തിരുവനന്തപുരം: നിയമസഭയില്‍ ധവള പത്രം അവതരിപ്പിച്ച് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഖജനാവിലുണ്ടായിരുന്നത് 5.07ലക്ഷം കോടി രൂപയാണെന്ന് ധവളപത്രം പറയുന്നു.
ശമ്പള, പെന്‍ഷന്‍, പലിശ്ശ കുടിശ്ശിക മാത്രം 48733 കോടിയാണെന്നാണ് ധവളപത്രം പറയുന്നത്.
ട്രഷറി പ്രതിസന്ധിയും രൂക്ഷമാണെന്നും ധവളപത്രത്തില്‍ പറയുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍മെട്രോ തുടങ്ങിയ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണെന്നും ധവളപത്രത്തില്‍ പറയുന്നു.
കിഫ്ബി വഴി മാത്രം 21000 കോടി രൂപയുടെ നഷ്ടമുണ്ടെന്നും മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റില്‍നിന്ന് സബ് സിഡിയായും ഗ്രാന്റായും നല്‍കേണ്ടി വരുന്നതായി ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ല്‍ 78,851 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താന്‍ രൂപീകരിച്ച കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാല്‍ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂര്‍ണമായും സര്‍ക്കാരിന്റെ മേലാകുമെന്നും ധവളപത്രത്തില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളില്‍ ഉത്പ്പാദന അധിഷ്ഠിത സബ് സിഡിക്ക് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കണമെന്നാണ് ധവളപത്രത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
കിഫ്ബിയുടെ വായ്പകള്‍ ഇനി അനുവദിക്കരുതെന്നും വരും വര്‍ഷങ്ങളില്‍ കിഫ്ബിയെ പൂര്‍ണമായും ബജറ്റ് നിയന്ത്രണത്തിലാക്കണമെന്നും ശുപാര്‍ശയുണ്ട്. ബിവറേജസ് കോര്‍പറേഷനും സപ്ലൈകോയും ഒന്നിപ്പിച്ചു ഒറ്റ കോര്‍പറേഷനാക്കിയാല്‍ നികുതി ബാധ്യത കുറയ്ക്കാനാകുമെന്നും ധവളപത്രത്തില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതും 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതും സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും ധവളപത്രത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ധവള പത്രത്തിനെതിരെ പ്രതിപക്ഷം വിയോജനകുറിപ്പ് സമര്‍പ്പിച്ചിരുന്നു. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പുറത്ത് നിന്നുള്ളവരെ ധവളപത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല എന്നാണ് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും ഐ.ജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിങ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും ധന വകുപ്പാണ് ധവളപത്രം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥതയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ അറിയണം. സാധാരണക്കാരായ ആളുകള്‍ അറിയണം. പബ്ലിക് ഡൊമെയ്നിലുള്ള എല്ലാ ഡോക്യുമെന്റുകളും വിശകലനം ചെയ്തിരിക്കുകയാണ്. വിദഗ്ധരുടെ മൂന്ന് പേരുടെ സഹായം തേടി. ധനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പുള്ള ധവളപത്രങ്ങളെല്ലാം പൊളിക്കല്‍ ഡോക്യൂമെന്റാണെന്നും ഇത് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടേത് വിചിത്രമായ മറുപടിയാണെന്നും ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം.
ഇതാണ് പൊളിറ്റിക്കല്‍ ഡോക്യൂമെന്റെന്നും ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യവകുപ്പ് ആയിരിക്കണം. വ്യതിയാനം ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: White paper says KSRTC and Water Metro are a financial burden on the government; Opposition submits dissent note