‘ഈ കപ്പലിലുള്ളത് ഗസയിലെ മനുഷ്യര്‍ക്ക് ഒന്നുമാകില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഇത് വളരെ പരിമിതമായ സഹായമാണ്. എത്ര പ്രതിസന്ധി നേരിട്ടാലും പരിശ്രമിച്ച് കൊണ്ടിരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്ന സമയം നമ്മളിലെ മനുഷ്യത്വം നഷ്ടപ്പെടും. ഞങ്ങളുടെ ഈ ദൗത്യം വളരെ അപകടം നിറഞ്ഞതുമാണ്. എന്നാല്‍ വംശഹത്യ ചെയ്യപ്പെടുന്ന ജീവിതങ്ങള്‍ക്ക് മുന്നില്‍ ലോകം മുഴുവന്‍ പുലര്‍ത്തുന്ന മൗനത്തോളം അപകടകരമല്ല ഇത്,’ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബെര്‍ഗിന്റെ വാക്കുകളാണിവ.
തെന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടിയതുപോലെ ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങളിലും ഉപരോധങ്ങളിലും ലോകം മുഴുവന്‍ മൗനം പുലര്‍ത്തുമ്പോള്‍, തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ ഫലസ്തീന്‍ തീരത്തേക്ക് സഹായങ്ങളുമായി തിരിച്ചിരിക്കുകയാണ് തെന്‍ബെര്‍ഗ് അടക്കമുള്ള 12 അംഗസംഘം.
ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്‌ലോട്ടില്ലയുടെ മാഡ്‌ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.
കഴിഞ്ഞ മാസം, അതായത് മെയ്യില്‍ ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്‍ (എഫ്.എഫ്.സി)ന്റെ നേതൃത്വത്തിലുള്ള മറ്റൊരു കപ്പലായ കോണ്‍സൈന്‍സ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചിരുന്നു. ഗസയില്‍ തുടരുന്ന ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്‌ലോട്ടില്ല.
എന്നാല്‍ ഇപ്പോള്‍ തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട് രണ്ടാമതും യാത്ര തിരിച്ച ഫ്രീഡം ഫ്‌ലോട്ടില്ലയുടെ സംഘം ഇസ്രഈലിന്റെ കസ്റ്റഡിയിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഗസ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന ഇസ്രഈലിന്റെ മുന്നറിയിപ്പ് അവഗണിച്ച് 12 അംഗസംഘം മുന്നോട്ടുനീങ്ങിയപ്പോള്‍ ഒരുപക്ഷെ അപകടത്തിലേക്ക് തന്നെയാണ് തങ്ങള്‍ പോകുന്നതെന്ന് അവര്‍ക്കറിയാമായിരിക്കും.
നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ആ കുറച്ച് മനുഷ്യര്‍ ഇസ്രഈല്‍ സൈന്യത്തിന്റെ പിടിയിലായിട്ടും അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി തന്നെയാണ്. തങ്ങളുടെ കൈവശം ആയുധങ്ങളില്ലെന്നും തങ്ങള്‍ ഒരു രാജ്യത്തിനും ഭീഷണിയല്ലെന്നും അവര്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഇസ്രഈല്‍ പിന്നെ എന്തിനാണ് ഈ പേടിക്കുന്നത്? പേടിക്കുന്നുണ്ടെങ്കില്‍ തന്നെ ഗസയിലേക്കെത്തുന്ന സഹായത്തെയാണോ അതോ അത് എത്തിക്കുന്നവരെയാണോ നെതന്യാഹു ഭരണകൂടം ഭയക്കുന്നത്?
ഇത്തരത്തില്‍ മുട്ടുവിറയ്ക്കുന്ന ഇസ്രഈലിന് മുന്നിലേക്ക് ഒരു ഭയവും കൂടാതെ യാത്ര തിരിച്ച ആ 12 പേര്‍ ആരോക്കെയാണ്………
ആദ്യത്തെ വ്യക്തി, നേരത്തെ സൂചിപ്പിച്ച ഗ്രെറ്റ തെന്‍ബെര്‍ഗ് തന്നെയാണ്. സ്വീഡിഷ് പൗരയായ തെന്‍ബെര്‍ഗ് തന്റെ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്.
ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലേക്കും ദാവോസിലെ വേള്‍ഡ് എക്കണോമിക്ക് ഫോറത്തിലേക്കും കാലാവസ്ഥ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിക്കുന്നതിനായി തെന്‍ബെര്‍ഗ് ക്ഷണിക്കപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ‘കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂള്‍ പണിമുടക്ക്’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി കുത്തിയിരിപ്പ് സമരം നടത്തിയ തെന്‍ബെര്‍ഗ് 20000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നിലനില്‍പ്പിനായി ശബ്ദമുയര്‍ത്താന്‍ പ്രചോദനം നല്‍കി.
