‍മാരില്‍ അവസാനത്തെ ആളെവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പടുത്തുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തത്.
വോട്ടര്‍ പട്ടികയിലെ അപാകതകള്‍ ഗൗരവത്തിലെടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയുള്ള നടപടികള്‍ പുനപരിശോധിക്കണമെന്നും അനാവശ്യ തിടുക്കം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്നും ആളുകളെ പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Who are these others? CM against SIR draft voter list