| Wednesday, 10th June 2026, 9:24 pm

ഖജനാവില്‍ 6000 കോടിയെന്നത് ജനങ്ങളോട് പറയേണ്ട വിവരം; എന്നാല്‍ സര്‍ക്കാരിന്റെ മുഴുവന്‍ ഇടപാടുകളും സ്വകാര്യ സംഘത്തിന് കൈമാറിയതാണ് തെറ്റെന്ന് കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ സാമ്പത്തിക വിവരങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ധവള പത്രമിറക്കാന്‍ രഹസ്യ വിവരങ്ങള്‍ എ.ഐ പ്ലാറ്റ്‌ഫോമിന് കൈമാറിയെന്ന മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ബാലഗോപാലിന്റെ പ്രതികരണം.

സംസ്ഥാനത്തെ ഖജനാവില്‍ 6000 കോടി രൂപ ബാക്കിയുണ്ടെന്ന് ബാലഗോപാല്‍ പ്രഖ്യാപിച്ചത് രഹസ്യ വിവരങ്ങള്‍ പുറത്തുവിടുന്ന നടപടിയല്ലേ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനും ബാലഗോപാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മറുപടി നല്‍കുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളും അന്തിമ കണക്കും കാഷ് ബാലന്‍സും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ടെന്നും അവ രഹസ്യ വിവരങ്ങള്‍ അല്ലെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണ് അവയെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞപ്പോള്‍ ഖജനാവില്‍ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുന്‍ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലന്‍സും ധനകാര്യ മന്ത്രിമാര്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ,’ ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്ന വിവരങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയതെന്ന് ബാലഗോപാല്‍ ആരോപിച്ചു. ഇതൊരു തെറ്റായ നടപടിയാണെന്നും രാജ്യത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തെറ്റാണ് തങ്ങള്‍ ചൂണ്ടിക്കാണിച്ചതെന്നും മുന്‍ ധനമന്ത്രി വ്യക്തമാക്കി.

‘എന്നാല്‍ ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ മുഴുവന്‍ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോര്‍ട്ടുകളും ദൈനംദിന വരവും ചെലവും, ഭാവി വരവ്- ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണിത്,’ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ വിഷയത്തില്‍ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളതെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ഈ സമീപനം മുഖ്യമന്ത്രി തിരുത്തണമെന്നും മുന്‍ ധനമന്ത്രി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞപ്പോള്‍ ഖജനാവില്‍ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുന്‍ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലന്‍സും ധനകാര്യ മന്ത്രിമാര്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ.

എന്നാല്‍ ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ മുഴുവന്‍ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോര്‍ട്ടുകളും ദൈനംദിന വരവും ചെലവും, ഭാവി വരവ്- ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണിത്.

ഈ തെറ്റാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണം.

Content Highlight: White Paper AI Controversy: KN Balagopal on Providing  Financial Data to Private parties

We use cookies to give you the best possible experience. Learn more