യുദ്ധത്തെ ഒരു മാധ്യമം എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്, അതേ ഗൗരവത്തോടെ കാലാവസ്ഥാ വ്യതിയാനത്തെയും പരിഗണിക്കേണ്ടതുണ്ടെന്ന് അവള്‍ ലോകത്തോട് പറഞ്ഞു. എട്ട് വയസില്‍ താന്‍ കാലാവസ്ഥാ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞെന്നും ഇനിയും നിങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ മക്കളും പേരക്കുട്ടികളും ‘നിങ്ങള്‍ എന്തുകൊണ്ട് സംസാരിച്ചില്ല’ എന്ന് ചോദിക്കുമെന്ന് തന്നേക്കാള്‍ മുതിര്‍ന്നവരെ തെന്‍ബെര്‍ഗ് ബോധ്യപ്പെടുത്തി. ലോകം ഇത്തരത്തില്‍ ഉറ്റുനോക്കിയ ഒരു വ്യക്തിയെ പേടിക്കണമെങ്കില്‍ ഇസ്രഈലിന് പേടിക്കാം.
ഫ്രഞ്ച് പൗരയും ഫലസ്തീന്‍ വംശജയുമായ റിമ ഹസനാണ് മാഡ്‌ലിന്‍ കപ്പലിലുള്ള രണ്ടാമത്തെയാള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം കൂടിയായ റിമ മാഡ് ലിന്‍ കപ്പലിലിരുന്നും നിരന്തരമായി ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുകയാണ്. തന്റെ ഒമ്പതാം വയസിലാണ് റിമ ഫ്രാന്‍സിലെത്തിയത്. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളുടെ സംരക്ഷണം ഉറപ്പുവരുത്തിനായി ‘റെഫ്യൂജി ക്യാമ്പ്‌സ് ഒബ്‌സര്‍വേറ്ററി’ എന്ന എന്‍.ജി.ഒ സ്ഥാപിച്ചുകൊണ്ടാണ് റിമ ഹസന്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമാക്കുന്നത്.
2023ല്‍ റിമ സ്ഥാപിച്ച ‘ആക്ഷന്‍ ഫലസ്തീന്‍ ഫ്രാന്‍സ്’ എന്ന കൂട്ടായ്മയും ലോകത്തോട് ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിച്ചു. ഇസ്രഈലിലെ ഭരണകര്‍ത്താക്കള്‍ തുടരുന്ന വര്‍ണബോധത്തെ റിമ ഹസന്‍ ഫ്രഞ്ച് പാര്‍ലമെന്റിനുള്ളില്‍ വരെ നിശിതമായി വിമര്‍ശിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിനും വേണ്ടി അവര്‍ വാദമുയര്‍ത്തി. ‘നദി മുതല്‍ കടല്‍ വരെ’ എന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം അവര്‍ ഫ്രാന്‍സിലാകെ ഉച്ചത്തില്‍ മുഴക്കി.
എന്നാല്‍ 2024ല്‍ പാര്‍ലമെന്റില്‍ എത്തിയ റിമയുടെ ഫ്രഞ്ച് പൗരത്വം റദ്ദാക്കണമെന്നാണ് ഫ്രാന്‍സിലെ തീവ്രവലതുപക്ഷം ആവശ്യപ്പെട്ടത്. ഇസ്രഈലില്‍ വിലക്ക് നേരിടുന്ന റിമക്കെതിരെ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബൊഹ്നു റെട്ടെയൂ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ റിമ ഹസനെയും ഇസ്രഈലിന് വേണമെങ്കില്‍ പേടിക്കാം.
ഫ്രാന്‍സ് പൗരന്മാരായ ബാപിറ്റ്സ്റ്റ് ആന്ദ്രേ, പാസ്‌കല്‍ മൗറിയേഴ്‌സ്, യാനിസ് മഹ്ംദി, റേവ വിയാര്‍ഡ്, ഒമര്‍ ഫയാദ്, ജര്‍മന്‍ പൗരയായ യാസെമിന്‍ അക്കാര്‍, നെതര്‍ലാന്‍ഡ്സ് പൗരനായ മാര്‍ക്കോ വാന്‍ റെന്നസ്, സ്‌പെയിന്‍ പൗരനായ സെര്‍ജിയോ ടോറിബിയോ, തുര്‍ക്കി പൗരനായ സുഐബ് ഒര്‍ദു, ബ്രസീല്‍ തിയാഗോ അവില ഇവരാണ് കപ്പലിലെ ബാക്കിയുള്ള 10 പേര്‍.
