വാഷിങ്ടണ്‍: ടിക് ടോക് വില്‍പ്പനയ്ക്കുള്ള സമയ പരിധി നീട്ടുമെന്ന് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ്. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് എന്ന കമ്പനിക്ക് ടിക് ടോക്കിന്റെ യു.എസ് ആസ്തികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധിയാണ് നീട്ടുന്നത്.
ടിക് ടോക് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് ജൂണ്‍ 19നാകും ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെക്കുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലില്‍ ലിവീറ്റ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ടിക് ടോകിന് മേല്‍ അമേരിക്കയില്‍ നിര്‍ബന്ധിത നിരോധനം നടപ്പിലാക്കി യു.എസ് ആസ്തികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ രണ്ട് തവണയോളം ട്രംപ് ഇളവ് നല്‍കിയിരുന്നു. നിലവില്‍ സെപ്തംബര്‍ പകുതി വരെ ടിക് ടോക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇളവുകള്‍ ലഭിക്കുമെന്നാണ് വിവരം.
ടിക് ടോക് ഉപയോഗം ഇരുട്ടിലാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും ടിക് ടോക്കിന്റെ യു.എസ് ആസ്തികള്‍ ചൈനീസ് കമ്പനിക്ക് വില്‍ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ മൂന്ന് മാസത്തോളം സമയം ആവശ്യമാണെന്നാണ് പറയുന്നതെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.
അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ ഡാറ്റ സുരക്ഷിതമാണെന്ന വിശ്വാസത്തോടെ സെപ്തംബര്‍ വരെ ടിക് ടോക് ഉപയോഗിക്കുന്നത് തുടരാമെന്നും സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ആപ്പ് സഹായിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് സമയപരിധി നീട്ടുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
സമയപരിധി നീട്ടുന്നതിന് ചൈനയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും തങ്ങള്‍ക്ക് അത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഷി ജിന്‍പിന്ന് അതിനെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് വിജ്ഞാപനം വരുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു.
ബൈറ്റ്ഡാന്‍സ് ആപ്പിന്റെ യു.എസ് ആസ്തികള്‍ വിറ്റഴിക്കുന്നത് പൂര്‍ത്തിയാക്കുകയോ വില്‍പ്പനയില്‍ കാര്യമായ പുരോഗതി കാണിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ജനുവരി 19നകം ടിക് ടോക്ക് പ്രവര്‍ത്തനം നിര്‍ത്തണമെന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ട്രംപ് നിയമം സംബന്ധിച്ച തീരുമാനം സ്വീകരിക്കുന്നതില്‍ സമയപരിധി നീട്ടുകയായിരുന്നു.
ടിക് ടോക്കിന്റെ ചൈനീസ് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനായി ചൈനയ്ക്ക് മേലുള്ള താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്നും നേരത്തെ ടംപ് പറഞ്ഞിരുന്നു. ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവ കുറയ്ക്കാമെന്നാണ് ട്രംപിന്റെ പുതിയ വാഗ്ദാനം. വ്യാപാര ബന്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ചൈന ട്രംപിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ ഏപ്രിലില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാന്‍സുമായി ബില്ലില്‍ ഒപ്പുവെച്ചിരുന്നു. ജനുവരി 19 നകം അതില്‍ നിന്ന് പിന്മാറുകയോ യു.എസിന്റെ നിരോധനം നേരിടുകയോ ചെയ്യണമെന്നായിരുന്നു ബില്ല്. 170 മില്യണ്‍ ഉപേഭാക്താക്കളാണ് ടിക് ടോക്കിന് അമേരിക്കയിലുള്ളത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ടിക് ടോക്കിന് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Content Highlight: White House plans to extend TikTok sale deadline for third time