| Wednesday, 22nd April 2026, 11:58 am

വംശഹത്യ നടത്തുന്ന ഇസ്രഈലിനെ വെള്ളപൂശുന്നു; 70-ാമത് യൂറോവിഷൻ ബഹിഷ്‌കരിക്കാൻ ആഹ്വനം ചെയ്ത് ആയിരത്തിലധികം കലാകാരന്മാർ

മുഹമ്മദ് നബീല്‍

വിയന്ന: ഗസയിലും ലെബനനിലും ഇസ്രഈൽ നടത്തുന്ന വംശഹത്യയെ വെള്ളപൂശുന്നുവെന്ന് ചൂണ്ടിക്കാട്ടി 2026 ലെ യൂറോവിഷൻ സോങ് കോണ്ടസ്റ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ആയിരത്തിലധികം സംഗീതജ്ഞരും സാംസ്കാരിക പ്രവർത്തകരും.

ആരാധകർ, കലാകാരന്മാർ, സംപ്രേക്ഷകർ, അണിയറ പ്രവർത്തകർ എന്നിവരോട് ബഹിഷ്കരണത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ട് 1000 ത്തിലധികം പേർ ഒപ്പിട്ട തുറന്ന കത്താണ് ഇവർ പുറത്തുവിട്ടത്.

യൂറോപ്യൻ ബ്രോഡ്‌കാസ്റ്റിംങ് യൂണിയൻ വർഷം തോറും സംഘടിപ്പിക്കുന്ന ടെലിവിഷൻ സംഗീത മത്സരമാണ് യൂറോവിഷൻ. ഇതൊരു അന്താരാഷ്ട്ര വിനോദ പരിപാടിയായാണ് സ്വയം വിശേഷിപ്പിക്കാറുള്ളതെങ്കിലും യുദ്ധം, സ്വത്വം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി ഈ മത്സരം പലപ്പോഴും മാറാറുണ്ട്.

മെയ് മാസത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ 70-ാമത് യൂറോവിഷൻ സോങ് കോണ്ടസ്റ്റ് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഗസയിൽ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രഈലിനെ ഈ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതെന്ന് ‘നോ മ്യൂസിക് ഫോർ ജെനോസൈഡ്’ ക്യാമ്പയിൻ പുറത്തുവിട്ട കത്തിൽ പറയുന്നു.

‘സംഗീതജ്ഞർ, സാംസ്കാരിക പ്രവർത്തകർ എന്നീ നിലയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രഈലിന്റെ വംശഹത്യയെയും ഉപരോധത്തെയും ക്രൂരമായ സൈനിക അധിനിവേശത്തെയും വെള്ളപൂശാനും സാധാരണവത്കരിക്കാനും യൂറോവിഷൻ വേദിയെ ഉപയോഗിക്കുന്നത് ഞങ്ങൾ എതിർക്കുന്നു,’ കത്തിൽ പറഞ്ഞു.

പിങ്ക് ഫ്ലോയിഡ് സഹസ്ഥാപകൻ റോജർ വാട്ടേഴ്‌സ്, മുൻ യൂറോവിഷൻ ജേതാക്കളായ എമ്മെലി ഡി ഫോറസ്റ്റ്, ചാർലി മക്ഗെറ്റിഗൻ ബ്രയാൻ ഇനോ, മാസിവ് അറ്റാക്ക്, സിഗുർ റോസ്, ഐഡിൽസ്, മോഗ്വായ്, ഓഫ് മോൺസ്റ്റേഴ്‌സ് ആൻഡ് മെൻ എന്നിവർ അടക്കം നിരവധി പ്രമുഖരാണ്‌ പ്രതിഷേധ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ഇസ്രഈലിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിക്കുകയോ പിന്മാറുകയോ ചെയ്ത സ്പെയിൻ, അയർലൻഡ്, ഐസ്‌ലൻഡ്, സ്ലോവേനിയ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ സംപ്രേക്ഷകരെ ക്യാമ്പയിൻ അഭിനന്ദിച്ചു.

അതേസമയം ഇസ്രായേലിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയാൽ ജർമനി യൂറോവിഷനിൽ നിന്ന് പിന്മാറുമെന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് പറഞ്ഞു.

Content Highlight: Whitewashing Israel as a genocide; Over 1,000 artists call for boycott of 70th Eurovision

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more