മാഡ്‌ലിനെ തടയുമെന്ന ഇസ്രഈലിന്റെ ആദ്യ മുന്നറിയിപ്പിന് പിന്നാലെയുള്ള ബാപിറ്റ്സ്റ്റ് ആന്ദ്രേയുടെ പ്രതികരണം ഒരുപക്ഷെ നമ്മള്‍ കേട്ട് കാണില്ല. ‘ഇസ്രഈലിന്റെ മുന്നറിയിപ്പില്‍ ഒരു അത്ഭുതവുമില്ല, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്, ഈ പോരാട്ടം വിജയിക്കാന്‍ അന്താരാഷ്ട്ര ലോകത്തിന്റെ പിന്തുണയാണ് ഞങ്ങള്‍ക്ക് ആവശ്യം. ഇനിയും മുന്നോട്ട്,’ എന്നായിരുന്നു ആന്ദ്രേ പ്രതികരിച്ചത്.
ഇവിടെ ഒരാളുടെ പേര് കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഒരുപക്ഷെ ലോകജനത അത്രയ്ക്ക് പ്രതീക്ഷിക്കാത്തതും എന്നാല്‍ പരിചിതമായതുമായ ഒരാള്‍. പേര് ലിയാം കണ്ണിങ്ഹാം. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോകത്തെ ത്രസിപ്പിച്ച ഐറിഷ് അഭിനേതാവ്. അഭിനയത്തിന് പുറമെ രാജ്യത്തെ ആരോഗ്യമേഖലയുടെ ക്ഷേമത്തിന് വേണ്ടി ശബ്ദിച്ച വ്യക്തി. മേല്‍പ്പറഞ്ഞ 12 പേരെയും ഏറ്റവും ശക്തമായി പിന്തുണക്കുന്ന മനുഷ്യന്‍.
മാഡ്‌ലിന്‍ യാത്ര തിരിക്കുന്നതിന് മുന്നോടിയായി സിസിലിയില്‍ എത്തിയ കണ്ണിങ്ഹാം ഈ 12 അംഗസംഘത്തെ ചേര്‍ത്തുപിടിക്കുകയുണ്ടായി. അവരുടെ പോരാട്ടത്തിന് പിന്തുണ തേടിക്കൊണ്ട് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.
2024ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഏകദേശം 30 മുതല്‍ 40 വര്‍ഷത്തോളമായി താന്‍ ഫലസ്തീന് വേണ്ടി സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ കലയെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യരോട് സംവദിക്കാന്‍ കഴിയുന്ന കണ്ണിങ്ഹാമിനെയും ഇസ്രഈലിന് പേടിക്കാം.
12 അംഗ സംഘത്തിലുള്ള ഏഴ് പേർ ഫ്രാന്‍സ് പൗരന്മാരാണ് എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
ഇപ്പോള്‍ ഇസ്രഈലിന്റെ കസ്റ്റഡിയിലായതിന് ശേഷം ഫ്രീഡം ഫ്‌ലോട്ടില്ലയുടെ ടീം പുറത്തുവിട്ട വീഡിയോകളില്‍, ഓരോ ആക്ടിവിസ്റ്റുകളും തങ്ങള്‍ ഇസ്രഈലിന്റെ തട്ടിക്കൊണ്ടുപോകലിന് വിധേയമായിരിക്കുകയാണെന്നാണ് പ്രതികരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ‘നിങ്ങള്‍ എന്തുകൊണ്ടാണ് കിഡ്‌നാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നത്?’ എന്ന് സോഷ്യല്‍ മീഡിയകളിലൂടെ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് സംഘം മറുപടി നല്‍കിയിട്ടില്ലെങ്കിലും കിഡ്‌നാപ്പ് എന്ന വാക്കിലൂടെ ഫ്രീഡം ഫ്‌ലോട്ടില്ല മുന്നോട്ടുവെക്കുന്നത് അവരുടെ മറ്റൊരു നിലപാട് കൂടിയാണ്. അതേ ഇസ്രഈല്‍ ചെയ്യുന്നതെല്ലാം നിയമവിരുദ്ധമാണ്, തെറ്റാണ്, അന്യായമാണ്.
Content Highlight: Who are the fighters in the Freedom Flotilla?